മഹാപ്രളയം കേരളത്തെയാകെ തകര്‍ത്തിട്ട് നൂറ് ദിവസം പിന്നിട്ടിരിക്കുന്നു. നൂറ്റാണ്ടിലെത്തന്നെ ഏറ്റവും വലിയ പ്രളയത്തിന് കേരളത്തെ പൂര്‍ണമായി തകര്‍ത്തെറിയാന്‍ സാധിച്ചെങ്കിലും കഴിഞ്ഞ നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വലിയ കര്‍മ്മപദ്ധതികളാണ് മുന്‍പോട്ട് വെച്ചിട്ടുള്ളത്.
പ്രളയത്തെത്തുടര്‍ന്നുണ്ടായ പുനര്‍നിര്‍മാണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും വാര്‍ഷികപദ്ധതിയുടെ ഭാഗമാക്കാന്‍ ജില്ലാ ആസൂത്രണസമിതി തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരുന്നു.
ഇതിനായി കഴിഞ്ഞ സെപ്തംബര്‍ 23 ന് തദ്ദേശവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. അതിനനുസൃതമായി വാര്‍ഷികപദ്ധതികളില്‍ ഭേദഗതി വരുത്തണം. 2018-19 വാര്‍ഷികപദ്ധതി ഭേദഗതിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആസ്തികളില്‍ പ്രളയക്കെടുതി കാരണം അറ്റകുറ്റപ്പണിയോ പുനര്‍നിര്‍മാണമോ വാങ്ങലോ ആവശ്യമായ എല്ലാ ആസ്തികളുടെയും വിവരങ്ങള്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍, വികസന സ്ഥിരംസമിതി അധ്യക്ഷര്‍, ബന്ധപ്പെട്ട എന്‍ജിനീയര്‍, സെക്രട്ടറി എന്നിവര്‍ സംയുക്ത പരിശോധന നടത്തണം. അതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജില്ലാ ആസൂത്രണസമിതിയില്‍ സമര്‍പ്പിക്കാനും ആസൂത്രണസമിതി നിര്‍ദേശിച്ചിരുന്നു.
മഹാപ്രളയം കഴിഞ്ഞ് നൂറ് ദിവസമാകുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ ജില്ലാഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഏറ്റവുമധികം ഉരുള്‍പൊട്ടിയ സ്ഥലങ്ങളെ ഒഴിവാക്കിക്കൊണ്ടാണ്. ഇത് വലിയ പ്രതിഷേധങ്ങള്‍ കാരണമായിട്ടുണ്ട്. റവന്യൂ വകുപ്പിന് ജില്ലാ ഭരണകൂടം നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് 25 ഓളം ഉരുള്‍പൊട്ടലുണ്ടായ കുമാരനെല്ലൂര്‍ വില്ലേജിനെ ഒഴിവാക്കിയത്.
കുമാരനെല്ലൂര്‍ വില്ലേജില്‍ തോട്ടക്കാട്,സണ്ണിപ്പടി,പാറത്തോട് തുടങ്ങിയ സ്ഥലങ്ങളിലായി 25 ഓളം ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. ലക്ഷകണക്കിന് രൂപയുടെ കൃഷിനാശവും പ്രളയത്തിലുണ്ടായി
എന്നാല്‍, ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളെ കുറിച്ച് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മുന്‍ കളക്ടര്‍ യു.വി ജോസ് നല്‍കിയ റിപ്പോര്‍ട്ടില്‍ കുമാരനെല്ലൂര്‍ വില്ലേജ് ഉള്‍പ്പെട്ടില്ല. കോഴിക്കോട് താലൂക്കില്‍ കൊടിയത്തൂര്‍ വില്ലേജില്‍ മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുമാരനെല്ലൂര്‍ വില്ലേജിലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടില്‍ കുമാരനെല്ലൂര്‍ വില്ലേജില്ല. ഏഴ് ക്വാറികളാണ് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്. ക്വാറികളെ സംരക്ഷിക്കാന്‍ ഉരുള്‍പൊട്ടല്‍ മറച്ച്‌വച്ചുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സംഭവവുമായി ബന്ധപ്പെട്ട് കുമാരനല്ലൂര്‍ പഞ്ചായത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം മീറ്റിംഗ് ചേര്‍ന്നിരുന്നു. ഇന്നലെയാണ് സംഭവം പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെട്ടത് എന്നായിരുന്നു മറുപടി. പ്രസിഡന്റിന്റെ അശ്രദ്ധക്കുറവ് കൊണ്ടാണെന്നും ക്വാറികള്‍ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു വിട്ടുവീഴ്ച ചെയ്തത് എന്നും ആരോപിച്ച് പ്രതിപക്ഷം യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.
അതേസമയം, ജില്ലാഭരണകൂടത്തിന്റെ റിപ്പോര്‍ട്ടിനെ തള്ളുന്നതാണ് വനംവകുപ്പ് തയ്യാറാക്കിയ പട്ടിക. ക്വാറിയോട് ചേര്‍ന്ന് വനംവകുപ്പിന് ഭൂമിയുണ്ട്. ഈ പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്ന് വനംവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡി.എഫ്.ഒയെ സ്ഥലംമാറ്റാന്‍ ക്വാറി മാഫിയ നീക്കംനടത്തുന്നുവെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.
പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.