| Thursday, 27th March 2025, 9:12 am

2030 ആകുമ്പോഴേക്കും സമുദ്രങ്ങളിൽ 602 മില്യൺ കിലോഗ്രാം കൊക്കക്കോള പ്ലാസ്റ്റിക് മാലിന്യം നിറയും; ആശങ്കയുമായി ഓഷ്യാന

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: 2030 ആകുമ്പോഴേക്കും സമുദ്രങ്ങളിൽ 602 മില്യൺ കിലോഗ്രാം കൊക്കക്കോള പ്ലാസ്റ്റിക് മാലിന്യം നിറയാൻ സാധ്യതെന്ന റിപ്പോർട്ടുമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗ്രൂപ്പായ ഓഷ്യാന. സമുദ്ര സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര അഭിഭാഷക സംഘടനയാണ് ഓഷ്യാന.

ഓഷ്യാനയുടെ പഠനമനുസരിച്ച് 602 മില്യൺ കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോകത്തിലെ സമുദ്രങ്ങളിലേക്കും ജലപാതകളിലേക്കും എത്തുമെന്ന് കണക്കാക്കപ്പെടുന്നു. 18 ദശലക്ഷം തിമിംഗലങ്ങളുടെ വയറ് നിറയ്ക്കാൻ മതിയായ അത്രയും പ്ലാസ്റ്റിക് ആണിത്.

കാന്‍സര്‍, വന്ധ്യത, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് കാരണം മൈക്രോപ്ലാസ്റ്റിക്‌ ആണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. മൈക്രോപ്ലാസ്റ്റിക്കിന്റെ വ്യാപനം മൂലം മനുഷ്യർക്കുണ്ടാകുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

2024ൽ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ലോകത്തിലെ ഏറ്റവും കൂടുതൽ ബ്രാൻഡഡ് പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാക്കുന്നതിൽ കൊക്കകോളയാണ് ഒന്നാം സ്ഥാനത്ത്. പെപ്സികോ, നെസ്‌ലെ, ഡാനോൺ, ആൾട്രിയ എന്നിവ തൊട്ടുപിന്നിലുണ്ട്.

2018ൽ കൊക്കക്കോള കമ്പനി റിപ്പോർട്ട് ചെയ്ത പ്ലാസ്റ്റിക് ഉപയോഗത്തേക്കാൾ ഏകദേശം 40% വർധനവും 2023ൽ കമ്പനി റിപ്പോർട്ട് ചെയ്ത പ്ലാസ്റ്റിക് ഉപയോഗത്തേക്കാൾ 20% വർധനവുമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. ഭൂമിയെ 100 തവണയിൽ കൂടുതൽ ചുറ്റാനുള്ള പ്ലാസ്റ്റിക് മാലിന്യമാണ് ഇതിനകം കൊക്കക്കോള ഉത്പാദിപ്പിച്ചിരിക്കുന്നത്.

കമ്പനി നിലവിലെ രീതിയിൽ തന്നെ തുടർന്നാൽ 2030 ആകുമ്പോഴേക്കും 4.13 ദശലക്ഷം ടൺ (6,02,000 മെട്രിക് ടൺ) പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊക്കകോള പ്രതിവർഷം ഉപയോഗിക്കുമെന്നും, ഇത് ലോകത്തിലെ ജലപാതകളിലേക്കും സമുദ്രങ്ങളിലേക്കും എത്തുമെന്നും റിപ്പോർട്ട് കണക്കാക്കുന്നു.

ഈ പ്ലാസ്റ്റിക് മാലിന്യം കുറക്കുന്നതിനുള്ള ഏറ്റവും വ്യക്തമായ പരിഹാരം പുനരുപയോഗിക്കാവുന്ന പാക്കേജിങ് തിരികെ കൊണ്ടുവരിക എന്നതാണെന്ന് ഓഷ്യാന വ്യക്തമാക്കുന്നുണ്ട്. അത് 50 തവണ വീണ്ടും ഉപയോഗിക്കാവുന്ന ഗ്ലാസ് കുപ്പികളുടെ രൂപത്തിലോ, 25 വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത കട്ടിയുള്ള PET പ്ലാസ്റ്റിക് കുപ്പികളോ ആകാമെന്ന് ഓഷ്യാന പറയുന്നു.

എന്നാൽ കമ്പനിയുടെ വില്പന 25 ശതമാനമായി വർധിപ്പിക്കാനുള്ള ലക്ഷ്യത്തിന് പ്രാധാന്യം നൽകുന്നതിനാൽ പുനരുപയോഗിക്കാവുന്ന പാക്കേജിങ് കുറയ്ക്കുമെന്ന് കൊക്കകോള കമ്പനി 2024 ഡിസംബറിൽ അറിയിച്ചിരുന്നു.

എങ്കിലും പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പുനരുപയോഗിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നുണ്ട്. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്ക് വാങ്ങുന്നതിന് പകരം പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാങ്ങാൻ 2022ൽ ഏകദേശം ഒരു ബില്യൺ ഡോളർ ചെലവഴിച്ചതായി അവർ പങ്കുവെച്ചു.

പക്ഷെ , ഓഷ്യാനയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, പുനരുപയോഗത്തിനായി പ്ലാസ്റ്റിക് ശേഖരിക്കുകയും കുപ്പികളിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിക്കുകയും മാത്രം ചെയ്യുന്നത് കമ്പനി ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് വലിയ രീതിയിൽ കുറയ്ക്കില്ല. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച പ്ലാസ്റ്റിക് കുപ്പികൾ പോലും സമുദ്രത്തിലെ മലിനീകരണമായി മാറുകയും സമുദ്രജീവികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

‘കൊക്കകോള കമ്പനിയുടെ പ്ലാസ്റ്റിക് ഉപയോഗം സമുദ്രങ്ങളുടെയും ഭൂമിയുടെയും ഭാവിക്ക് വലിയ പ്രശ്നമുണ്ടാക്കും. മറ്റേതൊരു പാനീയ കമ്പനിയേക്കാളും, പുനരുപയോഗിക്കാവുന്ന കുപ്പികൾ ഉപയോഗിക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ അവർക്കുണ്ട്. അത് ഉപയോഗിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും വേണം. കൊക്കകോള ഇപ്പോൾ തന്നെ അവർ പുറത്ത് കളയുന്ന പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്,’ ഓഷ്യാന ഗവേഷകൻ ലിറ്റിൽജോൺ പറഞ്ഞു.

Content Highlight: Coca-Cola’s Annual Plastic Footprint Forecasted to Grow to 9.1 Billion Pounds by 2030

We use cookies to give you the best possible experience. Learn more