“ഒക്യുപൈ വാള്‍സ്ട്രീറ്റി”നെക്കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളും അതിനെക്കുറിച്ച് പുസ്തകമിറക്കി മേനി നടിക്കുന്ന രാഷ്ട്രീയക്കാരും കേരളത്തിലുണ്ട്. എന്നാല്‍ “ഒക്യുപൈ കൊക്കകോളലാന്റ് എന്ന പേരില്‍ കേരളത്തില്‍ ഈയിടെ നടന്ന സമരത്തെക്കുറിച്ച് അവരാരും ഘോരഘോരം സംസാരിച്ചതേയില്ല.
കേരളത്തിലെ കൂറ്റന്‍ കോര്‍പ്പറേറ്റെന്ന് പറയാവുന്ന കൊക്കകോളയുടെ ആസ്ഥാനം പിടിച്ചെടുത്തുകൊണ്ട് സമരം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് വരിക്കപ്പെട്ടവര്‍ പിന്നീട് ജയിലില്‍ നിരാഹാരമിരുന്നതും പലരും അറിഞ്ഞില്ല. അകലത്തിരിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് അടുത്തിരിക്കുന്ന കള്ളന് കഞ്ഞിവെക്കുന്നവന്‍ എന്നു പറയുന്ന നിലയിലേക്ക് മാധ്യമങ്ങളും നമ്മുടെ രാഷ്ട്രീയക്കാരും മാറിയെന്നതിന് വേറെന്ത് തെളിവു വേണം.
ഗംഗാനദി മലിനീകരണത്തിനെതിരായി ഹരിദ്വാറില്‍ ആഴ്ചകളോളം നിരാഹാരം കിടന്ന നിഗമാനന്ദസ്വാമിയെ കണ്ടില്ലെന്ന് നടിക്കുകയും ഒടുക്കം അദ്ദേഹത്തിന്റ മരണത്തിന് സാക്ഷിയാകുകയും ചെയ്തവരാണ് നമ്മുടെ മുഖ്യധാരാ മാധ്യമപ്പടയും രാഷ്ട്രീയക്കാരും. ഇക്കൂട്ടര്‍തന്നെയാണ് ഒരു സുപ്രഭാദത്തില്‍ പൊട്ടിപ്പുറപ്പെട്ട സ്വാമി ബാബാ രാംദേവിന്റെയും അണ്ണാഹസാരെയുടെയും നിരാഹാരം ലൈവാക്കി നിലനിര്‍ത്തി അതിന്മേല്‍ ചര്‍ച്ച നടത്തുകയും ചെയ്തതെന്നോര്‍ക്കണം.
ഇത്തരത്തില്‍ തരംപോലെ കാര്യങ്ങളെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തമസ്‌ക്കരിക്കാമെന്ന് മാധ്യമങ്ങളും രാഷ്ട്രീയക്കാരും തെളിയിച്ചതിന്റെ ഏറ്റവും പുതിയ പാഠംതന്നെയായിരുന്നു കോളക്കെതിരെ ഈയിടെ കേരളത്തില്‍ ഉയര്‍ന്ന സമരം നേരിട്ട അവഗണന.
പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ (ജനത്തിനും പരിസ്ഥിതിക്കും നാശം വിതച്ച കോളകമ്പനിയില്‍ നിന്ന് നാശനഷ്ടം ഈടാക്കുന്നതിന്) നിയമമാക്കുക എന്നാവശ്യമുന്നയിച്ച് 2011 ഡിസംബര്‍ 21 മുതല്‍ വിയ്യൂര്‍ ജയിലില്‍ 17 ഓളം പ്ലാച്ചിമട സമരക്കാര്‍ നടത്തിയ നിരാഹാരസമരമാണ് വിഷയം.
