ന്യൂദല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷാ വീഴ്ച യാദൃശ്ചികമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ സുരക്ഷാ വീഴ്ചയോടെ തങ്ങളുടെ നേതാക്കളുടെ ജീവന് അപകട സാധ്യതയേറുകയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന കോണ്‍ഗ്രസ് എം.പിമാരുടെ വാദത്തിന് മറുപടി പറയുകയായിരുന്നു ഷാ.
‘കറുത്ത എസ്.യു.വി കാറില്‍ രാഹുല്‍ ഗാന്ധി തന്നെ കാണാന്‍ വരുന്നതായി പ്രിയങ്ക ഗാന്ധിക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ മറ്റൊരു കറുത്ത എസ്.യു.വി അതേ സമയം തന്നെ അവിടെയെത്തി. അതില്‍ മീററ്റിലെ കോണ്‍ഗ്രസ് നേതാവ് ഷര്‍ദ ത്യാഗിയായിരുന്നു’.
‘കാറും സമയവും കൃത്യമായിരുന്നു. അത് യാദൃശ്ചികം മാത്രം. അതുകൊണ്ടാണ് ഷര്‍ദ ത്യാഗിയുടെ കാര്‍ സുരക്ഷാ പരിശോധനയില്ലാതെ അകത്തേക്ക് കടത്തിവിട്ടത്. തുടര്‍ന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും നിയമലംഘനത്തിന് ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥരെ അനേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്’, അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. എസ്.പി.ജി ബില്‍ ഭേദഗതിയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം പ്രതികരിച്ചത്.