തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി; ഉപാധികള്‍ ഇവയാണ്
തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരം വിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി. ഉപാധികളോടെയാണ് അനുമതി നല്‍കിയത്. നാളെ രാവിലെ 9.30 മുതല്‍ 10.30 വരെ എഴുന്നള്ളിയ്ക്കാമെന്നാണ് നിര്‍ദേശം.
എഴുന്നള്ളിക്കുന്ന സമയത്ത് നാല് പാപ്പാന്മാര്‍ ആനയുടെ കൂടെയുണ്ടായിരിക്കണമെന്നാണ് പ്രധാന ഉപാധി. പത്തുമീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയാണെങ്കിലും പൂര വിളംബരത്തിന് മാത്രം ആനയെ എഴുന്നള്ളിക്കാന്‍ കമ്മറ്റിയുടെ അനുമതിയോട് കൂടി അനുവദിക്കാമെന്നായിരുന്നു നിയമോപദേശം.
കര്‍ശന ഉപാധികളോടെ അനുമതി നല്‍കണമെന്നാണ് നിര്‍ദേശം. ആനയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിശ്ചിത അകലത്തില്‍ നിര്‍ത്തണം. പ്രകോപനമില്ലാതെ നോക്കണമെന്നും നിയമോപദേശത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരമൊരു കീഴ് വഴക്കമുണ്ടാക്കുന്നത് കേരള വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനമുള്ളത് കൊണ്ടാണെന്നും ഭാവിയിലും പൊതുതാത്പര്യം കണക്കിലെടുത്ത് ഇത്തരം തീരുമാനമെടുക്കരുതെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ആനയുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ മൂന്നംഗ ഡോക്ടര്‍മാരുടെ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. രാമചന്ദ്രന് മദപ്പാടിന്റെ ലക്ഷണമില്ലെന്ന് ഫിറ്റ്‌നസ് പരിശോധനയ്ക്കുശേഷം ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും പരിശോധനയില്‍ വ്യക്തമായെന്നും കാഴ്ച്ചപൂര്‍ണ്ണമായി നഷ്ടപ്പെട്ടെന്ന് പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ തൃശൂര്‍ ജില്ലാ കലക്ടറാണ് ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയത്.