ന്യൂദല്‍ഹി: ഉത്തരേന്ത്യ തണുത്ത് വിറക്കുന്നു. കൊടും തണുപ്പില്‍ ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചവരുടെ എണ്ണം 97 ആയി. അതി ശൈത്യം മൂലം ഉത്തരേന്ത്യയിലെ ഗതാഗത സര്‍വീസുകളും താറുമാറായിരിക്കുകായണ്.
ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 50 വിമാന സര്‍വീസ് റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വൈകി ഓടുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. []
ഹോങ്കോംഗില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം എഐ 314 മുംബൈ അന്തര്‍ദേശീയ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഏഴ് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പുലര്‍ച്ചെ റണ്‍വെയുടെ ദൂരക്കാഴ്ച 25 മീറ്ററിലെത്തിയതായി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് പ്രധാന റണ്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. കുറഞ്ഞത് 150 മീറ്റര്‍ ദൂരക്കാഴ്ച ഉണ്ടെങ്കില്‍ മാത്രമേ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി ഇറങ്ങാനും പറന്നുയരാനും സാധിക്കുകയൊള്ളൂ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് പേരാണ് ഉത്തര്‍പ്രദേശില്‍ മരിച്ചത്. ഇതോടെ അതിശൈത്യം മൂലം ഉത്തര്‍പ്രദേശില്‍ മരിക്കുന്നവരുടെ എണ്ണം 92 ആയി. ഹിമാചല്‍ പ്രദേശില്‍ തണുപ്പ് സഹിക്കാന്‍ കഴിയാതെ നിരവധി കുടുംബങ്ങള്‍ പാലായനം ചെയ്തു.
മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ തണുപ്പ് വളരെ കൂടുതലാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഹിമാചലിലെ കുല്ലു ജില്ലയില്‍ ഏറ്റവും കുറഞ്ഞ താപനില 0 ഡിഗ്രി ആയിരുന്നു.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സീസണിലെ കുറഞ്ഞ താപനിലയായ 0.9 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. പഞ്ചാബിലും ഹരിയാനയിലും അതിശൈത്യം തുടരുകയാണ്.
ഹരിയാനയിലെ നാര്‍നൗളില്‍ താപനില 0.7 ഡിഗ്രി സെല്‍ഷ്യസിലെത്തി. ദല്‍ഹയില്‍ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ നാല് ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയത്.