കൊച്ചി: ഹനാന് മീന്‍ വില്‍ക്കുന്നതിന് സൗജന്യ കിയോസ്‌ക്ക് കോര്‍പ്പറേഷന്‍ നല്‍കുമെന്ന് മേയര്‍ സൗമിനി ജെയിന്‍. കോര്‍പ്പേറഷന്‍ നല്‍കുന്ന കിയോസ്‌ക്ക് വഴി നേരിട്ട് വരാതെ മീന്‍ വില്‍ക്കാന്‍ ഹനാന് സാധിക്കുമെന്ന് സൗമിനി ജെയിന്‍ പറഞ്ഞു. പൊലീസ് മീന്‍ വില്‍പ്പന തടഞ്ഞെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കോര്‍പ്പേറഷന്‍ ഇടപെട്ടത്.
ഇന്നു വൈകിട്ട് തമ്മനത്ത് മീന്‍ വില്‍പ്പന നടത്താനെത്തിയ ഹനാനെ പൊലീസ് തടയുകയായിരുന്നു. വഴിയോരത്ത് നടത്തുന്ന മീന്‍ കച്ചവടം വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നു പറഞ്ഞാണ് പൊലീസ് ഹനാനെ തടഞ്ഞത്. ഹനാന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
സഹായിക്കാനായി പലരും തന്റെ അക്കൗണ്ടിലേക്കയച്ച പണം മുഴുവനും തിരിച്ചുകൊടുക്കുമെന്നും ഹനാന്‍ പറഞ്ഞിരുന്നു. ” എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്നേഹിക്കരുത്.” മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹനാന്‍ പറഞ്ഞത്.
അക്കൗണ്ടിലേക്ക് വന്ന പണം മുഴുവന്‍ തിരിച്ചുനല്‍കുമെന്നും തന്നെ ജോലി ചെയ്ത് ജീവിക്കാനനുവദിക്കണമെന്നും ഹനാന്‍ പറയുന്നു. കൂലിപ്പണിയെടുത്ത് ഞാന്‍ ജീവിച്ചോളാം. എന്നെ ടോര്‍ച്ചര്‍ ചെയ്യരുത്. എന്റെ എ.ടി.എം കാര്‍ഡ് നിങ്ങള്‍ക്ക് തരാം. പണം ആര്‍ക്കാണെങ്കിലും നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഡിസ്ട്രിബ്യൂട്ട് ചെയ്തോളൂ- ഹനാന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൊച്ചി തമ്മനത്ത് കോളേജ് യൂണിഫോമില്‍ മത്സ്യവ്യാപാരം നടത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ കഥ ലോകമറിഞ്ഞത്. തുടര്‍ന്ന് ഹനാന് പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവര്‍ രംഗത്തെത്തുകയും തന്റെ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം നല്‍കുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി അറിയിക്കുകയും ചെയ്തിരുന്നു.