| Tuesday, 29th October 2024, 5:14 pm

തകര്‍ന്നടിഞ്ഞ് കേരളം; സ്വന്തം മണ്ണില്‍ മൂന്നാം ദിവസവും ഇടനെഞ്ചില്‍ ഇടിത്തീ

സ്പോര്‍ട്സ് ഡെസ്‌ക്

സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ഒഡീഷയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളമുര്‍ത്തിയ 319 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ മറികടന്നാണ് ഒഡീഷ ബാറ്റിങ് തുടരുന്നത്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 153 റണ്‍സിന്റെ ലീഡാണ് ഒഡീഷയ്ക്കുള്ളത്.

സെഞ്ച്വറി നേടിയ സമ്പിത് പാട്ടീലിന്റെയും സെഞ്ച്വറിക്ക് തൊട്ടരികിലെത്തി വീണ ഓമിന്റെയും കരുത്തിലാണ് ഒഡീഷ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ക്യാപ്റ്റന്‍ അഭിഷേക് നായര്‍ അടക്കം നാല് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടി.

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയ ഷോണ്‍ റോജര്‍ തന്നെയാണ് മൂന്നാം മത്സരത്തിലും മികച്ചുനിന്നത്. 75 പന്ത് നേരിട്ട് 68 റണ്‍സാണ് താരം നേടിയത്. എട്ട് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു ഷോണ്‍ റോജറിന്റെ ഇന്നിങ്സ്.

ക്യാപ്റ്റന്‍ അഭിഷേക് നായര്‍ 75 പന്തില്‍ നിന്നും 62 റണ്‍സ് നേടി പുറത്തായി. രോഹന്‍ നായര്‍ 121 പന്തില്‍ നിന്നും 62 റണ്‍സടിച്ചപ്പോള്‍ 122 പന്തില്‍ നിന്നും 58 റണ്‍സാണ് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

20 റണ്‍സ് നേടിയ റിയ ബഷീറും 15 റണ്‍സടിച്ച മുഹമ്മദ് എനാനുമാണ് ഇരട്ടയക്കം കണ്ട മറ്റ് കേരള ബാറ്റര്‍മാര്‍.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാന്‍ ഒഡീഷക്കെതിരെ നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട് ഒരു റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.

ഒഡീഷയ്ക്കായി സമ്പിത് എസ്. ബരാല്‍ നാല് വിക്കറ്റ് നേടി. റിയ ബഷീര്‍, അഭിഷേക് നായര്‍, വരുണ്‍ നായനാര്‍, ഷോണ്‍ റോജര്‍ എന്നിവരെയാണ് താരം പുറത്താക്കിയത്.

സായ്ദീപ് മോഹപത്ര 18 ഓവര്‍ പന്തെറിഞ്ഞ് 49 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആശുതോഷ് ചുരിയ രണ്ട് വിക്കറ്റും സ്വന്തമാക്കി. ആയുഷ് കെ. ബാരിക്കാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

ഒടുവില്‍ സ്‌കോര്‍ ബോര്‍ഡില്‍ 319 റണ്‍സ് ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റും കേരളത്തിന് നഷ്ടമായി.

ആദ്യ ഇന്നിങ്‌സിനറങ്ങിയ ഒഡീഷയ്ക്ക് തുടക്കം പാളിയെങ്കിലും പോകെ പോകെ മൊമെന്റം പടുത്തുയര്‍ത്തി.

ബൗളിങ്ങില്‍ കേരളത്തെ വരിഞ്ഞുമുറുക്കിയ സമ്പിത് എസ്. ബരാല്‍ ബാറ്റിങ്ങിലും വിരുതുകാട്ടി. സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം തിളങ്ങിയത്.

നിലവില്‍ 139 പന്തില്‍ 106 റണ്‍സുമായാണ് താരം ബാറ്റിങ് തുടരുന്നത്. പത്ത് ഫോറും രണ്ട് സിക്‌സറും അടക്കമാണ് താരം ബാറ്റിങ് തുടരുന്നത്.

ഓം 211 പന്തില്‍ 92 റണ്‍സടിച്ച് പുറത്തായി. ക്യാപ്റ്റന്‍ സവാന്‍ പഹാരിയ (200 പന്തില്‍ 76), സായ്ദീപ് മോഹപത്ര (110 പന്തില്‍ 64), ആശുതോഷ് മാര്‍ണ്ടി (99 പന്തില്‍ 51) എന്നിവരാണ് ഒഡീഷയ്ക്കായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഈഥന്‍ ആപ്പിള്‍ ടോം കേരളത്തിനായി നാല് വിക്കറ്റ് നേടി. ജിഷ്ണു എ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പവന്‍ രാജ് ഒരു വിക്കറ്റും തന്റെ പേരില്‍ കുറിച്ചു.

സീസണില്‍ ഇതുവരെ വിജയം സ്വന്തമാക്കാന്‍ സാധിക്കാത്ത കേരളത്തിന് ഒഡീഷക്കെതിരെ നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാജിക് പുറത്തെടുക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content highlight: Col. CK Nayudu Trophy: Kerala vs Odisha, Day 3 Updates

We use cookies to give you the best possible experience. Learn more