വെല്ലിംഗ്ടണ്‍: കൊക്കക്കോള കുടിക്കുന്ന ആരോഗ്യത്തിന് നല്ലതല്ലെന്ന് നേരത്തെ തന്നെ പല റിപ്പോര്‍ട്ടുകളുമുണ്ടായിട്ടുണ്ട്. എന്നാല്‍ കോള സ്ഥിരമായി കുടിച്ചാല്‍ മരണം സംഭവിക്കുമെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ ഇത്തരത്തിലുള്ള പ്രചാരണം ന്യൂസിലാന്റിലിപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ്.
ദിവസം 10 ലിറ്റര്‍ കോള അകത്താക്കുന്ന 30കാരിയായ വീട്ടമ്മ മരിച്ചതാണ് ഇത് സംബന്ധിച്ച വാഗ്വാദനങ്ങള്‍ക്ക് ഇടയാക്കിയത്. വീട്ടമ്മ മരിച്ചത് സ്ഥിരമായി കോള ഉപയോഗിച്ചതുകൊണ്ടാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ ജനംഭീതിയിലാണ്.
ദക്ഷിണ ന്യൂസിലാന്റിലെ ഇന്‍വര്‍ കാര്‍ഗിലിലെ താമസക്കാരിയ നടാഷ ഹാരിസിന്റെ മരണകാരണമാണ് വിവാദത്തിന് ഇടയാക്കിയത്. 2010 ഫെബ്രുവരിയിലാണ് നടാഷ മരിച്ചത്. ആദ്യം ഹൃദയാഘാതമാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്നുണ്ടായ വിശദപരിശോധനാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരിക്കുന്നത്.
കോള അമിതമായി കുടിച്ചതുകൊണ്ട് ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നാണ് വിദഗ്ധ പരിശോദനക്കുശേഷം പാത്തോളജിസ്റ്റ് കോടതിയില്‍ പറഞ്ഞത്. കഫീന്റെ കൂടിയ ഉപയോഗവും പോഷകാംശങ്ങളുടെ അഭാവവും ആരോഗ്യസ്ഥിതി മോശമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മരണകാരണം എന്താണെന്ന കാര്യത്തില്‍ അധികൃതര്‍ അ്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. കോള കിട്ടിയില്ലെങ്കില്‍ നടാഷ മദ്യാസക്തരെപ്പോലെ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് ഭര്‍ത്താവ് ക്രിസ് ഹോഡ്ജ് കിന്‍സണ്‍ പറഞ്ഞു.
” അവളുടെ ദിവസം തുടങ്ങുന്നതുതന്നെ കൊക്കക്കോള കുടിച്ചുകൊണ്ടാണ്. ദിവസം അവസാനിക്കുന്നതും അങ്ങനെ തന്നെ. ദിവസവും പത്ത് ലിറ്ററോളം കോളയാണ് കുടിച്ചിരുന്നത്. എന്നാല്‍, ഒരു ശീതളപാനീയമല്ലേ എന്ന് കരുതി തങ്ങള്‍ എതിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മരണത്തോടടുത്ത കാലത്ത് നടാഷ ദിവസേന ആറുതവണയെങ്കിലും ഛര്‍ദിച്ചിരുന്നു. പെട്ടെന്ന് കുഴഞ്ഞുവീണാണ് മരിച്ചത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി കൊക്കകോള അധികൃതരും രംഗത്തെത്തി. വെള്ളമടക്കമുള്ള എന്തിന്റെയും അമിതമായ ഉപയോഗം ഹാനികരമാകുമെന്നായിരുന്നു സൗത്‌ലാന്‍ഡ് ടൈംസ് ന്യൂസ് പേപ്പറില്‍ കോള പ്രതിനിധി പ്രതികരിച്ചത്.