അതിവൈകാരികത ഉല്‍പ്പാദിപ്പിച്ചവര്‍ക്കുതന്നെ നിയന്ത്രിക്കാനാവാത്തവിധം വളര്‍ന്നുവലുതായ മുല്ലപ്പെരിയാര്‍ എപ്പിസോഡ് വാര്‍ത്തകളിലോ സി.പിഐ.എം സമ്മേളനങ്ങളിലോ മുങ്ങിക്കുളിക്കുന്നതിനിടയില്‍ കാണാതെപോയതാണ് കേരളത്തിലെ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ ഈ സമരത്തെയെന്ന് ആരും കരുതേണ്ടതില്ല. ആഗോളവത്ക്കരണമൂലധന നിയന്ത്രിതമായ പുതിയ കാലത്ത് ഒന്നും അങ്ങിനെ സ്വാഭാവികമായി ഉണ്ടാകുന്നില്ല. പ്രത്യേകിച്ച് വാര്‍ത്തകള്‍കള്‍ക്കും മുഖ്യധാരാരാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍ക്കുപോലും ഒരു മുന്‍കൂര്‍ അജണ്ട ഉണ്ടായിക്കൊണ്ടിരിക്കുന്ന നവലിബറല്‍ കാലത്ത്.
സത്യത്തില്‍ ഈയിടെ പുനരാരംഭിച്ച പ്ലാച്ചിമടസമരം തമസ്‌ക്കരിക്കപ്പെട്ടതിന്റെ മുഖ്യകാര്‍മികര്‍ കോള ഉള്‍പ്പെടെയുള്ള വന്‍കിട കോര്‍പ്പറേറ്റുകളില്‍നിന്ന് പരസ്യം പറ്റുന്ന മാധ്യമങ്ങളാകുമ്പോള്‍ രണ്ടാം പ്രതിയാകാവുന്നത് പ്ലാച്ചിമ ട്രൈബ്യൂണല്‍ നിയമമാക്കാന്‍ ധാര്‍മികബാധ്യതയുള്ള കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരിലെ (ഇവരാണ് ബില്‍ പാസാക്കിയത്)മുഖ്യകാര്‍മികരായ സി.പി.ഐ.എം തന്നെയാണ്.
കോണ്‍ഗ്രസുമുതല്‍ ബി.ജെ.പി വരെയുള്ള പാര്‍ട്ടികളിലെ ഒറ്റപ്പെട്ട നേതാക്കള്‍ ജയിലില്‍ എത്തിനോക്കിയപ്പോള്‍ സമരത്തെ പൂര്‍ണ്ണമായും അവഗണിച്ചത് സി.പി.ഐ.എം ആണെന്ന് തെളിയുമ്പോഴാണ് കോളയും സി.പി.ഐ.എമ്മും തമ്മില്‍ എന്താണിത്ര അവിശുദ്ധബന്ധം എന്ന് സംശയം തോന്നുക. അത്തരത്തിലൊരു വിലയിരുത്തലിന് മുതിരുന്നതിനു മുമ്പേ പ്ലാച്ചിമട ട്രൈബ്യൂണലും അതിന്റെ ഭാഗമായി ഈയിടെ നടന്ന സമരവും എന്താണെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
2011 ഫെബ്രുവരി 24ന് അന്നത്തെ ഇടതുപക്ഷസര്‍ക്കാരിന്റെ മന്ത്രിസഭയാണ് ഏകകണ്ഠമായി പ്ലാച്ചിമട നഷ്ടപരിഹാരട്രൈബ്യൂണല്‍ ബില്‍ പാസാക്കിയത്. പ്ലാച്ചിമട സമരസമിതിയുടെയും മറ്റ് നിരവധി പേരുടെയും ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് ഇടതുസര്‍ക്കാരിന്റെ അവസാനകാലയളവില്‍ ബില്‍ പാസാക്കിയതെങ്കിലും പിന്നീട് രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തില്‍ അയക്കുകയും നടപടിക്രമങ്ങള്‍ നീണ്ടുപോകുകയുമായിരുന്നു.
വിവിധ മന്ത്രാലയങ്ങളിലൂടെ കടന്നുപോയ ബില്‍ രാഷ്ട്രപതിയുടെ മുമ്പിലെത്തുന്നതിനു മുമ്പ് മരവിപ്പിക്കപ്പെട്ടതോടെ ദില്ലി രാഷ്ട്രീയഭരണകേന്ദ്രങ്ങളില്‍ കോളകമ്പനിയുടെ ഇടപെടല്‍ സജീവമായെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയുമൊക്കെ നേരില്‍ കണ്ട് വിഷയത്തില്‍ വീണ്ടും സജീവ ഇടപെടല്‍ നടത്തിയത്.
