സി.കെ. നായിഡു ട്രോഫിയിലെ കേരളം-ഉത്തരാഖണ്ഡ് മത്സരം സമനിലയില്‍. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മാച്ച് അരങ്ങേറിയത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് സ്വന്തമാക്കിയാണ് കേരളം മത്സരത്തില്‍ മേല്‍ക്കൈ നേടിയത്.
സ്‌കോര്‍
കേരളം: 521/7d
ഉത്തരാഖണ്ഡ്: 321 & 49/3
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ഷോണ്‍ റോജര്‍, വിഷ്ണു നായനാര്‍, അഹമ്മദ് ഇമ്രാന്‍ എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ഷോണ്‍ റോജര്‍ 191 പന്തില്‍ 151 റണ്‍സ് നേടി. 19 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 156 പന്തില്‍ 122 റണ്‍സുമായാണ് വരുണ്‍ നായനാര്‍ തിളങ്ങിയത്. 116 പന്ത് നേരിട്ട് പുറത്താകാതെ 101 റണ്‍സാണ് അഹമ്മദ് ഇമ്രാന്‍ നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്സറുമാണ് താരം സ്‌കോര്‍ ചെയ്തത്.
അഹമ്മദ് ഇമ്രാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ കേരളം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
67 പന്തില്‍ 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അഭിഷേക് നായര്‍, 30 പന്തില്‍ 34 റണ്‍സ് നേടിയ ജിഷ്ണു എ. എന്നിവരും ടീം ടോട്ടലിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.
ഉത്തരാഖണ്ഡിനായി ആദിത്യ റാവത്ത് രണ്ട് വിക്കറ്റ് നേടി. ജിഷ്ണു റണ്‍ ഔട്ടായപ്പോള്‍ ഹര്‍ഷ് റാണ, ആരുഷ്, അജയ്, ഹര്‍ഷ് പട്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
കേരളം ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന് ലീഡ് നേടാനിറങ്ങിയ ഉത്തരാഖണ്ഡിന് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കയറും മുമ്പ് തന്നെ ക്യാപ്റ്റന്റേതടക്കം മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ടീമിന് നഷ്ടമായി. 14/0 എന്ന നിലയില്‍ നിന്നും 17/3 എന്ന നിലയിലേക്കാണ് ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവീണത്.
ക്യാപ്റ്റന്‍ സന്‍സ്‌കാര്‍ റാവത്ത് (അഞ്ച് പന്തില്‍ ആറ്), ഹിതേഷ് (ആറ് പന്തില്‍ രണ്ട്), ശിവാന്‍ഷ് (13 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റാണ് ടീമിന് തുടക്കത്തിലേ നഷ്ടമായത്. ഒടുവില്‍ 105/4 എന്ന നിലയില്‍ ഉത്തരാഖണ്ഡ് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിപ്പിച്ചു.
ഉത്തരാഖണ്ഡ് നാലാം ദിവസം തുടങ്ങിയതും തിരിച്ചടിയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹര്‍ഷ് റാണയുടെ വിക്കറ്റ് ടീമിന് നഷ്ടമായി. എന്നാല്‍ പിന്നാലെയെത്തിയ രോഹിയെ ഒപ്പം കൂട്ടി ശാശ്വത് ദാങ്വാള്‍ സ്‌കോര്‍ ഉയര്‍ത്തി.
ആറാം വിക്കറ്റില്‍ 99 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ദാങ്വാളിനെ പുറത്താക്കി അഹമ്മദ് ഇമ്രാനാണ് കേരളത്തിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 87 പന്തില്‍ 67 റണ്‍സുമായി ദാങ്വാള്‍ പുറത്തായി.
അധികം വൈകാതെ രോഹിയെയും കേരളം മടക്കി. 83 പന്ത് നേരിട്ട് 58 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്. കിരണ്‍ സാഗറാണ് വിക്കറ്റ് നേടിയത്.
എട്ടാം നമ്പറില്‍ ക്രീസിലെത്തിയ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ താരം ആരുഷും മികച്ച പ്രകടനം നടത്തി. 69 പന്ത് നേരിട്ട് 80 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ചെറുത്തുനിന്ന മിഡില്‍ ഓര്‍ഡറാണ് ഉത്തരാഖണ്ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
കേരളത്തിനായി പവന്‍ രാജ് അഞ്ച് വിക്കറ്റുമായി തിളങ്ങി. ഈഥന്‍ ആപ്പിള്‍ ടോം കിരണ്‍ സാഗര്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അഹമ്മദ് ഇമ്രാനാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ 200 റണ്‍സിന്റെ ലീഡാണ് കേരളം സ്വന്തമാക്കിയത്. തുടര്‍ന്ന് ഉത്തരാഖണ്ഡ് ഫോളോ ഓണിനിറങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സിലും സന്ദര്‍ശകരുടെ തുടക്കം പാളി. ക്യാപ്റ്റന്‍ സന്‍സ്‌കാര്‍ റാവത്ത് നാല് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി. പിന്നാലെയെത്തിയ ഹിതേഷും പൂജ്യത്തിന് തന്നെ തിരിച്ചുനടന്നു. ആപ്പിള്‍ ടോമാണ് രണ്ട് പേരെയും മടക്കിയത്.
അധികം വൈകാതെ ഓപ്പണര്‍ ശിവാന്‍ഷിനെയും ഉത്തരാഖണ്ഡിന് നഷ്ടമായി. 23 പന്തില്‍ 13 റണ്‍സ് നേടി നില്‍ക്കവെയാണ് ശിവാന്‍ഷ് പുറത്താകുന്നത്.
ഒടുവില്‍ 49/3 എന്ന നിലയില്‍ നില്‍ക്കവെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ എലീറ്റ് ഗ്രൂപ്പ് എ പോയിന്റ് പട്ടികയില്‍ മികച്ച കുതിപ്പ് നടത്താനും കേരളത്തിനായി. ഒമ്പത് ബാറ്റിങ് പോയിന്റും ഏഴ് ബൗളിങ് പോയിന്റും മൂന്ന് മാച്ച് പോയിന്റുമായി 19 പോയിന്റാണ് കേരളത്തിനുള്ളത്. 23 പോയിന്റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.
ഒക്ടോബര്‍ 27നാണ് ടൂര്‍ണമെന്റില്‍ കേരളം അടുത്ത മത്സരത്തിനിറങ്ങുന്നത്. ഇതേ വേദിയില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ നാലാമതുള്ള ഒഡീഷയാണ് എതിരാളികള്‍.
Content Highlight: Col. CK Nayudu Trophy: Kerala vs Uttarakhand: Match Drawn Kerala took first innings lead