| Sunday, 29th September 2024, 7:57 am

ഇങ്ങനെയൊരു റെക്കോഡ് ഇ.പി.എല്ലിന്റെ ചരിത്രത്തിലാദ്യം; പാമറിന്റെ പവറിൽ ചെൽസി ആളിക്കത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബ്രൈറ്റണിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ചെല്‍സിക്ക് വേണ്ടി നാല് ഗോളുകളും നേടിയത് ഇംഗ്ലണ്ട് സൂപ്പര്‍താരം കോള്‍ പാമര്‍ ആയിരുന്നു.

ഈ ഗോളുകളെല്ലാം പാമര്‍ അടിച്ചുകൂട്ടിയത് മത്സരത്തിന്റെ ആദ്യപകുതിയില്‍ ആണെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. മത്സരത്തില്‍ 21, 28, 31, 41 എന്നീ മിനിട്ടുകളിലായിരുന്നു പാമറിന്റെ ഗോളുകള്‍ പിറന്നത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നിമിഷങ്ങള്‍ക്ക് കൂടിയാണ് സ്റ്റാംഫോര്‍ഡിലെ ആരാധകര്‍ സാക്ഷിയായത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം ഒരു മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകള്‍ നേടുന്നത്.

അതേസമയം ജോര്‍ജിനിയോ റട്ടര്‍, കാര്‍ലോസ് നൂം ക്വമ ബലേബ എന്നിവരായിരുന്നു സന്ദര്‍ശകര്‍ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ജോര്‍ജിനിയോ ഏഴാം മിനിട്ടില്‍ ലക്ഷ്യം കണ്ടപ്പോള്‍ കാര്‍ലോസ് 34ാം മിനിട്ടിലും ഗോള്‍ നേടി.

മത്സരത്തില്‍ 59 ശതമാനം ബോള്‍ പൊസഷനും ബ്രൈറ്റണിന്റെ അടുത്തായിരുന്നു. ഇരുടീമുകളും 15 ഷോട്ടുകൾ അടിച്ചപ്പോൾ ഹോം ടീമിന് ഏഴ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു. ബ്രൈറ്റണ്‍ അഞ്ച് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിച്ചു.

നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും ഓരോ വീതം തോല്‍വിയും സമനിലയുമായി 13 പോയിന്റോടെ നാലാം സ്ഥാനത്താണ് ചെല്‍സി. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം ഒമ്പത് പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ് ബ്രൈറ്റൺ.

ഒക്ടോബര്‍ നാലിന് യുവേഫ കോണ്‍ഫറന്‍സ് ലീഗില്‍ ജെന്റിനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലാണ് മത്സരം നടക്കുക. ഇ.പി.എല്ലില്‍ ഒക്ടോബര്‍ ആറിന് നടക്കുന്ന മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറാണ് ബ്രൈറ്റണിന്റെ എതിരാളികള്‍. ഫാല്‍മര്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Cole Palmer Historical Achievement In English Premiere League

We use cookies to give you the best possible experience. Learn more