അതിനിടയില്‍ ബില്‍ അട്ടിമറിക്കാനായി കോളകമ്പനി തയ്യാറാക്കിയ നിയമോപദേശം കേന്ദ്രസര്‍ക്കാരില്‍ എത്തിയത് ഏറെ ഒച്ചപ്പാടിനിടയാക്കി. കോളയുടെ നിയമോപദേശത്തിനു മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രസര്‍ക്കാരാകട്ടെ ബില്ലിന്റെ നിയമസാധുത ഒന്നുകൂടി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലേക്ക് കത്തയച്ചു(ബില്‍ മടക്കിയയക്കുന്നതിന് തുല്യം).
എന്നാല്‍ അത്തരമൊരു കത്തിന് ഉടന്‍ മറുപടി തയ്യാറാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ വല്ലാത്ത അമാന്തം കാട്ടാന്‍ തുടങ്ങിയതോടെ കോളകമ്പനിയുടെ ഇടപെടല്‍ കേന്ദ്രം കടന്ന് കേരളത്തിലേക്ക് വീണ്ടും വ്യാപിക്കുന്നതായി ആക്ഷേപം ഉയര്‍ന്നു. ഇതിനിടയില്‍ സമരസമിതി നേതാവ് വിളയോടി വേണുഗോപാലും സംഘവും നിരവധി തവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു.
കേന്ദ്രത്തില്‍ ചില ഇടത് എം പിമാര്‍ ഇടപെട്ടിട്ടുപോലും ഒന്നും നടക്കുന്നില്ലെന്ന് വന്നപ്പോഴാണ് ഒക്‌ടോബര്‍ 23ന് പ്ലാച്ചിമടയില്‍ സമരക്കാര്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. സര്‍ക്കാരില്‍ നിന്ന് ഇനിയും അനുകൂലതീരുമാനം ഉണ്ടാകാത്ത പക്ഷം ജനാധികാരതത്വപ്രകാരം പ്ലാച്ചിമടയിലെ കൊക്കകോളയുടെ ഭൂമി കണ്ടുകെട്ടുന്ന നിലയിലേക്ക് സമരം ശക്തമാക്കാന്‍ അവിടെവച്ച് തീരുമാനിക്കുകയായിരുന്നു.
അങ്ങിനെയാണ് ഡിസംബര്‍ 17ന് കോളകമ്പനിയിലേക്ക് പ്ലാച്ചിമട ഐക്യദാര്‍ഡ്യസമിതിയുടെ നേതൃത്വത്തില്‍ 500 ല്‍പ്പരം സമരപ്രവര്‍ത്തകര്‍ എത്തി കോളകമ്പനിയുടെ ആസ്തി പിടിച്ചെടുക്കല്‍(ഒക്യുപൈ കൊക്കകോള ലാന്റ്) സമരം നടത്തിയത്. ഒടുക്കം സമരത്തില്‍ പങ്കെടുത്ത 20 ഓളം പേരെ അറസ്റ്റ് ചെയ്താണ് സമരത്തോട് സര്‍ക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ജഡ്ജി ജാമ്യം അനുവദിച്ചെങ്കിലും സമരക്കാര്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുന്നതുവരെ അവര്‍ വിയ്യൂര്‍ ജയിലില്‍ നിരാഹാരം കിടക്കാനും തീരുമാനിച്ചു.
ഇത്രയും സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ കോലാഹലവുമായി രംഗത്തുവരുമെന്നും വിഷയത്തില്‍ കേരളസര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം കൈകൊള്ളുമെന്നുമാണ് പാവം സമരക്കാര്‍ കരുതിയതെങ്കിലും അവിടെയും ഇവിടെയും ചില ഒറ്റപ്പെട്ട വാര്‍ത്തകള്‍ വന്നതല്ലാതെ വേണ്ടത്ര ഗൗരവത്തില്‍ മാധ്യമങ്ങള്‍ ആരുംതന്നെ ഇതിനെ ഗൗനിച്ചില്ല.
