Sports News
സ്വന്തം തട്ടകത്തില്‍ ആദ്യ ജയം തേടി കേരളം; നാല് അര്‍ധ സെഞ്ച്വറികള്‍, ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Oct 28, 09:14 am
Monday, 28th October 2024, 2:44 pm

സി.കെ. നായിഡു ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ കേരളത്തിന് മോശമല്ലാത്ത ആദ്യ ഇന്നിങ്‌സ് സ്‌കോര്‍. ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ 319 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ടോട്ടലാണ് കേരളം സ്വന്തമാക്കിയത്. വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കേരളത്തിന്റെ രണ്ടാം മത്സരവും ഇതേ ഗ്രൗണ്ടില്‍ തന്നെയാണ് നടന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ക്യാപ്റ്റന്‍ അഭിഷേക് നായര്‍ അടക്കം നാല് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടി. ഇവരുടെ കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലെത്തിയത്.

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയ ഷോണ്‍ റോജര്‍ തന്നെയാണ് മൂന്നാം മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും മികച്ചുനിന്നത്. 75 പന്ത് നേരിട്ട് 68 റണ്‍സാണ് താരം നേടിയത്. എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഷോണ്‍ റോജറിന്റെ ഇന്നിങ്‌സ്.

ക്യാപ്റ്റന്‍ അഭിഷേക് നായര്‍ 75 പന്തില്‍ നിന്നും 62 റണ്‍സ് നേടി. രോഹന്‍ നായര്‍ 121 പന്തില്‍ നിന്നും 62 റണ്‍സടിച്ചപ്പോള്‍ 122 പന്തില്‍ നിന്നും 58 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ വരുണ്‍ നായനാര്‍ സ്‌കോര്‍ ചെയ്തത്.

20 റണ്‍സ് നേടിയ റിയ ബഷീറും 15 റണ്‍സടിച്ച മുഹമ്മദ് എനാനുമാണ് ഇരട്ടയക്കം കണ്ട മറ്റ് കേരള ബാറ്റര്‍മാര്‍.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാന്‍ ഒഡീഷക്കെതിരെ നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട് ഒരു റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.

ഒഡീഷയ്ക്കായി സംമ്പിത് എസ്. ബരാല്‍ നാല് വിക്കറ്റ് നേടി. റിയ ബഷീര്‍, അഭിഷേക് നായര്‍, വരുണ്‍ നായനാര്‍, ഷോണ്‍ റോജര്‍ എന്നിവരെയാണ് താരം പുറത്താക്കിയത്.

സായ്ദീപ് മോഹപത്ര 18 ഓവര്‍ പന്തെറിഞ്ഞ് 49 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആശുതോഷ് ചുരിയ രണ്ട് വിക്കറ്റും നേടി. ആയുഷ് കെ. ബാരിക്കാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

ഒടുവില്‍ സ്‌കോര്‍ ബോര്‍ഡില്‍ 319 റണ്‍സ് ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റും കേരളത്തിന് നഷ്ടമായി.

കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് മറികടന്ന് ലീഡ് ഉയര്‍ത്താനിറങ്ങിയ ഒഡീഷ നിലവില്‍ 100 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. മൂന്ന് വിക്കറ്റും ടീമിന് നഷ്ടമായി. ശുഭം നായിക്, ബിശ്വ ബിഹാബ് മുദുലി, സുജല്‍ കെ. സിങ് എന്നിവരുടെ വിക്കറ്റാണ് ഒഡീഷയ്ക്ക് നഷ്ടമായത്. 45 റണ്‍സുമായി ഓം, 15 റണ്‍സുമായി ക്യാപ്റ്റന്‍ സവാന്‍ പഹാരിയ എന്നിവരാണ് ക്രീസില്‍.

കേരള പ്ലെയിങ് ഇലവന്‍

റിയ ബഷീര്‍, അഭിഷേക് നായര്‍ (ക്യാപ്റ്റന്‍), വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ഷോണ്‍ റോജര്‍, അഹമ്മദ് ഇമ്രാന്‍, രോഹന്‍ നായര്‍, ആസിഫ് അലി, മുഹമ്മദ് എനാന്‍, ജിഷ്ണു എ, ഈഥന്‍ ആപ്പിള്‍ ടോം, പവന്‍ രാജ്.

ഒഡീഷ പ്ലെയിങ് ഇലവന്‍

ശുഭം നായിക്, ബിശ്വ ബിഹാബ് മുദുലി, ഓം, സുജല്‍ കെ. സിങ്, സവാന്‍ പഹാരിയ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അശുതോഷ് ചുരിയ, സായ്ദീപ് മോഹപത്ര, സമ്പിത് എസ്. ബരാല്‍, സ്വൂപ് എസ്. ഭുയാന്‍, ആയുഷ് കെ. ബാരിക്, അശുതോഷ് മാര്‍ണ്ടി.

 

Content Highlight: Col. CK Nayudu Trophy: Kerala vs Odisha updates