കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് മുന്നാടിലെ 2018-19 വര്‍ഷത്തെ കോളെജ് മാഗസിന്‍ വിവാദത്തില്‍. ‘ഉറ മറച്ചത്’ എന്ന പേരില്‍ ലൈംഗികതയെയും സദാചാരത്തെയും കുറിച്ചുള്ള കാഴ്ചപാടുകളെ മറയില്ലാതെ തുറന്നെഴുതുക എന്ന തീമില്‍ പുറത്തിറക്കിയ മാഗസിനാണ് വിവാദത്തിലായിരിക്കുന്നത്.
‘മറയില്ലാത്ത ചില തുറന്നെഴുത്തുകള്‍’ എന്നതാണ് മാഗസിന്‍ കവര്‍ചിത്രത്തില്‍ നല്‍കിയിട്ടുള്ള ക്യാപ്ഷന്‍. എന്നാല്‍ മാഗസിന്‍ പ്രകാശനം കഴിഞ്ഞതു മുതല്‍ മാഗസിനുള്ളിലെ എഴുത്തുകള്‍ സ്ത്രീവിരുദ്ധമാണെന്നും മോശമാണെന്നുമുള്ള പ്രചാരണങ്ങളുമായി കോളെജിലെ ചിലര്‍ രംഗത്തെത്തുകയായിരുന്നു.
ഇതിന് പിന്നില്‍ കോളെജിലെ തന്നെ വിദ്യാര്‍ത്ഥി സംഘടനകളായ എ.ബി.വി.പിയും, കെ.എസ്.യുവുമാണെന്നാണ് കോളെജ് യൂണിയന്‍ ആരോപിക്കുന്നത്. അതേസമയം മാഗസിനെ അനുകൂലിച്ചുകൊണ്ടും വിദ്യാര്‍ത്ഥി പക്ഷത്തു നിന്നുള്ള മാഗസിന്‍ ആണിതെന്നും വ്യക്തമാക്കി കൊണ്ട് കോളെജിനകത്തെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ രംഗത്തെത്തിയിട്ടുണ്ടെന്നും യൂണിയന്‍ വ്യക്തമാക്കി.
‘ആര്‍ത്തവം പെയ്യുന്നു’ എന്ന തരത്തില്‍ പെരുമാള്‍ മുരുകന്റെ അര്‍ധനാരീശ്വരന്‍ എന്ന കഥയിലെ ചിത്രം മാഗസിനില്‍ കൊടുത്തതും മാഗസിനിന്റെ കവര്‍ചിത്രവുമാണ് അശ്ലീലമാണെന്ന തരത്തില്‍ പ്രചരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചയായിരുന്നെന്നും യൂണിയന്‍ വ്യക്തമാക്കി.
ആര്‍ത്തവം, ലൈംഗികത, ലിംഗനീതി, ശബരിമലയിലെ സ്ത്രീപ്രവേശം തുടങ്ങി നിരവധി വിഷയങ്ങള്‍ മാഗസിനില്‍ ചര്‍ച്ചയായി വരുന്നുണ്ട്. ഈ വിഷയങ്ങള്‍ മറച്ചു വെക്കപ്പെടേണ്ടതല്ലെന്നും തുറന്നെഴുതേണ്ടതാണ് എന്ന ബോധത്തില്‍ നിന്നുമാണ് ഈ തീം 2018-19 കോളെജ് മാഗസിന്റെ വിഷയമായി തെരഞ്ഞെടുത്തതെന്നും കോളെജ് മാഗസിന്‍ സ്റ്റുഡന്റ് എഡിറ്റര്‍ ആകാശ് പള്ളം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘മാഗസിനെ സംബന്ധിച്ച് കുട്ടികളുടെ ഭാഗത്തു നിന്ന് യാതൊരു എതിര്‍പ്പുമില്ല. കുട്ടികളിലേക്ക് വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. കോളെജിലെ വിദ്യാര്‍ത്ഥി സംഘടനകളായ എ.ബി.വി.പിയും കെ.എസ്.യുവുമൊക്കെയാണ് മാഗസിനെതിരെ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നത്. ക്യാംപസിനകത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അവരിവിടെ ചെയ്യുന്നത്. എസ്.എഫ്.ഐയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയാണ് മാഗസിനില്‍ എന്നാണ് ഇവര്‍ പറയുന്ന ഒരു വാദം. എന്നാല്‍ അവര്‍ക്കും തുറന്നു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. ഒരു കോളെജ് മാഗസിന്‍ എന്നു പറയുന്നത് യൂണിയന്റെ ഭാഗമായി വരുന്നതാണ്. അതിന് ശ്രമിക്കാതെ അതിനെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.
