| Tuesday, 22nd October 2024, 2:27 pm

ട്രിപ്പിള്‍ സെഞ്ചൂറിയന്‍സ്, അഞ്ഞൂറടിച്ച് കേരളം; സ്വന്തം മണ്ണില്‍ ആദ്യ ജയത്തിന്

സ്പോര്‍ട്സ് ഡെസ്‌ക്

സി.കെ നായിഡു ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മികച്ച ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ സ്വന്തമാക്കി കേരളം. കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെ 521 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടലാണ് കേരളം പടുത്തുയര്‍ത്തിയത്.

മൂന്ന് സെഞ്ച്വറികളുടെ കരുത്തിലാണ് കേരളം മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം ഷോണ്‍ റോജര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വരുണ്‍ നായനാര്‍, ഓള്‍ റൗണ്ടര്‍ അഹമ്മദ് ഇമ്രാന്‍ എന്നിവരാണ് കേരളത്തിനായി നൂറടിച്ചത്.

ഷോണ്‍ റോജര്‍ 191 പന്തില്‍ 151 റണ്‍സ് നേടി. 19 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 156 പന്തില്‍ 122 റണ്‍സുമായാണ് വരുണ്‍ നായനാര്‍ തിളങ്ങിയത്.

116 പന്ത് നേരിട്ട് പുറത്താകാതെ 101 റണ്‍സാണ് താരം നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഇമ്രാന്റെ ഇന്നിങ്‌സ്.

അഹമ്മദ് ഇമ്രാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ കേരളം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

67 പന്തില്‍ 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അഭിഷേക് നായര്‍, 30 പന്തില്‍ 34 റണ്‍സ് നേടിയ ജിഷ്ണു എ. എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഉത്തരാഖണ്ഡിനായി ആദിത്യ റാവത്ത് രണ്ട് വിക്കറ്റ് നേടി. ജിഷ്ണു റണ്‍ ഔട്ടായപ്പോള്‍ ഹര്‍ഷ് റാണ, ആരുഷ്, അജയ്, ഹര്‍ഷ് പട്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനോട് പരാജയപ്പെട്ട നിരാശയിലാണ് കേരളം രണ്ടാം മത്സരത്തിനിറങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത് കേരളത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.

ഉത്തരാഖണ്ഡും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.

കേരളം പ്ലെയിങ് ഇലവന്‍

അഭിഷേക് നായര്‍ (ക്യാപ്റ്റന്‍), റിയ ബഷീര്‍, അഹമ്മദ് ഇമ്രാന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ഷോണ്‍ റോജര്‍, രോഹന്‍ നായര്‍, ആസിഫ് അലി, എ. ജിഷ്ണു, പവന്‍ രാജ്, കിരണ്‍ സാഗര്‍, ഈഥന്‍ ആപ്പിള്‍ ടോം.

ഉത്തരാഖണ്ഡ് പ്ലെയിങ് ഇലവന്‍

സന്‍സ്‌കാര്‍ റാവത്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹിതേഷ്, ശിവാന്‍ഷ്, ആഞ്ജനേയ സൂര്യവന്‍ഷി, ശാശ്വത് ദാങ്വാള്‍, ആരുഷ്, ഹര്‍ശ് പട്വാള്‍, രോഹി, ആദിത്യ റാവത്ത്, അജയ്.

Content highlight: Col. CK Nayudu Trophy: Kerala vs Uttarakhand: Kerala scored 521 runs

We use cookies to give you the best possible experience. Learn more