2015 ജനുവരിയില്‍ രൂപീകരിച്ച അല്‍ഖായിദ അനുഭാവമുള്ള ബേസ് മൂവ്‌മെന്റ് എന്ന സംഘടന ഉണ്ടാക്കിയവരാണ് പിടിയിലായിരിക്കുന്
മലപ്പുറം: കഴിഞ്ഞദിവസം ചെന്നൈയില്‍നിന്നും മധുരയില്‍നിന്നും പിടിയിലായവര്‍ കൊല്ലം, മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെന്ന് എന്‍.ഐ.എ.
2015 ജനുവരിയില്‍ രൂപീകരിച്ച അല്‍ഖായിദ അനുഭാവമുള്ള ബേസ് മൂവ്‌മെന്റ് എന്ന സംഘടന ഉണ്ടാക്കിയവരാണ് പിടിയിലായിരിക്കുന്നത്. മധുരയില്‍ തിങ്കളാഴ്ച അറസ്റ്റിലായ അബ്ബാസ് അലിയും ചെന്നൈയില്‍നിന്നു പിടിയിലായ ദാവൂദ് സുലൈമാനുമാണ് മുഖ്യസൂത്രധാരന്‍മാരെന്നും എന്‍.ഐ.എ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് എന്‍.ഐ.എ ഇക്കാര്യം അറിയിച്ചത്.
ദാവൂദും നേരത്തെ പിടിയിലായ സംസം കരീമും ചേര്‍ന്നാണ് ബോംബ് സ്ഥാപിച്ചത്. അബാസും ഷംസുദീനും ചേര്‍ന്നാണ് ബോംബ് ഉണ്ടാക്കിയത്. ഉപേക്ഷിച്ച പെന്‍ഡ്രൈവിലെ സന്ദേശങ്ങള്‍ തയാറാക്കിയത് ദാവൂദാണ്. കലക്ടറേറ്റ് പരിസരത്തെ പോസ്റ്ററ്റുകള്‍ അച്ചടിച്ചത് കരീമിന്റെ പ്രസ്സിലാണെന്നും എന്‍.ഐ.എ അറിയിച്ചു. കേസില്‍ അഞ്ചു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് ബംഗളൂരുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണഉദ്യോഗസ്ഥര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
പ്രാദേശിക ഗുണ്ടാനേതാവ് കൂടിയായ ഷംസൂദ്ദീന്റെ പേരില്‍ ലോക്കല്‍ പൊലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുണ്ടാപിരിവിലൂടെ ഷംസുദ്ദീന്‍ നേടിയ പണവും ആരാധനാലയങ്ങളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ അബ്ബാസ് സ്വരൂപിച്ച പണവും ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങളെന്ന് എന്‍.ഐ.എ വ്യക്തമാക്കി.