പതിനൊന്ന് ദിവസത്തിനുള്ളിലെ മൂന്നാമത്തെ മയക്കുമരുന്ന് വേട്ട; ഗുജറാത്തിലെ അങ്കലേശ്വറിൽ 5,000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി
national news
പതിനൊന്ന് ദിവസത്തിനുള്ളിലെ മൂന്നാമത്തെ മയക്കുമരുന്ന് വേട്ട; ഗുജറാത്തിലെ അങ്കലേശ്വറിൽ 5,000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2024, 8:08 am

ഗാന്ധിനഗർ: രാജ്യത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ദൽഹി പൊലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഗുജറാത്തിലെ അങ്കലേശ്വറിൽ നിന്ന് 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. ഒരാഴ്ചക്കുള്ളിലുള്ള രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്.

തുടർന്ന് ദൽഹി സ്വദേശികളായ കുമാർ (27), ഔറംഗസേബ് സിദ്ദിഖി (23), മുംബൈയിലെ ഭരത് കുമാർ ജെയിൻ (48) എന്നിവരെ ഒക്ടോബർ 2 ന് അമൃത്‌സറിൽ നിന്നും മറ്റ് രണ്ട് പേരെ ചെന്നൈയിൽ നിന്നും പിടികൂടി.

ഒക്‌ടോബർ 10ന് പടിഞ്ഞാറൻ ഡൽഹിയിലെ രമേഷ് നഗറിലെ വാടകക്കടയിൽ നിന്ന് 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ ദൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പിടികൂടിയിരുന്നു. ലഘുഭക്ഷണത്തിൻ്റെ പ്ലാസ്റ്റിക് പാക്കറ്റുകൾക്കുള്ളിൽ ‘ടേസ്റ്റി ട്രീറ്റ്’, ‘ചട്പടാ മിക്സ്ചർ’ എന്നിങ്ങനെ എഴുതിയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. പെട്ടികളിൽ സൂക്ഷിച്ചിരുന്ന ഇത്തരം 20-25 പാക്കറ്റുകൾ കടയിൽ നിന്ന് കണ്ടെടുത്തു.

അന്വേഷണത്തിൽ, കണ്ടെടുത്ത മരുന്നുകൾ (518 കിലോഗ്രാം) ഫാർമ സൊല്യൂഷൻ സർവീസസ്, അവ്കാർ ഡ്രഗ്സ് ലിമിറ്റഡ് എന്ന കമ്പനികളുടേതാണെന്ന് കണ്ടെത്തി.

തെക്കൻ ദൽഹിയിലെ മഹിപാൽപൂരിലെ ഒരു ഗോഡൗണിൽ നിന്ന് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും സ്‌പെഷ്യൽ സെൽ പിടികൂടിയിരുന്നു. പിന്നാലെ തുഷാർ ഗോയൽ (40), ഹിമാൻഷു എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അറസ്റ്റിലായ പ്രതി തുഷാർ ഗോയൽ കോൺഗ്രസ് നേതാക്കളുമായി പോസ് ചെയ്യുന്ന നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി ദൽഹി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

 

Content Highlight: Cocaine worth ₹5,000 crore seized in Gujarat’s Ankleshwar