ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാത്ത കോളേജ് അധികൃതരുടെ നടപടിയ്‌ക്കെതിരെ കളക്ടറുടെ ഇടപെടല്‍. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാനാണ് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.
ഉഡുപ്പിയിലെ ഗവണ്‍മെന്റ് കോളേജിലാണ് വിദ്യാര്‍ത്ഥികളോട് ഹിജാബ് ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടത്.
‘ഹിജാബ് ധരിച്ച ആരെയും അവര്‍ ക്ലാസ് റൂമുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല,’ എന്നാണ് കോളേജിലെ ഒരു വിദ്യാര്‍ത്ഥി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ഹിജാബ് ധരിച്ചെത്തിയതിന്റെ പേരില്‍ മാതാപിതാക്കളെ കൊണ്ടു വരാന്‍ ആവശ്യപ്പെട്ടന്നും, എന്നാല്‍ തങ്ങളുടെ മാതാപിതാക്കളോടും മോശമായ സമീപനമായിരുന്നു കോളേജിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്.
സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍ കുര്‍മ റാവുവുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കോളേജ് അധികൃതര്‍ ക്ലാസില്‍ കയറാന്‍ അനുവദിക്കാതിരുന്ന വിദ്യാര്‍ത്ഥികളും ചര്‍ച്ചയുടെ ഭാഗമായിരുന്നു.
ഇതിന് ശേഷം കളക്ടര്‍ വിഷയത്തില്‍ ഇടപെടുകയും പരിഹാരം കാണുകയുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭരണഘടനാ പരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കളക്ടര്‍ കോളേജ് അധികൃതരോട് പറഞ്ഞു. ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനുള്ള അനുമതിയും ഇവര്‍ക്ക് നല്‍കുകയായിരുന്നു.
നേരത്തെ ചില വിവാദമായ നടപടികളും കോളേജില്‍ ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജിനുള്ളില്‍ വെച്ച് ഉറുദുവും ബ്യാരിയും സംസാരിക്കരുതെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ഉത്തരവ്.