ഇതിനെല്ലാമപ്പുറം ഇടതുസര്‍ക്കാര്‍ പാസാക്കിയ സ്വന്തം ബില്‍ നിയമമാക്കുന്നതിനുവേണ്ടി ചിലര്‍ സമരം നടത്തുമ്പോള്‍ അതിന് പിന്തുണക്കാനോ ജയിലില്‍ നിരാഹാരം കിടക്കുന്നവരെ ഒന്നു കാണാനോസി.പി.ഐ.എമ്മിന്റെ സാക്ഷാല്‍ വി.എസ് അച്യുതാനന്ദന്‍ പോയിട്ട് തൃശൂരിലെ ലോക്കല്‍ നേതാവുപോലും വന്നില്ല. സി.പി.ഐ നേതാക്കളും മുന്‍ ജലവിഭവമന്ത്രി എം.കെ പ്രമേചന്ദ്രനും വി.എം സുധീരനെപോലുള്ള കോണ്‍ഗ്രസുകാരും ബി.ജെ.പിനേതാവുമൊക്കെ ജയിലില്‍ സന്ദര്‍ശിച്ചപ്പോഴുംസി.പി.ഐ.എമ്മിന് അതിന് കഴിയാതെ പോയതാണ് ഏവരെയും ഞെട്ടിച്ചത്.
നാഴികയ്ക്ക് നൂറുവട്ടം അമേരിക്കന്‍ സാമ്രാജ്യത്വമെന്നും കോര്‍പ്പറേറ്റ് മൂലധനമെന്നും പറഞ്ഞുനടക്കുന്ന ഇവര്‍ എന്തുകൊണ്ട് ഈ സമരത്തെ അവഗണിച്ചു എന്നതാണ് രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്ക് പഠിക്കാവുന്ന വിഷയം. അത്തരമൊരു കാര്യത്തിലേക്ക് പോകുന്നതിനു മുമ്പ് പ്ലാച്ചിമടയിലെ സമരചരിത്രവും ഒടുക്കം െ്രെടബ്യുണല്‍ പാസാക്കുന്നതുവരെയുള്ള കാര്യവും അമേരിക്കന്‍പ്രതിനിധിയോട് സാക്ഷാല്‍ പിണറായി വിജയന്‍ നടത്തിയ വെളിപാടുമൊക്കെ പരിശോധിക്കേണ്ടിവരും.
2002 ഏപ്രില്‍ മാസത്തിലാണ് പ്ലാച്ചിമടയില്‍ കോളകമ്പനിയ്‌ക്കെതിരെ പ്രാദേശിക ജനതയുടെ പ്രതിഷേധസമരം ഉയര്‍ന്നുവന്നത്. ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശത്തെ കിണറുകളില്‍ വെള്ളം മലിനമായതും, പാകം ചെയ്യുന്ന ഭക്ഷണം പെട്ടെന്ന് കേടാവുന്നതും മറ്റുമായിരുന്നു ആദ്യഘട്ടത്തില്‍ സമരകാരണമായി ഉയര്‍ന്നത്.
പ്ലാച്ചിമട സമരസമിതി, ആദിവാസി സംരക്ഷണസമിതി എന്നിവരൊക്കെ ചേര്‍ന്ന് അന്ന്് സമരം ശക്തമാക്കുമ്പോള്‍ പ്രാദേശികമേഖലയിലെ മുഖ്യധാരാരാഷ്ട്രീയക്കാരായ സി.പി.ഐ.എമ്മും ജനതാദളും അടക്കമുള്ളവര്‍ അതിനെ എതിര്‍ത്തിരുന്നു. സമരം പിന്നീട് ശക്തിപ്രാപിക്കുകയും മേധാപട്ക്കര്‍ അടക്കമുള്ളവര്‍ പ്ലാച്ചിമടയിലേക്ക് വരാനിടയാകുകയും ചെയ്തതോടെയാണ് മുഖ്യധാരാപാര്‍ട്ടികള്‍ ഈ സമരത്തിലേക്ക് കണ്ണി ചേര്‍ന്നത്.
എന്നാല്‍ പ്രാദേശകിമായി സി.പി.ഐ.എം നേതാവ് എന്‍ എന്‍ കൃഷ്ണദാസും ഡി.വൈ.എഫ്.ഐയുമൊക്കെ സമരത്തിനൊപ്പം നിന്നപ്പോഴും വി എസ് അച്യുതാനന്ദന്‍ പ്ലാച്ചിമട സമരപന്തലില്‍ പോയി പിന്തുണച്ചപ്പോഴുമൊക്കെ പിണറായിയുടെ നേതൃത്വം സമരത്തോട് അത്ര മതിപ്പ് കാട്ടിയിരുന്നില്ല. കേരളത്തിനു പുറത്ത് ലോകമാധ്യമങ്ങള്‍ പോലും ശ്രദ്ധിച്ച ഈ സമരത്തില്‍ ഒരിക്കല്‍പോലും പിണറായി പങ്കാളിയായിട്ടില്ല എന്നതാണ് വസ്തുത.
