മാസങ്ങളായി കൂലിയില്ലാതെ കയര്‍തൊഴിലാളികള്‍; തൊഴില്‍വകുപ്പിന്റെ മൗനത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍
Agrarian crisis
മാസങ്ങളായി കൂലിയില്ലാതെ കയര്‍തൊഴിലാളികള്‍; തൊഴില്‍വകുപ്പിന്റെ മൗനത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍
ഗോപിക
Saturday, 7th July 2018, 2:59 pm

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളിലൊന്നാണ് കയര്‍. ഇപ്പോഴും നിലനില്‍ക്കുന്ന കയര്‍ വ്യവസായമേഖല കൊല്ലം ആലപ്പുഴ തുടങ്ങിയ തെക്കന്‍ ജില്ലകളിലാണ് അധികവും. ഈ പ്രദേശങ്ങളിലെ സ്ത്രീകളടക്കമുള്ളവര്‍ തങ്ങളുടെ വീടിനു സമീപം കയര്‍ തറികള്‍ സ്ഥാപിച്ച് ഉപജീവനമാര്‍ഗ്ഗം നടത്തുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിന്റെ തനത് വ്യവസായ രൂപമായ കയര്‍ വ്യവസായം തിരിച്ചടികള്‍ നേരിട്ടുക്കൊണ്ടിരിക്കുകയാണ്. തൊഴിന് വേണ്ട രീതിയില്‍ വേതനം ലഭിക്കാത്തതാണ് ഈ പരമ്പരാഗത വ്യവസായത്തിന് ഇപ്പോള്‍ തിരിച്ചടിയായിക്കൊണ്ടിരിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ഒരു കാലത്ത് ധാരാളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന ഈ മേഖലയില്‍ ഇന്ന് കുറഞ്ഞ വേതനവും മറ്റ് തൊഴിലുകളുടെ സ്വാധീനവും തൊഴിലാളികള്‍ കൊഴിഞ്ഞു പോകുന്നുതിന് ഇടയാക്കുന്നു. ആലപ്പുഴ, കോട്ടയം, ജില്ലകളിലാണ് കയര്‍ മേഖല തൊഴിലാക്കി ഉപജീവനം നടത്തുന്നവര്‍ ഏറെയുള്ളത്.


ALSO READ: കാമ്പസ് ഫ്രണ്ട് ആരുടെ ഉത്തരവാദിത്വം?


അച്ഛന്റെ കാലത്ത് തുടങ്ങിയതാണ് കയര്‍ പിരിക്കല്‍ ജോലി. കുടുംബത്തിന്റെ ഉപജീവനത്തിനും അത്യാവശ്യം ചെലവുകളും നടന്നുപോകുന്നത് ഈ ജോലി ഉള്ളതുകൊണ്ടായിരുന്നു. ഇപ്പോള്‍ കുറച്ച് നാളായി ജോലി തുടര്‍ന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കയറിന് വേണ്ടത്ര വില കിട്ടാത്തതും തൊഴില്‍ സാമഗ്രികള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിലെ ചെലവുമാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് കയര്‍ തൊഴിലാളിയായ ചവറ സ്വദേശി രത്‌നമ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

ദിവസത്തില്‍ എട്ടുമണിക്കൂറിലധികം പണിയെടുത്താല്‍ കിട്ടുന്നത് മുന്നൂറ് മുതല്‍ 400 രൂപ വരെയാണ്. അതിലെ സര്‍ക്കാര്‍ വിഹിതം ഇപ്പോള്‍ കിട്ടുന്നുമില്ല. സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ഈ മേഖലയില്‍ പണിയെടുക്കുന്നത്. കയര്‍പിരി പ്രതിസന്ധിയിലായതോടെ തൊഴിലുറപ്പിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴെന്നും രത്‌നമ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Image result for കയര്‍ തൊഴിലാളികള്‍

തൊഴിലുറപ്പിന് വരെ 600 രൂപാ കൂലിയുള്ളപ്പോള്‍ കയര്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് അതിനെക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും രത്‌നമ്മ പറഞ്ഞു.

നിലവില്‍ ഇപ്പോള്‍ ഒരു ദിവസം കയര്‍ പിരിച്ചാല്‍ കിട്ടുന്നത് 300 രൂപയാണ്. ഇതില്‍ 105 രൂപ സര്‍ക്കാരിന്റെ വരുമാന പദ്ധതിയില്‍ നിന്നാണ് നല്‍കുന്നത്. എന്നാല്‍ ഈ തുക ഇപ്പോള്‍ ലഭിക്കാത്തത് കയര്‍തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.


