ലണ്ടന്‍: ‘അവള്‍ക്കെതിരേ മത്സരിക്കാന്‍ എന്നെ ദയവുചെയ്ത് ഇടരുത്. അത് കണ്ണാടിയില്‍ നോക്കുന്നപോലെയാണ്.’- ഫിക്‌സ്ചര്‍ തീരുമാനിക്കുന്ന സമയത്തുതന്നെ വീനസിന് ഉറപ്പുണ്ടായിരുന്നു, എന്താവും സംഭവിക്കാന്‍ പോകുന്നതെന്ന്. ഒരുപക്ഷേ കോറി ഗൗഫ് എന്ന പതിനഞ്ചുകാരിയെ തന്റെ തന്നെ പ്രതിരൂപമായാവണം വീനസ് കണ്ടിട്ടുണ്ടാവുക.
വീനസ് വില്യംസ് നാല് ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ സമയത്തൊന്നും കോറി ഗൗഫ് ഭൂമിയില്‍ പിറന്നുവീണിട്ടില്ല. പക്ഷേ അഞ്ചുതവണ വിംബിള്‍ഡണ്‍ കിരീടം ചൂടിയ വീനസിനെ അട്ടിമറിക്കാന്‍ ആ പതിനഞ്ചുകാരിക്കു പ്രായമൊരു പ്രശ്‌നമേ ആയിരുന്നില്ല.
‘എങ്ങനെയാണ് ഇത് ഫീല്‍ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ആദ്യമായാണ് ഒരു മത്സരം ജയിച്ചശേഷം ഞാന്‍ കരയുന്നത്. ഇതു സംഭവിക്കുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. എല്ലാവരും പറയുന്നതുപോലെ ഞാനിപ്പോള്‍ എന്റെ സ്വപ്‌നത്തിലാണ് ജീവിക്കുന്നത്’- അതെ. പലര്‍ക്കും ഇതൊരു സ്വപ്‌നമാണ്. പക്ഷേ അതു സാധിച്ചത് ഈ പതിനഞ്ചുകാരിക്കും. യു.എസില്‍ നിന്ന് ലണ്ടനിലെ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബിലെത്തി ചരിത്രം കുറിച്ച ‘കോകോ’ എന്ന കോറി ഗൗഫ് മത്സരശേഷം ഇങ്ങനെ പറയുമ്പോള്‍ ആ അവിസ്മരണീയത മുഴുവന്‍ ആ വാക്കുകളില്‍ക്കാണാം.
വിംബിള്‍ഡണില്‍ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ‘കോകോ’, വിംബിള്‍ഡണിലെ തന്റെ ആദ്യ മത്സരത്തില്‍ത്തന്നെയാണ് 39-കാരിയായ വീനസിനെ വീഴ്ത്തിയത്. അതും 6-4, 6-4 എന്ന സ്‌കോറില്‍ അനായാസേന.
44-ാം റാങ്കുകാരിയായ വീനസ് 313-ാം റാങ്കുകാരിയായ ഗൗഫിനെക്കുറിച്ച് മത്സരശേഷം പറഞ്ഞ ഈ വാക്കുകളില്‍ത്തന്നെ വ്യക്തമാണ് ആ പ്രതിഭയെന്തെന്ന്- ‘അവള്‍ക്കുവേണ്ടി അല്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ ഇവിടെനില്‍ക്കില്ലായിരുന്നുവെന്ന് ഞാന്‍ അവളോടു പറഞ്ഞിരുന്നു. അവള്‍ അത്രയധികം പ്രചോദിപ്പിക്കുന്നുണ്ട്. എനിക്ക് അതവളോടു പറയണമെന്നുണ്ട്. പക്ഷേ മുന്‍പൊന്നും അതിനുള്ള ധൈര്യമില്ലായിരുന്നു.’
ഇന്നലെ നടന്ന മത്സരത്തില്‍ 35 മിനിറ്റിലായിരുന്നു ഗൗഫ് തന്റെ ആദ്യ സെറ്റ് നേടിയത്. രണ്ടാം സെറ്റിലാകട്ടെ, വീനസിനെ ബ്രേക്ക് പോയിന്റിലേക്കു തള്ളിയിടുകയും ചെയ്തു. ശേഷം അനായാസം മൂന്ന് മാച്ച് പോയിന്റുകള്‍.
എന്നാല്‍ പരിചയസമ്പത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ടെന്നീസ് ലോകത്തെ നേര്‍ക്കാഴ്ചകളായ വീനസ് സഹോദരിമാര്‍ക്ക് അത്രപെട്ടെന്ന് വിട്ടുകൊടുക്കാനാവില്ലല്ലോ. ഒരുമണിക്കൂര്‍ 19 മിനിറ്റ് എടുത്തശേഷമായിരുന്നു ഗൗഫിനു മുന്നില്‍ വീനസ് അടിയറവ് പറഞ്ഞത്.
കായികപാരമ്പര്യം രക്തത്തിലുള്ള ഗൗഫിന്റെ മാതാപിതാക്കള്‍, അത്‌ലറ്റായ കാന്‍ഡിയും ബാസ്‌കറ്റ്‌ബോള്‍ താരമായ കോറിയുമാണ്. 2004 മാര്‍ച്ച് 13-ന് അവരുടെ മൂത്തകുട്ടിയായി ജോര്‍ജിയയില്‍ ആയിരുന്നു ഗൗഫിന്റെ ജനനം. പിന്നീട് ഈ കുടുംബം ഫ്‌ളോറിഡയിലേക്കു താമസം മാറി.
ടെന്നീസിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുകൊടുത്തത് അച്ഛനാണെങ്കിലും പ്രൊഫഷണലായി ടെന്നീസ് പരിശീലിക്കാന്‍ തുടങ്ങിയത് വീനസിന്റെ സഹോദരി സെറീന വില്യംസിന്റെ കോച്ച് പാട്രിക് മൗറട്ടോഗ്ലോവിനൊപ്പം ഫ്രാന്‍സിലാണ്.
കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ഗേള്‍സ് ചാമ്പ്യന്‍ഷിപ്പ് നേടിയാണ് ഗൗഫ് തന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്.