കാപ്പി പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. കാപ്പി ധാരാളം കുടിക്കുന്നത് കരള്‍ രോഗത്തില്‍ നിന്നു സംരക്ഷണം നല്‍കുമത്രേ. മദ്യപിക്കാത്തവര്‍ക്കു വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ്(NAFLD)വരുന്നതു തടയാന്‍ ദിവസവും അഞ്ചോ ആറോ കപ്പ് കാപ്പി കുടിക്കുന്നതു മൂലം സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
മദ്യം ഉപയോഗിക്കാത്തവരുടെ കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റിലിവര്‍. ഈ അവസ്ഥ ചിലരില്‍ ലക്ഷണങ്ങളൊന്നും കാണിക്കില്ല. സങ്കീര്‍ണതകളും ഇല്ല. എന്നാല്‍ ചിലരില്‍ കൊഴുപ്പ് അടിഞ്ഞുകൂടി കരളില്‍ വീക്കവും പാടുകളും ഉണ്ടാകുന്നു. ഇത് പിന്നീട് ലിവര്‍ സിറോസിസ് അഥവാ കരള്‍ വീക്കത്തിന് കാരണമാകും. കുടല്‍ വ്യാപനം അതായത് നിയന്ത്രിതമായി വസ്തുക്കളെ കുടല്‍ഭിത്തിയിലെ കോശങ്ങളിലൂടെ കടത്തിവിടാനുള്ള കഴിവ് കുറയ്ക്കാന്‍ കാപ്പിക്കു കഴിയുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞു. ഇറ്റലിയിലെ നാപ്പോളി സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ദിവസവും കൃത്യമായ അളവില്‍ ആറു കപ്പ് കാപ്പി എലികള്‍ക്ക് നല്‍കി. കൊഴുപ്പു കൂടിയ ഭക്ഷണം കൊടുത്ത ഈ എലികളില്‍ രോഗത്തിന്റെ സൂചകങ്ങള്‍ മെച്ചപ്പെട്ടതായി കണ്ടു. ഇവയ്ക്ക് ഭാരം കൂടിയതുമില്ല. എന്നാല്‍ ഇതേ ഭക്ഷണം നല്‍കിയ കാപ്പി കൊടുക്കാത്ത എലികളില്‍ ഭാരം കൂടിയതായും കണ്ടു. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് തടയാന്‍ കാപ്പിക്കു കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ കുടലിന്റെ വ്യാപനം കുറയ്ക്കാന്‍ കാപ്പിക്കു കഴിയുമെന്ന് തെളിയിച്ച ആദ്യപഠനമാണിത്. കുടല്‍ വ്യാപനം കൂടുമ്പോഴാണ് കരളിനു പരുക്കേല്‍ക്കുകയും കരള്‍രോഗം കൂടുകയും ചെയ്യുന്നത്.
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അതായത് കരളിലെ കോശങ്ങള്‍ നശിക്കാനിടയാക്കുന്ന ബലൂണിങ് ഡിജനറേഷന്‍ പോലുള്ള കോശങ്ങളുടെ നാശം തടയാന്‍ കാപ്പിക്കു കഴിയുമെന്ന് പഠനഫലം സൂചിപ്പിക്കുന്നു. കുടല്‍വ്യാപനം കുറയ്ക്കുന്ന സോനുലിന്‍ എന്ന പ്രോട്ടീന്റെ അളവ് കൂടുക വഴി എങ്ങനെയാണ് കാപ്പി കരള്‍രോഗം വരാതെ സംരക്ഷിക്കുന്നതെന്ന് ഗവേഷണത്തിലൂടെ മനസിലായി. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസിനെ ചെറുക്കാന്‍ കാപ്പിക്കുള്ള തെറാപ്യൂട്ടിക് ഗുണങ്ങളെപ്പറ്റി ഉള്‍ക്കാഴ്ച നല്‍കുന്ന പഠനമാണിത്. സ്‌പെയിനിലെ ബാര്‍സലോണിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ലിവര്‍ കോണ്‍ഗ്രസില്‍ ഈ പഠനം അവതരിപ്പിക്കപ്പെട്ടിരുന്നു.