പെണ്‍കുട്ടികള്‍ക്ക് എതാണ് അസമയം എന്നത് മാസിനെ കൊണ്ട് ചോദിപ്പിക്കുന്നത് ചില്ലറകാര്യമല്ല; ക്വീന്‍ സിനിമയെ അഭിനന്ദിച്ച് പ്രശാന്ത് ബ്രോ
Mollywood
പെണ്‍കുട്ടികള്‍ക്ക് എതാണ് അസമയം എന്നത് മാസിനെ കൊണ്ട് ചോദിപ്പിക്കുന്നത് ചില്ലറകാര്യമല്ല; ക്വീന്‍ സിനിമയെ അഭിനന്ദിച്ച് പ്രശാന്ത് ബ്രോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th February 2018, 11:19 am

കൊച്ചി: തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടികളോടെ ഓടി കൊണ്ടിരിക്കുകയാണ് ക്വീന്‍ സിനിമ. നിറഞ്ഞ അഭിനന്ദനങ്ങളാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ മലയാളികളുടെ സ്വന്തം കളക്ടര്‍ ബ്രോയും ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ്.

ക്വീന്‍” കണ്ടു. വണീജ്യസിനിമയുടെ സാധ്യതകള്‍ക്കനുസരിച്ച് പക്കേജ് ചെയ്ത ന്യൂജെന്‍ സിനിമ. എന്നാല്‍ ഓള്‍ഡ് ജെന്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണെന്നാണ് ചിത്രത്തെ കുറിച്ച് പ്രശാന്ത് ബ്രോ പറയുന്നത്. ഫേസ്ബുക്ക് വഴിയായിരുന്നു ചിത്രത്തിന് അഭിനന്ദനങ്ങളുമായി പ്രശാന്ത് എത്തിയത്.

കോഴിക്കോട് കളക്ടര്‍ ആയിരുന്നപ്പോള്‍ ഉള്ള തന്റെ ഒരു അനുഭവവും പ്രശാന്ത് കുറിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് ഏതാണാ അസമയം എന്നത് മാസ്സിനെ കൊണ്ട് ചോദിപ്പിക്കുന്നത് ചില്ലറ കാര്യമല്ല. ക്വീന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാമെന്നും ചിത്രത്തിലെ സലിംകുമാറിന്റെ കഥാപാത്രവും പുതുമുഖ ടീം സംവിധായകനും ധൈര്യത്തോടെ പടം ചെയ്ത നിര്‍മാതാക്കള്‍ക്കും അഭിനന്ദനങ്ങളും പ്രശാന്ത് നല്‍കുന്നുണ്ട്.

നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീനില്‍ സാനിയ , ധ്രുവന്‍, എല്‍ദോ, അശ്വിന്‍, അരുണ്‍, സൂരജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.സലീം കുമാര്‍, ശ്രീജിത് രവി, വിജയ രാഘവന്‍, നന്ദു, ലിയോണ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ഷാരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് ആന്റണി എന്നിവരാണ് ക്വീനിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“ക്വീൻ” കണ്ടു. വണീജ്യസിനിമയുടെ സാധ്യതകൾക്കനുസരിച്ച്‌ പക്കേജ്‌ ചെയ്ത ന്യൂജെൻ സിനിമ. എന്നാൽ ഓൾഡ്‌ ജെൻ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ.

പണ്ട്‌ കോഴിക്കോട്‌ ലോ കോളജ്‌ വിദ്യാർത്ഥിനികൾ അവരുടെ ഹോസ്റ്റൽ പൂട്ടുന്ന സമയം കുറച്ചൂടെ നീട്ടിക്കിട്ടണം, അതുവരെ അവർ പ്രക്ഷോഭം നടത്തും എന്നൊക്കെ പറഞ്ഞ്‌ കാണാൻ വന്നത്‌ ഓർക്കുന്നു. വിക്ഷുബ്ധരായിരുന്നു അവർ. ഞാനാ തരുണീമണികളോട്‌‌ മെൻസ്‌ ഹോസ്റ്റലിലെ ടൈമിംഗ്‌ ചോദിച്ചു. അവർക്ക്‌‌ അങ്ങനൊന്നും ഇല്ലത്രെ. ശ്ശെടാ…എന്നാപ്പിന്നെ നിങ്ങളും അതല്ലേ ആവശ്യപ്പെടേണ്ടത്‌? ആർട്ടിക്കിൾ 14 വെച്ച്‌ പൊരുതൂ ഞാനുണ്ട്‌ കൂടെ എന്ന് വാക്കും. ഞാൻ നിയമ വിദ്യാർത്ഥി ആയിരുന്ന കാലത്തെ ലോ കോളജ്‌ വീമ്പുകളും പറഞ്ഞ്‌ അവരെ കൂടുതൽ പ്രകോപിപ്പിച്ച്‌ പറഞ്ഞ്‌ വിട്ടത്‌ ഓർക്കുന്നു. (നമ്മളെക്കൊണ്ട്‌ ഇത്രയൊക്കെയേ പറ്റൂ) പിന്നെന്തായോ എന്തോ.

പെൺകുട്ടിക്ക്‌ ഏതാണാ അസമയം എന്നത്‌ മാസ്സിനെ കൊണ്ട്‌ ചോദിപ്പിക്കുന്നത്‌ ചില്ലറ കാര്യമല്ല. ക്വീൻ അറിയറ പ്രവർത്തകർക്ക്‌ അഭിമാനിക്കാം.

സലിംകുമാറിന്റെ വക്കീൽ കഥാപാത്രം ??.
പുതുമുഖ ടീം ??
പുതിയ സംവിധായകൻ ??
ധൈര്യത്തോടെ ഈ പടം ചെയ്ത നിർമ്മാതാക്കൾ ??