| Sunday, 20th October 2019, 10:58 pm

പെരുമാറ്റചട്ട ലംഘനം; കെ.സുരേന്ദ്രനെതിരെ അടിയന്തര നടപടിക്ക് നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലിസ് മേധാവിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ പി.ബി നൂഹ് നിര്‍ദേശം നല്‍കി. പരാതിക്ക് അടിസ്ഥാനമായ വീഡിയോ പെരുമാറ്റ ചട്ടലംഘനമാണെന്നും മതചിഹ്നങ്ങളുടെ ദുരുപയോഗമാണെന്നും പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് നടപടി.

വീഡിയോ നിര്‍മ്മിച്ചവരെയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചവരേയും കണ്ടെത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മത ചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന് കാണിച്ചാണ് എല്‍.ഡി.എഫും യു.ഡി.എഫും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.സുരേന്ദ്രന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്റെ ഫോട്ടോയും, ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവ സഭകള്‍ കുര്‍ബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചുവെന്നും മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വസികളുടെ വോട്ടുനേടുന്നതിനു വേണ്ടി സ്ഥാനാര്‍ത്ഥി മനപൂര്‍വ്വം ഇപ്രകാരം പ്രവര്‍ത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും, അഴിമതി പ്രവര്‍ത്തി നടത്തിയതിനും കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു യു.ഡി.എഫിന്റെ പരാതി.

എല്‍.ഡി.എഫിന് വേണ്ടി കോന്നിയിലെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ ആണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more