| Sunday, 16th February 2020, 11:30 pm

'രക്ഷാധികാരി ഞാനല്ല, ആവശ്യമില്ലാതെ എന്റെ പേര് വലിച്ചിടരുത്'; കരുണ വിവാദത്തില്‍ ബിജിപാലിന് മറുപടിയുമായി കലക്ടര്‍ എസ് സുഹാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കരുണ മ്യൂസിക് ഷോ വിവാദത്തില്‍ സംഗീത സംവിധായകന്‍ ബിജിപാലിന് മറുപടിയുമായി എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ്. താന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ല. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന് ഉപയോഗിക്കരുത്. ഇനി ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

പ്രളയ ദുരിതാശ്വാസ ബാധിതര്‍ക്ക് നല്‍കാന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത പരിപാടിയാണ് വിവാദത്തിലായിരിക്കുന്നത്. പരിപാടിയില്‍നിന്നും ലഭിച്ച തുക ഫൗണ്ടേഷന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന വിവരാവകാശ രേഖയെത്തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ ആരംഭിച്ചത്.

ആറര ലക്ഷത്തില്‍ താഴെ തുകമാത്രമാണ് പരിപാടിയില്‍നിന്നും പിരിഞ്ഞുകിട്ടിയതെന്നും മാര്‍ച്ച് 31 നകം തുക ദുരിതാശ്വാസ് നിധിയിലേക്ക് കൈമാറുമെന്നും സംഘാടകരിലൊരാളായ ബിജിപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, സംഗീത നിശയുടെ കണക്കുകള്‍ സംവിധായകന്‍ ആഷിഖ് അബു അവതരിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം എന്ന ഹൈബി ഈഡന്‍ എം.എല്‍.എയുടെ ആവശ്യത്തിന് മറുപടിയുമായി ആഷിഖ് അബു രംഗത്തെത്തിയിരുന്നു. കൊച്ചി ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിന്റെ’ പ്രഖ്യാപനത്തിനായി, കൊച്ചി മ്യൂസിക് ഫൌണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണ്. അതുകൊണ്ടാണ് ഹൈബിയുടെ ഓഫീസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായത്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയില്‍ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോ എന്ന് ആഷിഖ് അബു മറുപടിയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more