പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിയും ഇസ്‌ലാമാബാദ് യുണൈറ്റഡും തമ്മിലുള്ള മത്സരം കഴിഞ്ഞ ദിവസം റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ അവസാനിച്ചിരുന്നു. മത്സരത്തില്‍ ഇസ്‌ലാമാബാദ് യുണൈറ്റഡ് 29 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇസ്‌ലാമാബാദ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എടുത്തു. മറുപടി ബാറ്റിങിറങ്ങിയ പെഷവാറിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ഇസ്‌ലാമാബാദിനായി 51 പന്തില്‍ 80 റണ്‍സ് നേടിയ ഷദബ് ഖാനാണ് കളിയിലെ താരം.
എന്നാല്‍ മാച്ചിനിടെ നടന്ന മറ്റൊരു സംഭവമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. പെഷവാറിന്റെ ബാറ്റിങ് താരം അടിച്ച പന്ത് ബൗണ്ടറിലൈനിന്റെ പുറത്തുനിന്ന ബോള്‍ ബോയ് കൈക്കലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് കൈയില്‍ നിന്ന് പോയി. നിരാശനായ ബോള്‍ ബോയ്‌യുടെ അടുത്തെത്തിയ മണ്‍റോ അവനെ ആശ്വസിപ്പിക്കുകയും ക്യാച്ച് ചെയ്യേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കുകയും ചെയ്തു.
18ാമത്തെ ഓവറിന്റെ അവസാന പന്തില്‍ ആരിഫ് യാക്കൂബ് അടിച്ച പന്ത് ബൗണ്ടറിക്ക് വെളിയിലേക്ക് പോവുകയും, മുന്നേ ക്യാച്ച് മിസ് ചെയ്ത അതേ ബോള്‍ബോയ് ഇത്തവണ പന്ത് കൈക്കലാക്കുകയും ചെയ്തു. ഇത് കണ്ട മണ്‍റോ അവനെ ഓടിപ്പോയി ആശ്ലേഷിച്ചു. ഈ സംഭവമാണ് മണ്‍റോയ്ക്ക് കൈയടി നേടിക്കടുത്തത്. പരിശ്രമത്തില്‍ തളരുന്നവനെ വിമര്‍ശിക്കാതെ അവനെ ചേര്‍ത്തു നിര്‍ത്തിയ മണ്‍റോ ക്രിക്കറ്റിന്റെ സൗന്ദര്യം കൂട്ടിയെന്നാണ് ആരാധകര്‍ പറഞ്ഞത്. ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക്ബസ്സ് അവരുടെ എക്‌സ് പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ പെഷവാര്‍ ബാറ്റിങ് നിര, ഷദബ് ഖാന്റെ ബോളിങ്ങിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. നേരത്തെ ബാറ്റിങില്‍ പെഷവാറിനെ വെള്ളം കുടിപ്പിച്ച ഷദബ് പെഷവാറിന്റെ മൂന്ന് കിടിലന്‍ വിക്കറ്റുകളാണ് തന്റെ ബോളിങ്ങിലൂടെ നേടിയത്. നാലോവറില്‍ 41 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്. പെഷവാര്‍ ബാറ്റിങ് നിരയില്‍ ആമിര്‍ ജമാലിന്റെ പോരാട്ടമാണ് ടീമിനെ മാനക്കേടില്‍ നിന്ന് രക്ഷിച്ചത്. 49 പന്ത് നേരിട്ട താരം എട്ട് ഫോറും ആറ് സിക്‌സും അടക്കം 87 റണ്‍സാണ് നേടിയത്. ജയത്തോടെ ഇസ്‌ലാമാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
Content Highlight Colin Munro celebrates a catch of ball boy in PSL