| Sunday, 24th February 2019, 9:59 am

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം: കൊച്ചിയില്‍ ഇന്നും പുകശല്യം രൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇന്നും പുകശല്യം രൂക്ഷം. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം എന്നിവിടങ്ങളിലാണ് പുക വ്യാപിച്ചിരിക്കുന്നത്. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ബ്രഹ്മപുരം പ്ലാന്റിലെത്തി പരിശോധന നടത്തി.

അതേസമയം, മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായി. പുക ഉയരുന്നത് 25 ശതമാനം കുറഞ്ഞെന്ന് കലക്ടര്‍ അറിയിച്ചു. പുക ശ്വസിക്കുന്നത് ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാന്‍ ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വെള്ളിയാഴ്ച വൈകുന്നേരത്തോടെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് ഇന്നലെ രാവിലെ മുതല്‍ കൊച്ചി നഗരത്തില്‍ പുക പടര്‍ന്നത്. വെള്ളിയാഴ്ച വൈകിട്ടുണ്ടായ തീ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ വീണ്ടും പ്ലാസ്റ്റിക് മാലിന്യം ആളിക്കത്തുകയായിരുന്നു. രണ്ട് മാസത്തിനിടെ നാലാം തവണയാണ് പ്ലാന്റിന് തീ പിടിക്കുന്നത്.

മാലിന്യ പ്ലാന്റില്‍ നിന്ന് പുകശല്യം രൂക്ഷമായതോടെ അര്‍ധരാത്രി നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പുക മൂലം പ്രായമായവരും കുഞ്ഞുങ്ങളുമടക്കം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ നാട്ടുകാര്‍ അര്‍ധരാത്രി തൃപ്പൂണ്ണിത്തുറ-ഇരുമ്പനം റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു.


കണയന്നൂര്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി കലക്ടര്‍ നേരിട്ടെത്തി പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കുമെന്നും ഉറപ്പ് നല്‍കുകയായിരുന്നു. ഉപരോധം അവസാനിപ്പിച്ചെങ്കിലും പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുന്നത് വരെ സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. തുടര്‍ന്നാണ് കലക്ടര്‍ പ്ലാന്റ് സന്ദര്‍ശിക്കാനെത്തിയത്.

ALSO WATCH THIS VIDEO 

We use cookies to give you the best possible experience. Learn more