മാഗസിന്റെ കവര്‍ചിത്രം മോശമാണെന്നും മറ്റും അവര്‍ പറയുന്നു. മാഗസിന്‍ ഒന്നു മറച്ചു പോലും നോക്കാതെയാണ് ഇത്തരം പ്രചരണങ്ങള്‍. മാഗസിന്‍ കൃത്യമായി വായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കിത് ഉന്നയിക്കാന്‍ സാധിക്കില്ല,’ ആകാശ് പറഞ്ഞു.
മാഗസിനില്‍ നല്‍കിയ ചിത്രങ്ങള്‍ മോശമാണെന്നാണെന്നും അശ്ലീലമാണെന്നും പറയുന്നവര്‍ ഇത് സ്ത്രീവിരുദ്ധമാണെന്നും പറയുന്നു. പക്ഷെ മാഗസിനില്‍ എഴുതിയവ 70 ശതമാനത്തിലധികവും പെണ്‍കുട്ടികളാണെന്നിരിക്കെ മാഗസിന്‍ എങ്ങനെ സ്ത്രീവിരുദ്ധമാവും എന്നാണ് ആകാശ് ചോദിക്കുന്നത്.
‘ഈ ചിത്രങ്ങളൊക്കെ അശ്ലീലമായി ചിത്രീകരിച്ചുവെന്നും അതുകൊണ്ടുതന്നെ മാഗസിന്‍ സ്ത്രീവിരുദ്ധവുമാണെന്നാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
അതേ സമയം മാഗസിനില്‍ വന്നിട്ടുള്ള എഴുത്തുകല്‍ 70 ശതമാനവും പെണ്‍കുട്ടികളുടെതാണ്. അതുകൊണ്ടു തന്നെ സ്ത്രീവിരുദ്ധം എന്ന് അവര്‍ അവകാശപ്പെടുന്നത് വെറും പൊള്ളയായ കാര്യമാണ്. അതില്‍ പറയുന്നത് ആര്‍ത്തവം അശുദ്ധിയല്ല, സ്ത്രീ സമത്വം, ലിംഗനീതി തുടങ്ങിയവയൊക്കെയാണ്. മാത്രമല്ല, ലൈംഗികതയെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. അപ്പോള്‍ അതെങ്ങനെ സ്ത്രീവിരുദ്ധമാവും എന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്.
അധ്യാപകരുടെ ഭാഗത്തു നിന്നയാലും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നായാലും കൃത്യമായ പിന്തുണയുണ്ട്. ഇത് നല്ലതാണെന്നും മാഗസിനില്‍ പറയേണ്ടതു തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നു,’ ആകാശ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാഗസിനെ സംബന്ധിച്ച് വിവാദങ്ങളുണ്ടായപ്പോള്‍ ക്യാംപസിനകത്ത് ഒരു തുറന്ന ചര്‍ച്ച സംഘടിപ്പിച്ചിരുന്നുന്നെന്നും എന്നാല്‍ അപവാദ പ്രചരണങ്ങള്‍ ഉണ്ടാക്കിയവരാരും അതില്‍ പങ്കെടുത്തില്ലെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസം മുമ്പ് ക്യാംപസിനകത്ത് മാഗസിനുമായി ബന്ധപ്പെട്ട് ഒരു തുറന്ന ചര്‍ച്ച സംഘടിപ്പിച്ചു. പ്രതിഷേധിക്കുന്നവര്‍ക്കും പ്രതികരിക്കുന്നവര്‍ക്കുമായി ഒരു തുറന്ന ചര്‍ച്ച. അതായത് ഫേസ്ബുക്കിനകത്തും പുറത്തുമായി മാഗസിനെ സംബന്ധിച്ച് നേരിട്ട് ക്യാംപസിനകത്ത് സംസാരിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചയായിരുന്നു അത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പറഞ്ഞവരാരും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വന്നില്ല. അതേസമയം അധ്യാപകര്‍ അതിനകത്ത് വന്ന് കൃത്യമായ ഒരു നിലപാട് പറഞ്ഞു,’ ആകാശ് വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മാഗസിന്‍ പിന്‍വലിക്കണമെന്ന് പറഞ്ഞ് എ.ബി.വി.പിക്കാര്‍ പ്രിന്‍സിപാളിന് ഒരു കത്ത് നല്‍കിയിട്ടുണ്ട്. ഗവര്‍ണറടക്കമുള്ളവര്‍ക്ക് കെഎസ്.യു ക്കാരും എ.ബി.വി.പിക്കാരും പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നതെന്നും ആകാശ് പറഞ്ഞു.
