തിരുവനന്തപുരം:കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. സമഗ്ര കര്‍മ പദ്ധതി എന്ന പേരില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയില്‍ ആണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് യോഗം ഉടന്‍ ചേരും. തിരുവനന്തപുരത്ത് ചേര്‍ന്ന കൊച്ചി നഗരസഭാ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നഗരത്തിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അത് ഒഴിവാക്കാനുള്ള അടിയന്തിര ഇടപെടലിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ദിവസം കൊച്ചിയിലുണ്ടായ വെളളക്കെട്ട് ഒഴിവാക്കാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന അടിയന്തിര പദ്ധതി നടപ്പിലാക്കുകയുണ്ടായി.
അതിന്റെ അടുത്തഘട്ടമായാണ് സമഗ്ര കര്‍മ്മ പദ്ധതി ആലോചിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങളും നടപ്പിലാക്കും. കനാലുകള്‍ സ്ഥിരമായി ശുചിയാക്കാനുള്ള ബൃഹത് പദ്ധതി നിലവിലുണ്ട്. കിഫ്ബി വഴിയാണ് അത് നടപ്പാക്കുന്നത്.
ഡ്രെയിനേജ് സംവിധാനത്തിലെ തകരാറുകളാണ് കൊച്ചി വെള്ളക്കെട്ടിന് കാരണം. ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതും കാരണമായി കാണുന്നു. കൊച്ചി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ , പി.ആന്‍ഡ്. ടി കോളനി, ഉദയ കോളനി, അയ്യപ്പന്‍കാവ്, കലൂര്‍, ഇടപ്പള്ളി തുടങ്ങിയവിടങ്ങളിലാണ് വെള്ളക്കെട്ട് കൂടുതലായി രൂപപ്പെട്ടത്.
മുല്ലശ്ശേരി കനാല്‍, പേരണ്ടൂര്‍ കനാല്‍, മാര്‍ക്കറ്റ് കനാല്‍, ഇടപ്പള്ളി റോഡ് എന്നിവിടങ്ങളില്‍ മാലിന്യം അടിഞ്ഞു കൂടി ഒഴുക്ക് തടയപ്പെട്ട നിലയിലും കാണുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നഗരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും കൃത്യമായ ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വെള്ളക്കെട്ടിന്റെ പ്രശ്‌നവും നഗരസഭ ചെയ്ത കാര്യങ്ങളും മേയര്‍ സൗമിനി ജയിന്‍ വിശദീകരിച്ചു. വെള്ളക്കെട്ടുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശ്വാശത പരിഹാരം കാണാനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യം നല്‍കി നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.