ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നും അതിര്‍ത്തി പ്രദേശമായ ചെല്ലാനം പഞ്ചായത്തില്‍ നിന്നും ഏറണാകുളത്തേക്ക് കോഴികളെയും താറാവിനെയും കൊണ്ടുവരുന്നതാണ് നിരോധിച്ചത്. ചെറിയ വാഹനങ്ങളിലാക്കി പൗള്‍ട്രി ഉല്പന്നങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസിനും സെയില്‍സ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനും കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മംഗളവനം, തട്ടേക്കാട് പക്ഷിസങ്കേതങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കൂടാതെ പൗള്‍ട്രി ഫാമുകളിലെ കോഴികളിലും താറാവുകളിലും പരിശോധന നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാഅവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
ആലപ്പുഴ ജില്ലയില്‍ 17,000ത്തിലധികം താറാവുകളുടെ മരണത്തിന് കാരണമായത് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസാണെന്ന് മൃഗ സംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ ആനിമല്‍ ഡിസീസസില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥിരീകരണം.
പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. പ്രദേശത്തെ വളര്‍ത്തുപക്ഷികളുടെ കണക്കെടുക്കുകയാണ് ആദ്യം ചെയ്യുക. രോഗബാധിത മേഖലകളില്‍ പരിശോധയ്‌ക്കെത്തുന്നവര്‍ക്ക് നല്‍കാന്‍ ആവശ്യമായ പ്രതിരോധ മരുന്നുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
നിലവില്‍ ഈ മേഖലയിലെ മനുഷ്യരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യരില്‍ രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കാനായി വ്യാപകമായ ബോധവത്കരണ പരിപാടികള്‍ നടത്തും.