[share]
[] ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സ്ഥിതി ചെയ്യുന്ന ബാബറി മസ്ജിദ് തകര്‍ത്തത് ആസുത്രിതമെന്ന് പ്രമുഖ ഇന്‍വെസ്റ്റിഗേഷന്‍ വെബ്‌സൈറ്റായ കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍. ഗൂഢാലോചന നരസിംഹ റാവുവിനും എല്‍.കെ അദ്വാനിയ്ക്കും അറിയാമായിരുന്നെന്നും റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ ജന്മഭൂമി എന്ന പേരില്‍ കോബ്രാ പോസ്റ്റ് നടത്തിയ 23 പേരുടെ ഒളിക്യാമറാ അഭിമുഖത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്. നേരത്ത പദ്ധതിയിട്ട പ്രകാരം പരിശീലനം നല്‍കിയ വോളന്റിയര്‍മാരാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നതെന്നു ംകോബ്ര പോസ്റ്റ് വെളിപ്പെടുത്തുന്നു.
ബാബ്‌റി മസ്ജിദ് തകര്‍ത്തത് സംഘപരിവാര്‍ സംഘടനകളുടെ ആസൂത്രിതമായ നീക്കത്തിന്റെ ഫലമായിരുന്നു. ആസൂത്രിതമായ ഈ ആക്രമണം അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നരസിംഹ റാവുവിന്റെ കൂടി അറിവോടെയായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, അന്നത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങിയവര്‍ക്കും വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ആചാര്യ ധര്‍മേന്ദ്ര തുടങ്ങിയ പ്രമുഖര്‍ക്കും ഇക്കാര്യം നേരത്തെ അറിയാമായിരുന്നു-കോബ്ര പോസ്റ്റ് അവകാശപ്പെടുന്നു.
രാമജന്മഭൂമി തകര്‍ത്ത സംഭവത്തില്‍ ഉള്‍പ്പെട്ട 23 പ്രധാന വ്യക്തികളെ നേരിട്ട് ഇന്റര്‍വ്യൂ നടത്തിയാണ് കോബ്ര പോസ്റ്റ് ഈ നിഗമനത്തിലെത്തിയതെന്നു പറയുന്നു. ഒരു പുസ്തകം എഴുതുന്നതിന്റെ ഭാഗമായി കോബ്ര പോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷ് ആണ് ഇവരുമായി അഭിമുഖം നടത്തിയത്.
ബി.ജെ.പി, വി.എച്ച്.പി എന്നിവ അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകളുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍, സാധ്വി ഋതംബര, വി.എച്ച്. ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, സതീശ് പ്രധാന്‍, സി.ആര്‍. ബന്‍സല്‍, ആര്‍.വി. വേദാന്തി, പരമഹംസ് രാം ചന്ദ്രദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍. ശര്‍മ, നൃത്യ ഗോപാല്‍ ദാസ്, ധരംദാസ്, സതീശ് നഗര്‍, മൊരേശ്വര്‍ സാവെ എന്നിവരെ ബാബറി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിച്ച പ്രത്യേക കോടതിയും അലഹബാദ് ഹൈകോടതിയും ഗൂഢാലോചനാ കുറ്റത്തില്‍നിന്ന്് ഒഴിവാക്കിയിരുന്നു.
രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കിയതിന് ഇന്ത്യന്‍ശിക്ഷാ നിയമം 153 എ പ്രകാരവും ദേശീയ അഖണ്ഡതക്ക് ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 153 ബി പ്രകാരവും കലാപമുണ്ടാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും തെറ്റായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തതിന് 505ാം വകുപ്പ് പ്രകാരവുമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.