| Sunday, 14th April 2019, 9:36 am

സുരേഷ് ഗോപിയുടെ വിശദീകരണം; എന്തു നടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്ന് ടി.വി. അനുപമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ എന്തു ടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്ന് കളക്ടര്‍ ടി.വി. അനുപമ. ഇക്കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും അനുപമ പറഞ്ഞു.

അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നും  ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നുമുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശം ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയായ കളക്ടര്‍ ചട്ട ലംഘനനോട്ടീസ് നല്‍കിയത്.

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടില്ലെന്നും ആണ് സുരേഷ് ഗോപി നല്‍കിയ വിശദീകരണം. താന്‍ പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കളക്ടര്‍ക്കു നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ അയ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജ്യേഷ്ഠന്‍ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നുമായിരുന്നു തുടര്‍ന്ന് ബി.ജെ.പി ക്യാമ്പില്‍ നിന്ന് വന്ന വിശദീകരണം.

എന്നാല്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടതായും സുരേഷ് ഗോപിയുടെ വിശദീകരണം പരിശോധിച്ച് കലക്ടര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തേ വ്യക്തമാക്കിയിരുന്നു..

അതേസമയം വിശദീകരണം തേടിയ കളക്ടര്‍ ടി.വി അനുപമയ്ക്ക് നേരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നടന്നിരുന്നു. അനുപമ ക്രിസ്ത്യാനിയാണെന്നും അത് കൊണ്ടാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കുന്നതെന്നുമാണ് പ്രചരണം.

അനുപമയുടെ ഭര്‍ത്താവ് ക്ലിന്‍സണ്‍ ജോസഫിന്റെ പേര് കൂടി ചേര്‍ത്ത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സംഘ പരിവാറിന്റെ പ്രചരണം. അനുപമയുടെ ഫേസ്ബുക്ക് പേജിലും സംഘപരിവാര്‍ തെറി വിളിയുമായി എത്തിയിരുന്നു.

അനുപമ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് വനിതാ മതിലില്‍ പങ്കെടുത്തതെന്നും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ തെറിവിളിയും സ്വാമി ശരണം എന്ന കമന്റുകളും പോസ്റ്റ് ചെയ്തായിരുന്നു ആക്രമണം.

We use cookies to give you the best possible experience. Learn more