വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണം വെച്ചുപൊറുപ്പിക്കില്ല: ഒബാമ
India
വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണം വെച്ചുപൊറുപ്പിക്കില്ല: ഒബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th August 2012, 11:21 am

വാഷിങ്ടണ്‍: വിശ്വാസികള്‍ക്ക് നേരെയുള്ള ഒരാക്രമണവും അമേരിക്ക വെച്ചുപൊറുപ്പിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ആരാധാലയങ്ങളില്‍ ആക്രമണം നടത്തി അമേരിക്കയെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത് രാജ്യത്ത് നടപ്പിലാക്കാന്‍ കഴിയില്ലെന്നും ഒബാമ പറഞ്ഞു.[]

വൈറ്റ് ഹൗസില്‍ നല്‍കിയ ഇഫ്താര്‍ വിരുന്നില്‍ കഴിഞ്ഞ ദിവസം ഗുരുദ്വാരയിലുണ്ടായ വെടിവെപ്പിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഒബാമ. വിശ്വാസികള്‍ക്ക് നേരെയുള്ള ഏത് ആക്രമണവും അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് കാണുന്നത്.

അമേരിക്കയില്‍ താമസിക്കുന്ന ഏത് വിഭാഗം ജനങ്ങള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കടമ ഭരണകൂടത്തിനുണ്ട്. അത് ഭരണകൂടം നിറവേറ്റും. ആരാധനാലയങ്ങളിലെ സുരക്ഷയെക്കുറിച്ചോര്‍ത്ത് രാജ്യത്തെ പൗരന്‍മാര്‍ ഭയപ്പെടേണ്ടതില്ല. സ്വന്തം വിശ്വാസമനുസരിച്ച് തുറസായും സ്വതന്ത്രമായും ആരാധന നടത്താനുള്ള സ്വാതന്ത്ര്യം എല്ലാ അമേരിക്കക്കാര്‍ക്കും ഉണ്ടായിരിക്കുമെന്നും ഒബാമ പറഞ്ഞു.

ഇനിയൊരു ആക്രമണം കൂടി രാജ്യത്ത് നടത്താന്‍ കഴിയാത്ത വിധത്തില്‍ എല്ലാ മേഖലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിശ്വാസികള്‍ക്ക് പഴയപടി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാമെന്നും ഒബാമ പറഞ്ഞു.

ഓക് ക്രീക്കിലുള്ള ഗുരുദ്വാരയില്‍ ഞായറാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയ സിഖ് മതവിശ്വാസികള്‍ക്ക് നേരേയായിരുന്നു വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ മരിച്ച ആറ് പേരില്‍ നാല് പേരും ഇന്ത്യയ്ക്കാരായിരുന്നു.

വംശവെറിയന്മാരായ വെള്ളക്കാര്‍ നടത്തിയിരുന്ന റോക്ക് ബാന്‍ഡുകളിലെ കലാകാരനായിരുന്ന മൈക്കേലാണ് ആക്രമണം നടത്തിയത്.