'കൈപ്പത്തിക്ക് പകരം താമര'; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കളക്ടര്‍ കെ. വാസുകി
D' Election 2019
'കൈപ്പത്തിക്ക് പകരം താമര'; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കളക്ടര്‍ കെ. വാസുകി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 9:41 am

തിരുവനന്തപുരം: കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കളക്ടര്‍ കെ. വാസുകി.

ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വാസുകി പറഞ്ഞു. പ്രസ്തുത ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം ചൊവ്വരയിലെ 151ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ വിലാസം സ്‌കൂളില്‍ പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. 76 വോട്ടുകളാണ് ഇതുവരെ ബൂത്തില്‍ പോള്‍ ചെയ്തത്.

യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ പോളിങ് നിര്‍ത്തി വെച്ചിരുന്നു. കോവളം എം.എല്‍.എ വിന്‍സെന്റ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പരാതി ആദ്യമൊന്നും ചെവിക്കൊള്ളാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്നും പിന്നീട് കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തിവെക്കുകയായിരുന്നുവെന്നും വിന്‍സന്റ് എം.എല്‍.എ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങില്‍ റിപ്പോര്‍ട്ട് ചെയ്ത വോട്ടിംഗ് യന്ത്രത്തിന്റെ തകരാറില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു.

വോട്ടിംഗ് യന്ത്രത്തെ കുറിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതിയുണ്ട്. അങ്ങനെ ഒരു പരാതി ഉയരുന്ന ഘട്ടത്തില്‍ ഓരോ ബൂത്തിലും വെക്കുന്ന വോട്ടിംഗ് യന്ത്രത്തിന് തകരാറില്ല എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പു വരുത്തണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.