ടി-20 ലോകകപ്പിനുള്ള ടീമിൽ എടുത്തില്ല, ന്യൂസിലാൻഡ് ഇതിഹാസം ക്രിക്കറ്റിൽ നിന്നും വിരമിച്ചു
Cricket
ടി-20 ലോകകപ്പിനുള്ള ടീമിൽ എടുത്തില്ല, ന്യൂസിലാൻഡ് ഇതിഹാസം ക്രിക്കറ്റിൽ നിന്നും വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th May 2024, 11:12 am

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം കോളിന്‍ മണ്‍റോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ജൂണില്‍ നടക്കുന്ന ടി-20 ലോകകപ്പിനുള്ള ന്യൂസിലാന്‍ഡ് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ന്യൂസിലാന്‍ഡ് ക്രിക്കറ്റിന് ഒരുപാട് സംഭാവനകള്‍ ചെയ്ത താരമാണ് കോളിന്‍ മണ്‍റോ. 2012ലാണ് മണ്‍റോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച ന്യൂസിലാന്‍ഡ് താരം പിന്നീട് ഒരുപാട് അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.

ന്യൂസിലാന്‍ഡിനായി 65 ടി-20 മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ച്വറികളും 11 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 1724 റണ്‍സാണ് മണ്‍റോ അടിച്ചെടുത്തത്. 156.44 സ്‌ട്രൈക്ക് റേറ്റിലും 31.34 ആവറേജിലും ആണ് താരം ബാറ്റ് വീശിയത്.

ഏകദിനത്തില്‍ 57 മത്സരങ്ങളില്‍ നിന്നും എട്ട് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1271 റണ്‍സാണ് താരം നേടിയത്.

മുഴുവന്‍ ടി-20യില്‍ 428 മത്സരങ്ങളില്‍ 409 ഇന്നിങ്‌സില്‍ നിന്നും അഞ്ച് സെഞ്ച്വറികളും 67 അര്‍ധസെഞ്ച്വറികളുമാണ് ഉള്‍പ്പെടെ 10961 റണ്‍സാണ് മണ്‍റോയുടെ അക്കൗണ്ടില്‍ ഉള്ളത്.

തന്റെ വിരമിക്കല്‍ കുറിച്ച് മണ്‍റോ പ്രതികരിക്കുകയും ചെയ്തിരുന്നു.

‘ഞാന്‍ അവസാനമായി ന്യൂസിലാന്‍ഡിനു വേണ്ടി കളിച്ചിട്ട് കുറച്ചു സമയം ആയെങ്കിലും. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനു വേണ്ടി എനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷ ഞാന്‍ ഒരിക്കലും കൈവിട്ടിരുന്നില്ല,’ കോളിന്‍ മണ്‍റോ പറഞ്ഞു.

Content Highlight: Colin Munro retire from International cricket