ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വിജയം. ഫുള്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. 2020 ജൂലൈക്ക് ശേഷം തുടര്‍ച്ചയായ നാല് ഹോം മത്സരങ്ങള്‍ വിജയിക്കുന്നുവെന്ന നേട്ടവും ചെല്‍സി സ്വന്തമാക്കി.
മത്സരത്തില്‍ ചെല്‍സിക്കായി മികച്ച പ്രകടനമാണ് ഇംഗ്ലീഷ് താരം കോള്‍ പാല്‍മര്‍ നടത്തിയത്. മത്സരത്തില്‍ വിജയഗോള്‍ നേടിക്കൊണ്ടായിരുന്നു ഇംഗ്ലണ്ടുകാരന്റെ മിന്നും ഫോം. തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടവും പാല്‍മര്‍ സ്വന്തമാക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ചെല്‍സിക്കായി 21 വയസ്സിന് താഴെയുള്ള ഒരു താരവും പാല്‍മെറിനേക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടിയിട്ടില്ല. ഒമ്പത് ഗോളുകളാണ് പോച്ചറ്റീനോയുടെ കീഴില്‍ പാല്‍മര്‍ അടിച്ചുകൂട്ടിയത്.
ചെല്‍സിക്കായി 17 മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകള്‍ നേടിയ പാല്‍മര്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടവും സ്വന്തം പേരിലാക്കി മാറ്റി. ചെല്‍സിക്കായി കഴിഞ്ഞ 22 മത്സരങ്ങള്‍ക്ക് ശേഷം മറ്റൊരു ചെല്‍സി താരവും പാല്‍മര്‍ നേടിയ അത്ര ഗോളുകള്‍ നേടിയിട്ടില്ല എന്ന നേട്ടമാണ് ഈ ഇംഗ്ലീഷുകാരന്‍ സ്വന്തമാക്കിയത്.
ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടി ആദ്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് പാല്‍മര്‍ ആണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ മറുപടി ഗോളിനായി സന്ദര്‍ശകര്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാതെപോവുകയായിരുന്നു.
ജയത്തോടെ പ്രീമിയര്‍ ലീഗില്‍ 21 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും നാല് സമനിലയും എട്ട് തോല്‍വിയും അടക്കം 31 പോയിന്റുമായി എട്ടാം സ്ഥാനത്താണ് പോച്ചറ്റീനോയും കൂട്ടരും.
ഇ.എഫ്.എല്‍ കപ്പ് സെമി ഫൈനല്‍ സെക്കന്റ് ലെഗില്‍ ജനുവരി 24ന് മിഡില്‍സ്‌ബ്രോവിനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം.
Coontent Highlight: Cole Palmer great performance and Chelsea win.