പൊതു സമൂഹത്തില്‍ സ്ത്രീകളനുഭവിക്കുന്ന വിഷയങ്ങളെക്കുറിച്ച് സ്ത്രീകള്‍ തന്നെ വിശദീകരിച്ച, എഴുതിയ ലേഖനങ്ങളുള്ള മാഗസിനാണിത്. എന്നാല്‍ ഇത്തരം വിഷയങ്ങളൊന്നും കോളെജിനകത്ത് ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതാണെന്ന് ആരോപിക്കുകയാണ് മാഗസിനെതിരെ പറയുന്നവരെന്ന് കോളെജ് യൂണിയന്‍ ചെയര്‍മാന്‍ ആഷിക് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘കെ.എസ്.യു ആയാലും എ.ബി.വി.പി ആയാലും രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്ക് ശ്രമിക്കുകയാണെന്ന് തന്നെയാണ് ഈ വിഷയത്തില്‍ മാഗസിന്‍ കമ്മിറ്റി അംഗമെന്ന നിലയ്ക്കും കോളെജ് യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയ്ക്കും എനിക്ക് പറയാനുള്ളത്. 2018-19 വര്‍ഷക്കാലത്തെ മാഗസിനാണിത്. ആ ഒരു കാലഘട്ടത്തില്‍ കേരളത്തിനകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ലിംഗസമത്വം ആര്‍ത്തവം ലൈംഗികത തുടങ്ങിയവയെ പ്രധാന മേഖലയായി ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്നു.
എന്നാല്‍ ഇതിനെ വിവാദമായി ചിത്രീകരിക്കുന്നവര്‍ പറയുന്നത് ഇത് ലൈംഗികതയാണ്, കോളെജിനകത്തൊന്നും ഇത് ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നൊക്കെയാണ്. ലൈംഗികത പൊതു സമൂഹത്തില്‍ തുറന്നു ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്ന ബോധത്തിനകത്ത് തന്നെയാണ് ഇത്തരമൊരു തീം തെരഞ്ഞെടുക്കുന്നത്. 2018ലെ ലിംഗസമത്വം എന്ന വിഷയം അതു പോലെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വിഷയങ്ങളില്‍ കോളെജിലെ വിദ്യാര്‍ത്ഥികളുടെ പ്രതികരണം തുടങ്ങിയവയാണ് ആ മാഗസിനില്‍ ഉള്ളത്.
മാഗസിന്റെ കവര്‍ചിത്രം നോക്കിയിട്ടുള്ള വിമര്‍ശനം മാത്രമാണ് നടത്തുന്നത്. അല്ലാതെ അത് വായിച്ച് അതിലെ ഈ ലേഖനമാണ് വിഷയം അല്ലെങ്കില്‍ ഈ കവിതയാണ് വിഷയം എന്നതിനെ സംബന്ധിച്ച് പരാമര്‍ശങ്ങളോ വിമര്‍ശനങ്ങളോ ഉണ്ടാവുന്നില്ല,’ ആഷിക്ക് പറഞ്ഞു.
കോളെജിലെ മൂന്നാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥിനിയുടെ ‘ലെസ്സാപ്പിയന്‍സ്’ എന്ന എഴുത്തില്‍ വിഖ്യാത എഴുത്തുകാരുടെ ലൈംഗികയുടെ ചിത്രങ്ങളെ വരച്ചു കാട്ടുന്നു. അതില്‍ വിഖ്യാത എഴുത്തു കാരായ മാര്‍ക്വേസും സിഗ്മണ്ട് ഫ്രോയിഡും സാഫോയും ഉള്‍പ്പെടുന്നുണ്ട്. സാഫോയുടെ സ്വവര്‍ഗാനുരാഗ ചിന്തകളെയും അനുഭവങ്ങളെയും വ്യക്തമായി ഉള്‍കൊള്ളിക്കുന്നുമുണ്ട് എഴുത്തില്‍. മതഗ്രന്ഥമായ ഖുറാനിലെയും മനുസ്മൃതിയിലെയും മറ്റും സ്വവര്‍ഗാനുരാഗ ആശയങ്ങളെയും വ്യക്തമാക്കി ചിത്രീകരിക്കുന്നുണ്ട് ലേഖനത്തില്‍.
മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ രേഷ്മയുടെ ‘അങ്ങനൊരു ആര്‍ത്തവകാലത്ത്’ എന്ന കഥ, ഒന്നാം വര്‍ഷ ബി.എസ്.സി ജിയോളജി വിദ്യാര്‍ത്ഥിയായ സ്വാതിയുടെ ‘ സാഹിത്യത്തിലെ ശ്ലീല തുറന്നെഴുത്തുകള്‍’ തുടങ്ങി ധാരാളം തുറന്നെഴുത്തുകള്‍ മാഗസിനില്‍ കാണാം. എന്നാല്‍ ഇത്തരം എഴുത്തുകള്‍ സ്ത്രീകളെ അശ്ലീലമാക്കി ചിത്രീകരിക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്നാണ് കെ.എസ്.യു കാസര്‍കോട് സെക്രട്ടറി മാര്‍ട്ടിന്‍ എബ്രഹാം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഉദുമ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും കണ്ണൂര്‍ യൂണിവേഴ്സിറ്റി വിസിയെയും ഗവര്‍ണറെയും സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.