ന്യൂദല്‍ഹി:ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ കോടികള്‍ ആവശ്യപ്പെട്ട മാധ്യമങ്ങളെ തുറന്നു കാട്ടിയ തങ്ങളുടെ രഹസ്യക്യാമറ ഓപറേഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് തടയരുതെന്ന് ആവശ്യപ്പെട്ട് കോബ്ര പോസ്റ്റ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
കോബ്ര പോസ്റ്റ് നടത്തിയ ഓപറേഷന്‍ തങ്ങള്‍ക്കെതിരെയുള്ള ഭാഗം പുറത്തുവിടാതിരിക്കാന്‍ “ദൈനിക് ഭാസ്‌ക്കര്‍” സിംഗിള്‍ ബഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയ സാഹചര്യത്തിലാണ് ഈ നീക്കം.
കോബ്ര പോസ്റ്റിന്‍റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഗീത മിത്തലിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
ബി.ജെ.പിയ്ക്കു വേണ്ടി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനും കലാപം സൃഷ്ടിക്കാനും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വാധീനിക്കാനും ഇന്ത്യയിലെ മാധ്യമങ്ങള്‍ കോടികള്‍ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് കോബ്രാ പോസ്റ്റ് പുറത്ത് വിട്ടത്. കോബ്രാ പോസ്റ്റ് നടത്തിയ ഓപ്പറേഷന്‍ 136ലാണ് മാധ്യമങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
വിനീത് ജെയിനിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് ഗ്രൂപ്പിന്റെ ടൈംസ് ഓഫ് ഇന്ത്യ 1000 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യ ടുഡേ, സീ ന്യൂസ്, നെറ്റ് വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എ.ബി.പി ന്യൂസ്, ദൈനിക് ജാഗരണ്‍, റേഡിയോ വണ്‍, റെഡ് എഫ്.എം, ലോക്മത്, എ.ബി.എന്‍ ആന്ധ്രാ ജ്യോതി, ടി.വി 5, ദിനമലര്‍, ബിഗ് എഫ്.എം, കെ ന്യൂസ്, ഇന്ത്യ വോയിസ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, എം.വി ടിവി തുടങ്ങിയ മാധ്യമങ്ങളാണ് കോബ്രാ പോസ്റ്റിന്റെ ഓപ്പറേഷന്‍ 136 ല്‍ കുടുങ്ങിയത്.
പണത്തിനായി താഴെ പറയുന്ന കാര്യങ്ങള്‍ ഏറ്റെടുക്കാമെന്നായിരുന്നു മാധ്യമങ്ങളുടെ നിലപാട്
ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാം
വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കാം
രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കാം
കള്ളപ്പണം നല്‍കിയാലും സ്വീകരിക്കാം
നിഷ്പക്ഷതയും മാധ്യമധര്‍മ്മവും പണത്തിനു മുന്‍പില്‍ അടിയറവ് വെക്കാന്‍ തയ്യാറാണ്
-സമരം ചെയ്യുന്ന കര്‍ഷകരെ മാവോയിസ്റ്റുകളായി ചിത്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം
-രാഹുല്‍ ഗാന്ധിയെ ടാര്‍ഗറ്റ് ചെയ്യുകയും സ്വഭാവദൂഷ്യം ആരോപിക്കുകയും ചെയ്യാം
അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കാമെന്നും അതിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീമിനെ നിയമിക്കാം എന്നുമായിരുന്നു സീ ന്യൂസിന്റെ വാഗ്ദാനം