പല ഘട്ടങ്ങളിലും പരോക്ഷമായി ഈ സമരവികാരത്തെയും കോളയ്‌ക്കെതിരായ നീക്കത്തെയും തടയിടാനാണ് അദ്ദേഹവും കോര്‍പ്പറേറ്റ് മൂലധനത്തോട് സന്ധിചെയ്യാമെന്ന് പറയുന്ന അദ്ദഹേത്തിന്റെ നേതൃത്വത്തിലുള്ള മറ്റു പാര്‍ട്ടിനേതാക്കളും ശ്രമിച്ചതെന്നതാണ് ചരിത്രസത്യം. പ്ലാച്ചിമടയില്‍ സമരം നടക്കുന്നതിനിടയില്‍ കോളയുമായി ബന്ധപ്പെട്ട ഒരു കാര്യം തിരക്കാനായി പിണറായി വിജയന്‍ കെ എം ഷാജഹാനെ( വി എസിന്റെ മുന്‍ െ്രെപവറ്റ് സെക്രട്ടറി, പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍) വിളിപ്പിച്ച കാര്യം അതിലൊന്നാണ്.
“”വി എസിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന വേളയില്‍ ഒരിക്കല്‍ മാത്രമാണ് പിണറായി എന്നെ വിളിപ്പിച്ചത്. അന്ന് ഞായറാഴ്ചയായിരുന്നു. കൊക്കകോള വിതരണം ചെയ്ത വളത്തില്‍ മാരകവിഷം അടങ്ങിയിട്ടുണ്ടെന്ന ബിബിസി റിപ്പോര്‍ട്ട് പുറത്തുവന്നതിനാല്‍ വിവരം ചില മാധ്യമങ്ങളെ അറിയിക്കാനും മറ്റുമായി ഞാന്‍ ഓഫീസില്‍ വന്നിരുന്നു. അതിനിടയിലാണ് ഓഫീസിലേക്ക് എ.കെ.ജി സെന്ററില്‍നിന്ന് പിണറായി വിജയന്റെ ഫോണ്‍ വന്നത്. കോളയുമായി ബന്ധപ്പെട്ട എന്തെങ്കിലും വാര്‍ത്ത വന്നിട്ടുണ്ടോ എന്നായി ഫോണില്‍ അദ്ദേഹത്തിന്റെ ചോദ്യം. അത് എല്ലാവരെയും അറിയിക്കുകയായിരിക്കും എന്നായി പിന്നീടുള്ള ചോദ്യം. കൊക്കകോളയെ സംബന്ധിച്ച് ഇത്തരം വാര്‍ത്തകള്‍ ശരിയായിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ശരിയാണെന്ന് മറുപടി പറഞ്ഞു. അത് നല്ല ഇടപെടലായി എനിക്ക് തോന്നിയില്ല”” കെ എം ഷാജഹാന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഏപ്രില്‍ 1117)
പിണറായി വിജയന് കോളകമ്പനിയിലെ കാര്യങ്ങളില്‍ ഇത്ര വേവലാതി ഉണ്ടായതെന്തിനാണെന്ന് അന്ന് ഷാജഹാന്റെ അഭിമുഖം വായിച്ച പലര്‍ക്കും സംശയം ഉണ്ടായിട്ടുണ്ടാകാം. പാര്‍ട്ടിനടപടിക്കിരയായതിനാല്‍ ഷാജഹാന്‍ വെറുതെ വെച്ച് കാച്ചിയതാകാമെന്ന് ധരിച്ച് വശായവരും കുറെയുണ്ടാകും. എന്നാല്‍ “വിക്കിലീക്‌സ്” വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ഷാജഹാന്റെ പറച്ചില്‍ വെറുതെയായിരുന്നില്ലെന്ന് ആര്‍ക്കും ബോധ്യമാകുന്നതായി മാറി.
