സി.കെ. നായിഡു ട്രോഫിയിലെ കേരളം-ഉത്തരാഖണ്ഡ് മത്സരത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സ് ലീഡ് നേടാനുറച്ച് കേരളം. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ 416 റണ്‍സിന് പിറകിലാണ്. കേരളം ആദ്യ ഇന്നിങ്‌സില്‍ അടിച്ചെടുത്ത സ്‌കോര്‍ മറികടന്ന് ലീഡ് നേടാനുള്ള ഉത്തരാഖണ്ഡിന്റെ ശ്രമങ്ങള്‍ക്ക് തടയിടാനാണ് കേരളത്തിന്റെ യുവ താരങ്ങള്‍ ഒരുങ്ങുന്നത്.
ആദ്യ ഇന്നിങ്‌സില്‍ 521ന് ഏഴ് എന്ന നിലയില്‍ നില്‍ക്കവെ കേരളം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഉത്തരാഖണ്ഡ് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 105 എന്ന നിലയിലാണ്.
മത്സരത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍
കേരളം: 521/7d
ഉത്തരാഖണ്ഡ്: 105/4
തുടക്കം പാളി ഉത്തരാഖണ്ഡ്
കേരളത്തിനെതിരെ ബാറ്റിങ് ആരംഭിച്ച ഉത്തരാഖണ്ഡിന് തുടക്കം പാളി. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കയറും മുമ്പ് തന്നെ ക്യാപ്റ്റന്റേതടക്കം മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ടീമിന് നഷ്ടമായി. 14/0 എന്ന നിലയില്‍ നിന്നും 17/3 എന്ന നിലയിലേക്കാണ് ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവീണത്.
17ാം ഓവറില്‍ ആഞ്ജനേയ സൂര്യവംശിയെയും ഉത്തരാഖണ്ഡിന് നഷ്ടമായി. 36 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്. 72 പന്തില്‍ 30 റണ്‍സുമായി ഹര്‍ഷ് റാണയും26 പന്തില്‍ 19 റണ്‍സുമായി ശാശ്വത് ദാങ്വാളുമാണ് ക്രീസില്‍.
മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഉത്തരാഖണ്ഡിന്റെ ശേഷിക്കുന്ന വിക്കറ്റുകളും പിഴുതെറിയാനാണ് കേരളത്തിന്റെ ശ്രമം. പവന്‍രാജും ആപ്പിള്‍ ടോമും അടങ്ങുന്ന കേരളത്തിന്റെ ബൗളിങ് നിര മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അവസാന ദിവസം എതിരാളികളെ ഫോളോ ഓണിനയക്കാനുള്ള അവസരവും കേരളത്തിന് മുമ്പില്‍ തുറന്നേക്കും.
കേരളത്തിന്റെ ട്രിപ്പിള്‍ സെഞ്ചൂറിയന്‍സ്
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ഷോണ്‍ റോജര്‍, വിഷ്ണു നായനാര്‍, അഹമ്മദ് ഇമ്രാന്‍ എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോറിലേക്ക് നടന്നുകയറിയത്.
ഷോണ്‍ റോജര്‍ 191 പന്തില്‍ 151 റണ്‍സ് നേടി. 19 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 156 പന്തില്‍ 122 റണ്‍സുമായാണ് വരുണ്‍ നായനാര്‍ തിളങ്ങിയത്. 116 പന്ത് നേരിട്ട് പുറത്താകാതെ 101 റണ്‍സാണ് താരം നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്സറുമാണ് താരം സ്‌കോര്‍ ചെയ്തത്.
അഹമ്മദ് ഇമ്രാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ കേരളം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
67 പന്തില്‍ 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അഭിഷേക് നായര്‍, 30 പന്തില്‍ 34 റണ്‍സ് നേടിയ ജിഷ്ണു എ. എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഉത്തരാഖണ്ഡിനായി ആദിത്യ റാവത്ത് രണ്ട് വിക്കറ്റ് നേടി. ജിഷ്ണു റണ്‍ ഔട്ടായപ്പോള്‍ ഹര്‍ഷ് റാണ, ആരുഷ്, അജയ്, ഹര്‍ഷ് പട്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനോട് പരാജയപ്പെട്ട നിരാശയിലാണ് കേരളം രണ്ടാം മത്സരത്തിനിറങ്ങിയത്. ആദ്യ ഇന്നിങ്സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത് കേരളത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.