ALSO READ: പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കുമ്പോള്‍ മറികടക്കാന്‍ കടമ്പകളേറെ


തിരുവനന്തപുരം ജില്ലയില്‍ തന്നെ ഏകദേശം 58 ഓളം കയര്‍ സംഘങ്ങളാണ് ഉള്ളത്. അതില്‍ തന്നെ 45 ഓളം കയര്‍ നിര്‍മ്മാണ സംഘങ്ങള്‍ പ്രവര്‍ത്തനരഹിതമാണ്. തൊവില്‍മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് തിരുവനന്തപുരം ജില്ലയിലെ തന്നെ കഠിനംകുളം, മഞ്ചാടിമൂട് എന്നീ സംഘങ്ങള്‍ പൂട്ടിയിട്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലോടെ ഇവ വീണ്ടും പ്രവര്‍ത്തന ആരംഭിച്ചിട്ടുണ്ട്.

ചകിരിയുടെ ഉയര്‍ന്ന വിലയും കയര്‍ മേഖലയെ പ്രതിസന്ധിയിലാക്കിയതിന് പ്രധാന കാരണമായിട്ടുണ്ട്. 30 കിലോഗ്രാം തൂക്കം വരുന്ന ഒരു കെട്ട് ചകിരിയുടെ വില 780 മുതല്‍ 800 രൂപയായി ഉയര്‍ന്നു.

Image result for കയര്‍ തൊഴിലാളികള്‍

തമിഴ്നാട്ടില്‍ തേങ്ങയുടെ ഉത്പാദനം കുറഞ്ഞതാണ് ചകിരിവില ഉയരാന്‍ കാരണം. തമിഴ്നാട്ടില്‍ നിന്ന് ചൈനയിലേക്ക് ചകരി കയറ്റി അയക്കുന്നതും. സേലത്ത് ചെറുകിടമായി കയര്‍ യൂണിറ്റ് തുടങ്ങിയതുമാണ് ചകിരിക്ക് വില വര്‍ദ്ധനക്ക് കാരണമായി.

1000 തേങ്ങയുടെ തൊണ്ടിന് തമിഴ്നാട്ടില്‍ ഇപ്പോള്‍ 1600 രൂപവരെ വിലയുണ്ട് കേരളത്തില്‍ 1000 തേങ്ങയുടെ തൊണ്ടിന് 1000 രൂപയില്‍ കൂടുതല്‍ വിലയില്ല.


ALSO READ: ഫോര്‍മലിന്‍ ഫോബിയ ദുരിതത്തിലാക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ


കുടുംബശ്രീകള്‍ മുഖേനയും മറ്റു നാട്ടിന്‍ പുറങ്ങളിലെ തൊണ്ട് സംഭരിക്കുമെന്ന് നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ ഈ കാര്യത്തില്‍ യാതൊരു തീരുമാനവും ആയിട്ടില്ല. ചകിരിയുടെ വിലവര്‍ദ്ധന കയര്‍ വ്യവസായ സഹകരണ സംഘങ്ങളെയും ചെറുകിട സ്വകാര്യ കയര്‍ ഉത്പാദകരെയും ബാധിച്ചിരിക്കുകയാണ്.

കയര്‍ സഹകരണ സംഘങ്ങള്‍ക്ക് കയര്‍ഫെഡ് സബ്സിഡി നിരക്കില്‍ ചകിരി നല്‍കുന്നുവെങ്കിലും വേണ്ടത്ര ലഭിക്കാത്തതിനാല്‍ പല സഹകരണ സംഘങ്ങളും പൊളളാച്ചിയില്‍ നിന്നാണ് ചകിരി വാങ്ങുന്നത്. ഉയര്‍ന്ന വിലക്ക് വാങ്ങുന്ന ചകിരി കൊണ്ട് ഉത്പാദിപ്പിക്കുന്ന കയറിന് പുറം മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയാണ് കയര്‍ഫെഡ് നല്‍കുന്നത്. ഇത് മൂലം കയര്‍ സഹകരണ സംഘങ്ങള്‍ വന്‍നഷ്ടമാണ് ഇപ്പോള്‍ നേരിടുന്നത്.

അതേസമയം കയര്‍ വകുപ്പില്‍ പരാതിയുമായി ചെല്ലുമ്പോള്‍ ലഭിക്കുന്ന മറുപടി തൊഴില്‍ വകുപ്പില്‍ നിന്ന് ഈ മേഖലയ്ക്ക് ആവശ്യമായ പണം ലഭിക്കാത്തതാണ് കാരണം എന്നാണ്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാവശ്യം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് കയര്‍ തൊഴിലാളി സംഘങ്ങള്‍.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.