ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം അടക്കം ചെയ്യാനനുവദിക്കാതെ നാട്ടുകാര്‍, കുടുംബാംഗങ്ങളെയും ഡോക്ടര്‍മാരെയും ആക്രമിച്ചു. ആ രാത്രിയുടെ ഞെട്ടല്‍ മാറാത്ത ഓര്‍മ്മയിലാണ് കൂടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍…
‘ഞാന്‍ കുഴിയെടുത്ത്, എന്റെ ഉറ്റചങ്ങാതിയുടെ മൃതദേഹം അതിലേക്ക് തള്ളി, മണ്ണ് വാരിയിട്ടു. തീര്‍ച്ചയായും ഇങ്ങനൊരു യാത്രയയപ്പല്ല അവന്‍ അര്‍ഹിച്ചത്.’ – ചെന്നൈയിലെ ഡോ. പ്രദീപിന്റെ വാക്കുകളാണിത്.
ചെന്നൈയിലെ ന്യൂ ഹോപ് ഹോസ്പിറ്റലിന്റെ എം.ഡി. ആയിരുന്നു 55-കാരനായ ന്യൂറോ സര്‍ജന്‍ ഡോ. സൈമണ്‍ ഹെര്‍ക്കുലിസ്. തന്റെ ഏതോ രോഗിയില്‍ നിന്ന് പകര്‍ന്നുകിട്ടിയ കോവിഡ് ബാധിച്ച് ചെന്നെയിലെ അപ്പോളോ ആശുപത്രിയില്‍, ഈ ഞായറാഴ്ച മരിച്ചു.
മൃതദേഹം മറവ് ചെയ്യാനെത്തിയ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഞെട്ടല്‍ നിറഞ്ഞ ഓര്‍മ്മയിലാണ് സഹപ്രവര്‍ത്തകനായ ഡോ. പ്രദീപ്.
‘ ഞങ്ങള്‍ എത്തുമ്പോള്‍ ജെസിബി 6 അടി കുഴിയെടുത്തിട്ടുണ്ടായിരുന്നു. അപ്പോഴാണ് 50-60 പേര്‍ വരുന്ന ആള്‍ക്കൂട്ടം മരത്തടികള്‍ കൊണ്ട് ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തത്. ബന്ധുക്കള്‍ക്കും കോര്‍പറേഷന്‍ ജീവനക്കാര്‍ക്കും ജീവന്‍ രക്ഷിക്കാനായി ഓടിമറയുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ. അക്രമാസക്തരായ ആള്‍ക്കൂട്ടം ആംബുലന്‍സ് ഡ്രൈവര്‍മാരുടെ തലയ്ക്കടിക്കുകയും വണ്ടി കേടുവരുത്തുകയും ചെയ്തു.’
‘രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും ദേഹത്ത് നിന്നും ചോര നിറുത്താതെ ഒഴുകുകയായിരുന്നു. കുറച്ചുസമയത്തിന് ശേഷം അവര്‍ തീരെ അവശരായി. ബോധം പോകുന്ന നിലയിലെത്തി. അവരെ അവിടുത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.’
