സി.കെ. നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിലേക്ക് കേരളം. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് കേരളം സ്വന്തമാക്കിയത്.
സൂപ്പര്‍ താരങ്ങളായ വരുണ്‍ നായനാര്‍, ഷോണ്‍ റോജര്‍ എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് കേരളം മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്.
വരുണ്‍ നായനാര്‍ 156 പന്തില്‍ 122 റണ്‍സ് നേടിയപ്പോള്‍ 144 പന്തില്‍ 113 റണ്‍സുമായാണ് ഷോണ്‍ റോജര്‍ ക്രീസില്‍ തുടരുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് താരം കേരളത്തിനായി സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്.
മത്സരത്തിന്റെ ആദ്യ ദിനം തന്നെ വരുണിന്റെ ബാറ്റ് സെഞ്ച്വറി നേടിയിരുന്നു. താരത്തിന്റെ കരുത്തില്‍ ആദ്യ ദിനം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനും കേരളത്തിനായി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 23ല്‍ നില്‍ക്കവെ ഓപ്പണര്‍ റിയ ബഷീറിനെ കേരളത്തിന് നഷ്ടമായി. 24 പന്തില്‍ പത്ത് റണ്‍സ് നേടി നില്‍ക്കവെ അജയ്യുടെ പന്തില്‍ സന്‍സ്‌കാര്‍ റാവത്തിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
വണ്‍ ഡൗണായാണ് നായനാര്‍ ക്രീസിലെത്തിയത്. ഓപ്പണര്‍ കൂടിയായ ക്യാപ്റ്റന്‍ അഭിഷേക് നായരെ ഒപ്പം കൂട്ടി വരുണ്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
മികച്ച കൂട്ടുകെട്ടുമായി മുമ്പോട്ട് കുതിക്കുകയായിരുന്ന ഈ പാര്‍ട്ണര്‍ഷിപ് ഹര്‍ഷ് റാണ തകര്‍ത്തെറിഞ്ഞു. ടീം സ്‌കോര്‍ 94ല്‍ നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ സന്‍സ്‌കാര്‍ റാവത്തിന് ക്യാച്ച് നല്‍കി ക്യാപ്റ്റന്‍ പുറത്തായി. 67 പന്തില്‍ 31 റണ്‍സുമായാണ് അഭിഷേക് നായര്‍ മടങ്ങിയത്.
നാലാം നമ്പറില്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയനായ ഷോണ്‍ റോജര്‍ കളത്തിലിറങ്ങിയതോടെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. വരുണിനെ ഒപ്പം കൂട്ടി റോജര്‍ കേരളത്തെ വീണ്ടും ഡ്രൈവിങ് സീറ്റിലിരുത്തി.
മത്സരത്തിന്റെ രണ്ടാം ദിവസം 13 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വരുണ്‍ മടങ്ങി. 156 പന്തില്‍ 122 റണ്‍സാണ് താരം നേടിയത്. ടീം സ്‌കോര്‍ 94ല്‍ ഒന്നുചേര്‍ന്ന വരുണിന്‍രെയും ഷോണിന്റെയും കൂട്ടുകെട്ട് തകരുന്നത് 259ാം റണ്‍സിലാണ്.
ഒപ്പമുള്ളവന്‍ വീണെങ്കിലും ഷോണ്‍ റോജര്‍ ചെറുത്ത് നില്‍പ് തുടര്‍ന്നു. 21 പന്തില്‍ 25 റണ്‍സ് നേടിയ രോഹന്‍ നായര്‍ വീണെങ്കിലും അഹമ്മദ് ഇമ്രാനെ ഒപ്പം കൂട്ടി താരം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയാണ്.
നിലവില്‍ 70.5 ഓവര്‍ പിന്നിടുമ്പോള്‍ 326ന് നാല് എന്ന നിലയിലാണ് കേരളം. 144 പന്തില്‍ 113 റണ്‍സുമായി ഷോണ്‍ റോജറും 14 പന്തില്‍ 12 റണ്‍സുമായി അഹമ്മദ് ഇമ്രാനുമാണ് ക്രീസില്‍.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു. മഹാജന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ ചണ്ഡിഗഡാണ് കേരളത്തെ പരാജയപ്പെടുത്തിയത്. എട്ട് വിക്കറ്റിനായിരുന്നു ടീമിന്റെ പരാജയം.