| Friday, 2nd October 2015, 11:55 am

കളക്ടറുടെ 'ബീച്ച് ക്ലീനിങ്ങി'നിടെ ഉന്തുവണ്ടി തൊഴിലാളികളുടെ സാധനങ്ങള്‍ എടുത്തുമാറ്റിയതില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : കോഴിക്കോട് കടപ്പുറം വൃത്തികേടായി കിടക്കുന്നതിനെ പറ്റി പലരും സങ്കടപ്പെടാറുണ്ടെന്നും ഇത്രയധികം ആളുകള്‍ വന്നിരിക്കുന്ന ഒരു പൊതുസ്ഥലം ഇങ്ങനെ മോശമായി കിടക്കുന്നത് ശരിയല്ലെന്നുമായിരുന്നു കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് നമ്മളെല്ലാവരും കടപ്പുറത്ത് ഇറങ്ങി ഒന്നു മൊത്തത്തില്‍ വൃത്തിയാക്കുന്നു എന്നും അതുകൊണ്ട്  മറ്റന്നാള്‍ രാവിലെ 7 മണിയ്ക്ക് തന്നെ ശുചീകരണം ആരംഭിക്കുമെന്നും അതിനിടെ എപ്പോഴാണ് സൗകര്യമെന്ന് വെച്ചാല്‍ എല്ലാവരും കടപ്പുറത്തേക്ക് എത്തണമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രണ്ട് ദിവസം മുന്‍പ് ആവശ്യപ്പെടുകയും ചെയ്തു.

ഇപ്രകാരം കൃത്യമായി ഇന്ന് രാവിലെ കളക്ടര്‍ കോഴിക്കോട് കടപ്പുറത്ത് എത്തി. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു കളക്ടര്‍ കടപ്പുറം വൃത്തിയാക്കല്‍ പദ്ധതി ആരംഭിച്ചത്.

കടപ്പുറത്തെ എല്ലാ പഴയ വസ്തുക്കളും പ്ലാസ്റ്റിക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും നീക്കം ചെയ്യണമെന്നായിരുന്നു പ്രസംഗത്തില്‍ കലക്ടര്‍ ആഹ്വാനം ചെയ്തത്.

ഇതിനിടെ കടപ്പുറത്തെ ചില ഉന്തുവണ്ടി കച്ചവടക്കാരും തട്ടുകടക്കാരും പഴയസാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും വൃത്തിഹീനമായ തരത്തിലുള്ള പെട്ടികളില്‍ ഐസും പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കുന്നുണ്ടെന്നുമുള്ള കാര്യം സംഘാടകര്‍ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി.

എന്നാല്‍ വൃത്തിഹീനമായ രീതിയില്‍ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്നും അത്തരം പെട്ടികള്‍ റോഡരികിലേക്ക് മാറ്റിയാല്‍ കോര്‍പ്പറേഷന്‍കാര്‍ അതെടുത്ത് കൊണ്ടുപോകുമെന്നും കളക്ടര്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഇതുപ്രകാരം പെട്ടികള്‍ എടുത്ത് മാറ്റാന്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍  എത്തുകയും തൊഴിലാളികളും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ചെറിയ തോതില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ട് തൊഴിലാളികളുടെ പെട്ടികളും സാധനങ്ങളും അവിടെ നിന്ന് മാറ്റുകയും ചെയ്തു.

തട്ടുകടകളും  ഉന്തുവണ്ടികളും കടപ്പുറത്ത് അനുവദിക്കില്ലെന്ന തരത്തിലുള്ള നിലപാടായിരുന്നു കളക്ടര്‍ എടുത്തതെന്നും ഇത് അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്നും ഇതിന് ശേഷം തൊഴിലാളികള്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more