സി.കെ. നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനവുമായി കേരളം. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്‌സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്‌കോര്‍ ബോര്‍ഡില്‍ 231 റണ്‍സ് എഴുതിച്ചേര്‍ത്താണ് കേരളം കുതിക്കുന്നത്.
വരുണ്‍ നായനാരുടെ സെഞ്ച്വറി കരുത്തിലാണ് കേരളം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനൊരുങ്ങുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 23ല്‍ നില്‍ക്കവെ ഓപ്പണര്‍ റിയ ബഷീറിനെ കേരളത്തിന് നഷ്ടമായി. 24 പന്തില്‍ പത്ത് റണ്‍സ് നേടി നില്‍ക്കവെ അജയ്‌യുടെ പന്തില്‍ സന്‍സ്‌കാര്‍ റാവത്തിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
വണ്‍ ഡൗണായി വിക്കറ്റ് കീപ്പര്‍ വരുണ്‍ നായനാരാണ് ക്രീസിലെത്തിയത്. ക്യാപ്റ്റന്‍ അഭിഷേക് നായരെ ഒപ്പം കൂട്ടി വരുണ്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
മികച്ച കൂട്ടുകെട്ടുമായി മുമ്പോട്ട് കുതിക്കുകയായിരുന്ന ഈ പാര്‍ട്ണര്‍ഷിപ്പിന് ഹര്‍ഷ് റാണ ഫുള്‍ സ്‌റ്റോപ്പിട്ടു. ടീം സ്‌കോര്‍ 94ല്‍ നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ സന്‍സ്‌കാര്‍ റാവത്തിന് ക്യാച്ച് നല്‍കി ക്യാപ്റ്റന്‍ പുറത്തായി. 67 പന്തില്‍ 31 റണ്‍സുമായാണ് അഭിഷേക് നായര്‍ മടങ്ങിയത്.
നാലാം നമ്പറില്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയനായ ഷോണ്‍ റോജറാണ് കളത്തിലിറങ്ങിയത്. വരുണിനെ ഒപ്പം കൂട്ടി റോജര്‍ കേരളത്തെ വീണ്ടും ഡ്രൈവിങ് സീറ്റിലിരുത്തി. ഇരുവരും മാറി മാറി ഉത്തരാഖണ്ഡ് ബൗളര്‍മാരെ പരീക്ഷിച്ചുകൊണ്ടിരുന്നു.
ഇതിനിടെ വരുണ്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.
മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 143 പന്തില്‍ 109 റണ്‍സുമായി വരുണ്‍ നായനാരും 97 പന്തില്‍ 72 റണ്‍സുമായി റോജര്‍ ഷോണുമാണ് ക്രീസില്‍. നേരത്തെ ചണ്ഡിഗഡിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ റോജര്‍ ഷോണ്‍ ഇപ്പോള്‍ മറ്റൊരു സെഞ്ച്വറിയുടെ പ്രതീതി കൂടി ജനിപ്പിക്കുകയാണ്.
എലീറ്റ് ഗ്രൂപ്പ് എ-യില്‍ കരുത്തര്‍ക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. ആദ്യ മത്സരം പരാജയപ്പെട്ട കേരളം നിലവില്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ്. നിലവില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന ഉത്തരാഖണ്ഡിനെ തറപറ്റിച്ച് മികച്ച തിരിച്ചുവരവിനാണ് കേരളം ഒരുങ്ങുന്നത്.
കേരളം പ്ലെയിങ് ഇലവന്‍
അഭിഷേക് നായര്‍ (ക്യാപ്റ്റന്‍), റിയ ബഷീര്‍, അഹമ്മദ് ഇമ്രാന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ഷോണ്‍ റോജര്‍, രോഹന്‍ നായര്‍, ആസിഫ് അലി, എ. ജിഷ്ണു, പവന്‍ രാജ്, കിരണ്‍ സാഗര്‍, ഈഥന്‍ ആപ്പിള്‍ ടോം.
ഉത്തരാഖണ്ഡ് പ്ലെയിങ് ഇലവന്‍
സന്‍സ്‌കാര്‍ റാവത്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹിതേഷ്, ശിവാന്‍ഷ്, ആഞ്ജനേയ സൂര്യവന്‍ഷി, ശാശ്വത് ദാങ്വാള്‍, ആരുഷ്, ഹര്‍ശ് പട്വാള്‍, രോഹി, ആദിത്യ റാവത്ത്, അജയ്.
Content Highlight: Col. CK Nayudu Trophy: Kerala vs Uttarakhand: Day 1 updates