‘പോലീസ് സഹായത്തോടെ ഏതാണ്ട് 11 മണിയോടെ ഞങ്ങള്‍ വീണ്ടും മൃതശരീരവുമായി ശ്മശാനത്തിലെത്തി. ചുരുങ്ങിയത് എട്ട് അടി കുഴിയെടുക്കണം. അവിടെയുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ കുഴിയെടുക്കാന്‍ എനിക്കൊപ്പം സഹായിച്ചു. രണ്ട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശരീരം എന്റെ കൈകളാല്‍ മണ്ണ് കുഴച്ച് സംസ്‌കരിച്ചു. അദ്ദേഹം ഡോക്ടര്‍ ആയിരുന്നു, ഒരു ഹോസ്പിറ്റല്‍ എം.ഡി. ആയിരുന്നു, സര്‍വ്വോപരി അങ്ങേയറ്റത്തെ മനുഷ്യസ്‌നേഹി ആയിരുന്നു. ഒരിക്കലും ഇങ്ങനൊരു അന്ത്യകര്‍മ്മമല്ല അര്‍ഹിച്ചത്. ‘
‘ജീവിതകാലത്ത് അങ്ങേയറ്റം മാനുഷികതയോടെ രോഗികളെ പരിചരിച്ച ഡോക്ടര്‍ സൈമണ് മരണാനന്തരം ഏതൊരു വ്യക്തിയും അര്‍ഹിക്കുന്ന അടിസ്ഥാന പരിഗണന പോലും ലഭിച്ചില്ല. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോലും ഭാര്യക്കോ മകനോ സാധിച്ചില്ല. എന്തായിരുന്നു അദ്ദേഹത്തിന്റെ കുറ്റം? വൈറസ് വ്യാപകമായതിന് ശേഷം വീട്ടില്‍ത്തന്നെ ഇരിക്കാതെ സമൂഹത്തെ സേവിക്കല്‍ തുടര്‍ന്നു; സ്വന്തം ആരോഗ്യത്തെ ബന്ദിയാക്കി മറ്റുളളവരെ സഹായിച്ചു എന്ന ഒരേയൊരു തെറ്റാണ് അദ്ദേഹം ചെയ്തത്.’ –
പൂര്‍ണ്ണസത്യസന്ധതയോടെ ജോലി ചെയ്ത കഠിനാധ്വാനി എന്നാണ് മറ്റ് ഡോക്ടര്‍മാര്‍ സൈമണെ വിവരിക്കുന്നത്. എണ്ണമറ്റ ശസ്ത്രക്രിയകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ചെലവുകള്‍ വഹിക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്ത ഒട്ടേറെ പേര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കിയിരുന്നു.
‘ഞങ്ങള്‍ക്ക് അവന്റെ മൃതദേഹം അവിടെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടേണ്ടി വന്നു. സ്ഥിതി അത്രയേറെ മോശമായിരുന്നു. ‘ കരച്ചിലിനിടയില്‍ വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ സഹപ്രവര്‍ത്തകനായ ഡോ. ഭാഗ്യരാജ് പറയുന്നു. ‘കൊറോണ വൈറസ് ബാധിച്ചുമരിച്ച ഡോക്ടര്‍മാര്‍ക്ക് ഇതാണോ വിധിച്ചിട്ടുള്ളത്? ഇതാണോ ഞങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന സമ്മാനം? ആദ്യം, രോഗം ബാധിച്ച അദ്ദേഹത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കായില്ല, പിന്നീട് അവനെ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കാന്‍ പോലും കഴിഞ്ഞില്ല. അവന്റെ ആത്മാവിന് എങ്ങിനെ ശാന്തി ലഭിക്കും ? ഈ മേഖലയില്‍ ജോലി ചെയ്യേണ്ടി വരുന്നതില്‍ ഇന്ന് എനിക്ക് അപമാനം തോന്നുന്നു.
കൊവിഡ് വ്യാപനം തുടങ്ങിയ സമയം മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമസംഭവങ്ങളും വിവേചനവും അരങ്ങേറിയിരുന്നു. താമസസ്ഥലത്ത് നിന്ന് ഇറക്കിവിടുന്നത് മുതല്‍ ഇപ്പോള്‍ മൃതദേഹം അടക്കം ചെയ്യാന്‍ പോലും അനുവദിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. എല്ലാവരും വീടുകളില്‍ കഴിയുമ്പോള്‍ കൊറോണ വൈറസ് പോരാട്ടത്തിന്റെ മുന്‍നിരയില്‍ സധൈര്യം പോരാടുന്ന, സ്വന്തം കുടുംബത്തില്‍ നിന്നുപോലും അകന്ന് ഓരോ രോഗിയെയും ജീവനിലേക്കും ജീവിതത്തിലേക്കും തിരിച്ചുപ്പിടിക്കാന്‍ രാപ്പകലില്ലാത്ത അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ഇത്തരം നീചമായ പ്രവര്‍ത്തികള്‍ക്ക് ഇനിയും നേരെ കണ്ണടക്കാനാവില്ല. കൊറോണയേക്കാള്‍ വേഗത്തില്‍ പടരുന്ന വിദ്വേഷത്തിന്റെയും ഭയത്തിന്റെയും വൈറസിനെ തുടച്ചുനീക്കിയേ മതിയാകൂ..അല്ലെങ്കില്‍ നമ്മള്‍ തോറ്റ ജനതയാകും തീര്‍ച്ച…
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.