തൃശൂര്‍: കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ കയ്യേറുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍. പരമോന്നത നീതിന്യായ കോടതിയിലെ ജസ്റ്റിസ് പദവിയെ അലങ്കരിച്ചിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ പോലെയുള്ളവര്‍ ഇത്തരത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും പ്രസിഡന്റ് വി. നന്ദകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം നിത്യനിദാനം അടക്കമുള്ള ആവശ്യങ്ങള്‍ക്കും ഭക്തജനങ്ങളുടെ സൗകര്യങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഒരുവിധത്തിലും ക്ഷേത്രസ്വത്തുക്കളിലും വരുമാനത്തിലും ഇടപെടുന്നില്ല.
2018-2019 വര്‍ഷങ്ങളിലെ പ്രളയം, കൊവിഡ് തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളില്‍ ക്ഷേത്രങ്ങള്‍ മാസങ്ങളോളം അടച്ചിട്ടതിനെ തുടര്‍ന്ന് വരുമാനം തീര്‍ത്തും നിലച്ചുപോയ സന്ദര്‍ഭത്തില്‍ സര്‍ക്കാറില്‍നിന്ന് അനുവദിച്ച 25 കോടിയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് സഹായകമായത്. മാത്രമല്ല കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് സര്‍ക്കാറില്‍നിന്ന് കോടിക്കണക്കിന് രൂപ വര്‍ഷങ്ങളായി അനുവദിച്ചുവരുന്നുണ്ട്. കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ക്ഷേത്രങ്ങള്‍ നവീകരിക്കുക, ആല്‍ത്തറകള്‍ കെട്ടുക തുടങ്ങിയവ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയാണ് നടത്തുന്നതെന്നും വി. നന്ദകുമാര്‍ പറഞ്ഞു.
ക്ഷേത്രങ്ങളിലെയും മറ്റും വരുമാനം ഗ്രൂപ് ഡെവലപ്‌മെന്റ് ഫണ്ട്(ജി.ഡി.എഫ്) എന്ന കേന്ദ്രീകൃത അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ഈ ഫണ്ടില്‍നിന്നുമാണ് ക്ഷേത്രങ്ങളിലെ നിത്യനിദാന ചടങ്ങുകള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനും മറ്റും ഫണ്ട് അനുവദിക്കുന്നത്.
ദേവസ്വം ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാറുകള്‍ക്ക് ഒരധികാരവുമില്ല. ദേവസ്വം ബോര്‍ഡുകളുടെയും ക്ഷേത്രങ്ങളുടെയും വരുമാനത്തിന്റെ വിനിയോഗം ഇത്തരത്തിലായിരിക്കെ ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളെ വേര്‍തിരിച്ച് കാണുന്നതിനും വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നും വി. നന്ദകുമാര്‍ വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇന്ദു മല്‍ഹോത്രയുടെ വിവാദ പരാമര്‍ശം. വരുമാനം കാരണം ഹിന്ദുക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു. താനും യു.യു.ലളിതും(നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്) ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞിരുന്നു. തന്നെ കാണാന്‍ എത്തിയവരോട് സംസാരിക്കുകയായിരുന്നു ഇവര്‍.
ഇങ്ങനെ പറയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവര്‍ പറയുന്നതും ഇന്ദുമല്‍ഹോത്ര നന്ദി പറയുന്നതും കേള്‍ക്കാം.
CONTENT HIGHLIGHTS: Cochin Devaswom Board said government does not interfere in any way with temple properties and income; Indu Malhotra’s false campaign is unfortunate