തകര്‍പ്പന്‍ സെഞ്ച്വറി പാഴായി; കേരളത്തിന് വമ്പന്‍ തോല്‍വി
Sports News
തകര്‍പ്പന്‍ സെഞ്ച്വറി പാഴായി; കേരളത്തിന് വമ്പന്‍ തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th October 2024, 12:34 pm

സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിന് പരാജയം. മഹാജന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ ചണ്ഡിഗഡാണ് കേരളത്തെ തകര്‍ത്തുവിട്ടത്. എട്ട് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്.

സ്‌കോര്‍

കേരളം: 384 & 150

ചണ്ഡിഗഡ്: 412 & 127/3

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് മോശമല്ലാത്ത തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ 66 റണ്‍സാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 12 റണ്‍സ് ടോട്ടലിലേക്ക് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി.

റിയ ബഷീര്‍ (59 പന്തില്‍ 27), ആകര്‍ഷ് എ.കെ. (22 പന്തില്‍ അഞ്ച്), ക്യാപ്റ്റന്‍ അഭിഷേക് നായര്‍ (62 പന്തില്‍ 41) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

എന്നാല്‍ നാലാം നമ്പറില്‍ ഷോണ്‍ റോജറെത്തിയതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളച്ചു. വിക്കറ്റ് കീപ്പര്‍ വരുണ്‍ നായനാരും (49 പന്തില്‍ 17), രോഹന്‍ നായരും (എട്ട് പന്തില്‍ എട്ട്) പുറത്തായെങ്കിലും പിന്നാലെയെത്തിയ ആസിഫ് അലിയെ ഒപ്പം കൂട്ടി റോജര്‍ സ്‌കോര്‍ ഉയര്‍ത്തി.

ആറാം വിക്കറ്റില്‍ 166 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്. 142ല്‍ ഒന്നിച്ച ഇരുവടെയും കൂട്ടുകെട്ട് 308ലാണ് അവസാനിക്കുന്നത്. ആസിഫിനെ പുറത്താക്കി ഇവ്‌രാജാണ് കൂട്ടുകെട്ട് പൊളിച്ചത്. 132 പന്തില്‍ 74 റണ്‍സ് നേടിയാണ് താരം പുറത്തായത്. തൊട്ടുപിന്നാലെ സില്‍വര്‍ ഡക്കായി അനുരാജും പുറത്തായി.

ആസിഫ് പുറത്തായെങ്കിലും മറുവശത്ത് നിന്ന് റോജര്‍ ചെറുത്തുനിന്നു. ഒടുവില്‍ ടീം സ്‌കോര്‍ 372ല്‍ നില്‍ക്കവെ നിഖിലാണ് താരത്തെ പുറത്താക്കിയത്.

196 പന്തില്‍ 165 റണ്‍സ് നേടിയാണ് ഷോണ്‍ റോജര്‍ മടങ്ങിയത്. 14 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഒടുവില്‍ 382ല്‍ കേരളത്തിന്റെ പത്താം വിക്കറ്റും വീണു.

ചണ്ഡിഗഡിനായി ഇവ്‌രാജ് രണൗത ഏഴ് വിക്കറ്റ് നേടി. ഹര്‍ഷിത് രണ്ട് വിക്കറ്റെടുത്തപ്പോള്‍ നിഖില്‍ ശേഷിച്ച വിക്കറ്റും നേടി.

കേരളം ഉയര്‍ത്തിയ സ്‌കോര്‍ മറികടന്ന് ലീഡ് ഉയര്‍ത്താനിറങ്ങിയ ചണ്ഡിഗഡ് തുടക്കത്തിലേ തകര്‍ത്തടിച്ചു. ദേവാംഗ് കൗശിക്കും അര്‍ണവ് ബന്‍സാലും അടിത്തറയിട്ട ഇന്നിങ്‌സ് നിഖിലും അക്ഷിത് റാണയും ചേര്‍ന്ന് കെട്ടിപ്പൊക്കി.

അക്ഷിത് റാണ 99 പന്തില്‍ 97 റണ്‍സ് നേടി പുറത്തായി. 12 ഫോറും മൂന്ന് സിക്‌സറുമാണ് അര്‍ഹിച്ച സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ വീഴും മുമ്പ് താരം അടിച്ചെടുത്തത്.

ദേവാംഗ് കൗശിക് 202 പന്തില്‍ 88 റണ്‍സ് സ്വന്തമാക്കി. നിഖില്‍ 71 പന്തില്‍ 68 റണ്‍സടിച്ചപ്പോള്‍ 63 പന്തില്‍ 62 റണ്‍സാണ് അര്‍ണവ് ബന്‍സാല്‍ സ്വന്തമാക്കിയത്.

ഒടുവില്‍ 28 റണ്‍സിന്റെ ലീഡുമായി ചണ്ഡിഗഡ് 412 റണ്‍സിന് പുറത്തായി.

കേരളത്തിനായി കിരണ്‍ സാഗര്‍ ഫൈഫര്‍ നേടി. എട്ട് മെയ്ഡന്‍ അടക്കം 35.4 ഓവര്‍ പന്തെറിഞ്ഞ് അഞ്ച് വിക്കറ്റാണ് താരം നേടിയത്. ഈഥന്‍ ആപ്പിള്‍ ടോം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷോണ്‍ റോജര്‍, ജെ.എസ്. അനുരാജ്, ആസിഫ് അലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ കേരളത്തിന് രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടി നേരിട്ടു. വെറും 150 റണ്‍സിന് കേരളം പുറത്തായി. 84 പന്തില്‍ 47 റണ്‍സ് നേടിയ റിയ ബഷീറാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.

രണ്ടാം ഇന്നിങ്‌സില്‍ ഹര്‍ഷിത് ഫൈഫര്‍ നേടി. ഇവ്‌രാജ് രണൗത മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍മാന്‍ ജാകര്‍, അന്‍മോല്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചണ്ഡിഗഡ് ക്യാപ്റ്റന്‍ പരാസിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കി.

 

Content Highlight: Col C K Nayudu Trophy: Chandigarh defeated Kerala