ഇന്ത്യയിലെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയാണ് സാം ബഹദൂര്‍. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്കി കൗശലാണ് നായകനായെത്തിയത്. ചിത്രം ഡിസംബര്‍ ഒന്നിനായിരുന്നു റിലീസിനെത്തിയത്.
അതേദിവസം തന്നെ റിലീസിനെത്തിയ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയാണ് അനിമല്‍ സംവിധാനം ചെയ്തിരിക്കുന്നത്.
ഒരേദിവസം റിലീസിനെത്തിയ രണ്ട് സിനിമകളുടെയും അഞ്ചാം ദിവസത്തെ കളക്ഷന്‍ പുറത്തുവന്നു. Sacnilk.comലെ റിപ്പോര്‍ട്ട് അനുസരിച്ച് സാം ബഹദൂര്‍ കഴിഞ്ഞ ദിവസം 3.5 കോടി രൂപ കളക്ഷന്‍ നേടി.
തൊട്ടുമുമ്പുള്ള ദിവസവും അതേ തുക തന്നെയായിരുന്നു ചിത്രം നേടിയിരുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ സാം ബഹദൂര്‍ മൊത്തം നേടിയത് 33.55 കോടി രൂപയാണ്.
Sacnilk.comന്റെ കണക്കുകള്‍ പ്രകാരം, രണ്‍ബീര്‍ ചിത്രം, റിലീസ് ചെയ്തതിന് ശേഷമുള്ള അഞ്ചാം ദിവസം ഇന്ത്യയില്‍ നിന്ന് 38.25 കോടി രൂപ കളക്ഷന്‍ നേടി. ഇപ്പോള്‍ സിനിമ 300 കോടി ക്ലബ്ബിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. 283.74 കോടി രൂപയാണ് അനിമല്‍ നേടിയ മൊത്തം കളക്ഷന്‍.
അതേസമയം സാം ബഹാദൂറിലെ അഭിനയത്തിന് വിക്കി കൗശല്‍ വലിയ കൈയ്യടി നേടുന്നുണ്ട്. വിക്കിയുടെ അഭിനയത്തിനെ പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞ ദിവസം എക്‌സില്‍ പോസ്റ്റിട്ടിരുന്നു.
വിക്കി കൗശലിന് പുറമെ സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, നീരജ് കബി, എഡ്വേര്‍ഡ് സോണന്‍ബ്ലിക്ക്, മുഹമ്മദ് സീഷന്‍ അയ്യൂബ് എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അനിമല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. വലിയ രീതിയിലുള്ള വയലന്‍സ്, ടോക്സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
എങ്കിലും സിനിമക്ക് വലിയ വിജയമാണ് ലഭിക്കുന്നത്. രണ്‍ബീറിന്റെ എക്കാലത്തെയും വലിയ ഓപ്പണറായി മാറിയ സിനിമയായി അനിമല്‍ മാറിയിട്ടുണ്ട്.
രശ്മിക മന്ദാന നായികയായെത്തിയ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിരുന്നു റിലീസായത്. ചിത്രത്തില്‍ രശ്മിക മന്ദാനക്ക് പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും അഭിനയിക്കുന്നുണ്ട്.
Content Highlight: Collection Of Animal And Sam Bahadur Movie