ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) പ്രതികളും ഒത്തുകളിച്ചെന്ന വാദം തള്ളി സുപ്രീംകോടതി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി. ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി നടപടി.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ എസ്.ഐ.ടി നടപടി ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചിരുന്നത്.
എന്നാല്‍ കോടതി നിയമിച്ച എസ്.ഐ.ടി ഒത്തുകളിച്ചെന്ന് പറയുന്നത് കടുത്തപ്രയോഗമാണെന്ന് എ.എം ഖാന്‍വില്‍കര്‍, ദിനേശ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ചില ആളുകളെ എസ്.ഐ.ടി രക്ഷപ്പെടുത്തിയെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു.
‘പൊലീസുമായി പ്രതികള്‍ ഒത്തുകളിച്ചിട്ടുണ്ടാകാം. കോടതി നിയോഗിച്ച എസ്.ഐ.ടി ഒത്തുകളിച്ചെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും,’ കോടതി ആരാഞ്ഞു.
മറ്റു പല കേസുകളിലും ഇതേ എസ്.ഐ.ടി സമര്‍പ്പിച്ച കുറ്റപത്രം പ്രകരമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതെന്നും കോടതി പറഞ്ഞു.
എന്നാല്‍ ഒത്തുകളിച്ചതിന്റെ നിരവധി തെളിവുകളുണ്ടെന്നും മാധ്യമസ്ഥാപനമായ തഹല്‍ക്കയുടെ ടേപ്പുകളടക്കം നിരവധി രേഖകള്‍ എസ്.ഐ.ടി പരിശോധിച്ചില്ലെന്നും മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
2002 ഫെബ്രുവരി 28 നാണ് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ ഇഹ്സാന്‍ ജാഫ്രിയടക്കം 68 പേര്‍ കൊല്ലപ്പെട്ടത്. ഗോദ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീപിടിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു കൂട്ടക്കൊല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: “Collaboration Strong Term”: Supreme Court On Zakia Jafri’s SIT Charge