ചെന്നൈയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനുമായി പിണറായി വിജയന്‍ സംസാരിച്ചതായ രഹസ്യവിവരമാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. സി.പി.ഐ.എം നേതാക്കളുടെ അമേരിക്കന്‍ വിരുദ്ധതയും കോര്‍പ്പറേറ്റ് വിരുദ്ധതയും പൊള്ളത്തരമാണെന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങള്‍ ആ രേഖകളിലൂടെ മലയാളികള്‍ വായിച്ചപ്പോള്‍ കൊക്കകോളയെ സംബന്ധിച്ച് പിണറായി പറഞ്ഞ ചില കാര്യവുമുണ്ടായി.
പ്ലാച്ചിമടയിലെ കൊക്കകോള സമരം വെറും പ്രാദേശികസമരം മാത്രമായിരുന്നു എന്നായിരുന്നു അത്.(തങ്ങള്‍ കോളയ്‌ക്കെതിരല്ലെന്നും തങ്ങള്‍ ഭരിക്കുന്ന പാലക്കാട്ടെ തന്നെ പുതുച്ചേരിപഞ്ചായത്തില്‍ ജലചൂഷണം നടത്തിക്കൊണ്ട് പെപ്‌സികമ്പനിയെ പോറ്റിവളര്‍ത്തുന്നുണ്ടല്ലോ എന്നും പറയാതെ പറയുന്ന കുമ്പസാരം തന്നെയായിരുന്നു അത്)
സി.പി.ഐ.എം എന്ന പാര്‍ട്ടിയ്ക്ക് പ്രത്യക്ഷത്തില്‍ പങ്കില്ലെങ്കിലും ഡി.വൈ.എഫ്.ഐ യും പാര്‍ട്ടി നേതാവ് എന്‍.എന്‍ കൃഷ്ണദാസും സാക്ഷാല്‍ വി.എസ് അച്യുതാനന്ദനുമൊക്കെ നിരവധി തവണ ഇടപെട്ട കോളസമരത്തെയാണ് വെറും പ്രാദേശികമായ വിഷയമാക്കി പിണറായി ചുരുക്കികാട്ടിയതെന്ന് ഓര്‍ക്കണം. അപ്പോള്‍ സാമ്രാജ്വത്വ കോര്‍പ്പറേറ്റ് ഭീമനെന്ന് കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കപ്പെട്ട കോളകമ്പനിയോട് പിണറായിക്ക് (സി പി എം സംസ്ഥാനസെക്രട്ടറിക്ക്) എന്തോതരം ബന്ധം ഉണ്ടായിരുന്നു എന്ന് ഇതിലൂടെ വ്യക്തം.
ഇതുകൊണ്ടും തീരുന്നില്ല അത്തരം അവിഹിത ബന്ധത്തിന്റെ തെളിവുകള്‍. പ്ലാച്ചിമടയിലെ കോളകമ്പനി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും സൃഷ്ടിച്ച നാശനഷ്ടം പഠിക്കാനായി കെ ജയകുമാര്‍ ഐ.എ.എസ് തലവനായുള്ള ഉന്നതാധികാര സമിതിയെ വച്ചതിനുശേഷം എല്‍.ഡി.എഫ് സര്‍ക്കാരിന്റെതന്നെ വ്യവസായവകുപ്പ് സെക്രട്ടറിയായ ബാലകൃഷ്ണന്‍ കോളയ്ക്ക് അനുകൂലമായി നിലപാട് എടുത്തതായിരുന്നു മറ്റൊന്ന്.
ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്ലാച്ചിമടയിലെ നാശനഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ കെ ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയെ മുഖ്യമന്ത്രി വി.എസ് നിയമിച്ചത്. എട്ടുമാസം കൊണ്ട് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 216.26 കോടി രൂപ നഷ്ടപരിഹാരം കോളകമ്പനിയില്‍ നിന്ന് ഈടാക്കണമെന്നും ഇത്തരം സ്ഥാപനങ്ങളെ നിയമന്ത്രിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ വേണമെന്നും വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ ഒരു വികനസന സെമിനാറില്‍ കോളയെ ന്യായീകരിച്ച് ബാലകൃഷ്ണന്‍ പ്രസംഗിച്ചത് വലിയ വിവാദമായി.
ഇതിനെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ചുട്ട മറുപടിയും കൊടുത്തു. കോളയ്ക്കു വേണ്ടി ബാലകൃഷണന്റെ(എളമരവും പിണറായിയുമൊക്കെ വിഭാവനം ചെയ്യുന്ന വികസനം കോളയെയും ടാറ്റയെയും എന്തു ചൂഷണം നടത്തിയാലും പരവതാനി വിരിച്ച് സ്വീകരിക്കണമെന്ന ബംഗാള്‍ മോഡലാണ്. ഇതിനുവേണ്ടിയാണ് യു.ഡി.എഫ് കാലത്തെ വ്യവസയാസെക്രട്ടറിയായിരുന്ന ബാലകൃഷ്ണനെ എല്‍.ഡി.എഫ് ഭരണത്തിലും തുടരാന്‍ പാര്‍ട്ടി അനുവദിച്ചത്) കളി അതുകൊണ്ടും തീര്‍ന്നില്ല. കോളകമ്പനിയെ പോലുള്ള വന്‍കിട കമ്പനിയില്‍ നിന്ന് ഇത്തരത്തില്‍ നഷ്ടപരിഹാരം ഈടാക്കുന്നത് ശരിയല്ലെന്ന തരത്തിലുള്ള നോട്ട് ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ വ്യവസായവകുപ്പ് ചാര്‍ത്തികൊടുത്ത നടപടിയായിരുന്നു രണ്ടാമത്തേത്.
വകുപ്പ് സെക്രട്ടറി ബാലകൃഷ്ണന്റെ ഈ നടപടിക്കെതിരെ പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം എസ് ഫെയ്‌സി പരസ്യമായി രംഗത്തുവന്ന് വിശദീകരണം നടത്തിയതോടെ രണ്ടാമത്തെ ഇടപെടലും പൊളിഞ്ഞു. ഇത്തരത്തില്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലയളവില്‍ െ്രെടബ്യൂണല്‍ പാസാക്കിയതെന്ന് നാമോര്‍ക്കണം. കോളയ്ക്കു വേണ്ടിയുള്ള ഈ അമിതഭക്തി എല്‍.ഡി.എഫിലും യു.ഡി.എഫിലും (കെ എം മാണി അന്ന് ബില്ലിനെ എതിര്‍ത്തിരുന്നു) ഒരേ പോലെ പ്രകടമായിരുന്നു എന്ന് സാരം.
കേന്ദ്രത്തിലേക്ക് അയച്ച കോപ്പി ഇതുവരെ ആരും കണ്ടിട്ടുമില്ല. അതിനാല്‍തന്നെ ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമം ഇനിയും താമസിക്കയാണെങ്കില്‍ “ഒക്യുപൈ കോളലാന്റ്” സമരരത്തിലേത്തക്ക് വീണ്ടും ഇറങ്ങാനാണ് സമരക്കാരുടെ തീരുമാനം. ജനോപകാരപ്രദമായ ഒരു ബില്‍ നിയമസഭ പാസാക്കിയാല്‍പോലും കോളയുടെ(സ്വകാര്യകമ്പനി) നിയമോപദേശത്തിന്റെ പുറത്ത് ബില്‍ അട്ടിമറിക്കാനുള്ള ശ്രമം പാര്‍ലിമെന്റ് നടത്തുമ്പോള്‍ നമ്മുടെ ജനപ്രതിനിധികള്‍ മൗനം പാലിക്കുന്നതെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
കോളയുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ഭരണകൂടം മുട്ടുമടക്കുമ്പോള്‍ കേരളജനതയെ മൊത്തത്തില്‍ അപഹസിക്കുന്നതിന് തുല്യമാണെന്ന് വിളിച്ചുപറയാന്‍ ഇതുവരെ ആരും തയ്യാറാകുന്നില്ല. കോളകമ്പനിയ്ക്കു മീതെ ഒരു ബില്ലും പറക്കില്ല എന്നാണോ ഇതിന്റെയൊക്ക അര്‍ഥം. അപ്പോള്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും മറ്റേതു പാര്‍ട്ടിയായാലും ഇവരെയൊക്കെ ബില്ലുകളും നിമങ്ങളും പാസ്സാക്കാനായി തിരഞ്ഞെടുത്തയച്ചത് സാമാന്യജനതയോ അതോ കോളകമ്പനിയോ…..