| Tuesday, 19th February 2019, 8:15 pm

സണ്ണി ലിയോണ്‍, ജാക്കി ഷ്‌റോഫ്, വിവേക് ഒബ്റോയ്, സോനു സൂദ്; പണം നല്‍കിയാല്‍ ഏത് പാര്‍ട്ടിക്കായും പ്രചരണം നടത്താമെന്ന് താരങ്ങള്‍; ഒളികാമറയില്‍ കുടുങ്ങി ബോളിവുഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളെ കുടുക്കി കോബ്രാപോസ്റ്റിന്റെ ഒളി കാമറാ ഓപറേഷന്‍. ഓപറേഷന്‍ കരോകെ എന്ന് പേരിട്ടിരിക്കുന്ന അന്വേഷണ പരമ്പരയില്‍ പണം വാങ്ങി രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയം പ്രചരിപ്പിക്കാന്‍ തയ്യാറാകുന്ന 36 സെലിബ്രറ്റികളാണ് കുടുങ്ങിയത്.

നടി-നടന്‍മാരും സംവിധായകരും ഗായകരും ഉള്‍പ്പെട്ട അറുപത് മിനുറ്റ് വീഡിയോയാണ് കോബ്രാപോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. പണം നല്‍കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ട് വഴി പ്രചരിപ്പിക്കാമെന്ന് താരങ്ങള്‍ സമ്മതിക്കുന്നുണ്ട്.


സണ്ണി ലിയോണ്‍, ജാക്കി ഷറോഫ്, ശക്തി കപൂര്‍, വിവേക് ഒബ്റോയ്, സോനു സൂദ്, അമീഷാ പട്ടേല്‍, മഹിമ ചൗധരി, ശ്രേയസ് താല്‍പാടി, പുനീത് ഇസ്സാര്‍, സുരേന്ദ്ര പാല്‍, പങ്കജ് ധീര്‍, അദ്ദേഹത്തിന്റെ മകന്‍ നിഖിതിന്‍ ധീര്‍, ടിസ്‌കാ ചോപ്ര, ദീപ്ശിഖ നഗ്പാല്‍, അഖിലേന്ദ്രാ മിശ്ര, റോഹിത് റോയ്, രാഹുല്‍ ഭട്ട്, സാലിം സെയ്ദി, രാഖി സാവന്ത്, അമന്‍ വര്‍മ, ഹൈറ്റന്‍ തേജ്വാനി, അദ്ദേഹത്തിന്റെ ഭാര്യ ഗൗരി പ്രധാന്‍, എവ്ലിന്‍ ശര്‍മ, മിനിഷ ലംബ, കൊയിന മിത്ര, പൂനം പാണ്ടേ, ഹാസ്യ താരങ്ങളായ രാജു ശ്രീവാസ്തവ, സുനില്‍ പാല്‍, രാജ് പാല്‍ യാദവ്, ഉപാസന സിങ്, കൃഷ്ണ അഭിഷേക്, വിജയ് ഈശ്വര്‍ലാല്‍ പവാര്‍, ഛായാഗ്രാഹകന്‍ ഗണേഷ് ആചാര്യ, നര്‍ത്തകന്‍ സംഭാവന സേത്, ഗായകരായ അഭിജീത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മില്‍ഖാ സിങ്, ബാബ സെഗാള്‍ തുടങ്ങിയ പ്രമുഖരാണ് പണത്തിന് വേണ്ടി പാര്‍ട്ടികളുടെ പി.ആര്‍ ജോലി ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്.

ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ പി.ആര്‍ ഏജന്റുമാരെന്ന വ്യാജേനയാണ് കോബ്രാപോസ്റ്റ് താരങ്ങളെ സമീപിച്ചത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ആശയ പ്രചാരണം നടത്താന്‍ റിപ്പോര്‍ട്ടര്‍മാര്‍ പണം വാഗ്ദാനം ചെയ്യുകയായിരുന്നു.

പണം നല്‍കിയാല്‍ തയാറാണെന്ന് മിക്കവരും പറയുന്നു. ഇക്കാര്യം ഒരിക്കലും പുറത്ത് അറിയില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. രണ്ട് ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപവരെയാണ് താരങ്ങള്‍ ആവശ്യപ്പെട്ടത്. മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം.


നോട്ട് നിരോധനം ഒരു ചരിത്രസംഭവമാണെന്ന് പറഞ്ഞ ശക്തി കപൂര്‍ മുഴുവന്‍ തുകയും കറന്‍സിയായി തന്നെ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. കള്ളപ്പണം കൈകാര്യം ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടും ഈ താരങ്ങള്‍ക്കില്ലെന്ന് ഇത് വ്യക്തമാക്കുന്നതായി കോബ്രാ പോസ്റ്റ് ആരോപിക്കുന്നു. വിഡിയോ ഉള്‍പ്പടെയുള്ള തെളിവുകളാണ് കോബ്രാപോസ്റ്റ് പുറത്തുവിട്ടത്.

എന്നാല്‍ വിദ്യാബാലന്‍, അര്‍ഷദ് വര്‍സി, റസ മുറാദ്, സൗമ്യ ടണ്ടന്‍ എന്നിവര്‍ ഈ ആവശ്യവുമായി എത്തിയവരോട് സഹകരിക്കാന്‍ തയ്യാറല്ലെന്ന് അറിയിക്കുകയും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. സമൂഹ മാധ്യമ അക്കൗണ്ട് ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അത് തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നുമാണ് ഇവര്‍ പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more