ഈ പത്രങ്ങളാണ് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വര്‍ഗീയത സൃഷ്ടിക്കുന്ന വാര്‍ത്ത നല്‍കാമെന്നേറ്റത്: കോബ്രാ പോസ്റ്റ് അന്വേഷണ റിപ്പോര്‍ട്ട് കാണാം
National
ഈ പത്രങ്ങളാണ് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വര്‍ഗീയത സൃഷ്ടിക്കുന്ന വാര്‍ത്ത നല്‍കാമെന്നേറ്റത്: കോബ്രാ പോസ്റ്റ് അന്വേഷണ റിപ്പോര്‍ട്ട് കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th March 2018, 10:52 pm

ന്യുദല്‍ഹി: വര്‍ഗീയ കലാപമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുവാനും തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുവാനും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ സന്നദ്ധത അറിയിച്ചതായി കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തല്‍. കോബ്രാ പോസ്റ്റ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഇന്ത്യയിലെ മാധ്യമങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. പുഷ്പ ശര്‍മ്മ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നടത്തിയ അന്വേഷണത്തിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

ആദ്യ മൂന്നു മാസങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുകയും തുടര്‍ന്ന് വിനയ് കത്യാര്‍, ഉമാ ഭാരതി, മോഹന്‍ ഭാഗവത് എന്നീ ആര്‍.എസ്.എസുകാരുടെ തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ അടങ്ങുന്ന പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുക. ചാനലുകള്‍ തുടങ്ങിവയ്ക്കുന്ന ഈ പ്രചാരണം തുടര്‍ന്ന് പ്രിന്റ്, ഓണ്‍ലൈന്‍, സമൂഹമാധ്യമങ്ങളായ ഫേ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലും എത്തിക്കും. കോബ്ര പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Read Also : ജൗഹര്‍ മുനവര്‍ വിവാദം: എന്തെല്ലാം, എന്താവാമായിരുന്നു, എന്തായി!


പ്രേക്ഷകരുടെ ഉളളില്‍ ഹിന്ദുത്വ അജണ്ട പടിപടിയായി കുത്തിവച്ച് വോട്ടുറപ്പിക്കുകയെന്ന ലക്ഷ്യം സാധിച്ചുതരാമെന്ന് വന്‍കിട മാധ്യമശൃംഖലയുടെ ഉടമസ്ഥന്‍ തന്നെ സമ്മതിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി എന്നിവരെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തയാറായ മാധ്യമസ്ഥാപനങ്ങള്‍, പപ്പു തുടങ്ങിയ പരിഹാസവാക്കുകള്‍ തുടര്‍ച്ചയായി ആളുകളിേലക്ക് എത്തിക്കാമെന്നും പറയുന്നു. ഹിന്ദുത്വ അജണ്ട പ്രോല്‍സാഹിപ്പിക്കുന്ന പരസ്യം നല്‍കാമെന്ന് ഏറ്റവരുണ്ട്. സ്റ്റിംങ് ഓപ്പറേഷന്റെ ഒന്നാംഭാഗമാണ് കോബ്രപോസ്റ്റ് പുറത്തുവിട്ടത്. രണ്ടാം ഭാഗം ഉടന്‍ പുറത്തുവിടുമെന്ന് കോബ്ര പോസ്റ്റ് ഉടമ അനിരുദ്ധ ബഹല്‍ പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജണ്ട നിറച്ച വാര്‍ത്തകളും വാര്‍ത്താപരമ്പരകളും നല്‍കാന്‍ പ്രമുഖ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളെയും വാര്‍ത്താചാനലുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും സമീപിച്ച കോബ്ര പോസ്റ്റ് അന്വേഷണസംഘം പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മുപ്പതിലധികം മാധ്യമസ്ഥാപനങ്ങള്‍ പെയ്ഡ് ന്യൂസ് നല്‍കാന്‍ സന്നദ്ധത അറിയിച്ചു. ആറുകോടി മുതല്‍ അന്‍പതുകോടി രൂപ വരെയാണ് സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടത്. കളളപ്പണമാണെങ്കിലും സ്വീകരിക്കാമെന്ന് സമ്മതിച്ച മാധ്യമസ്ഥാപനങ്ങളുമുണ്ട്.


Read Also : ഇടംകാലുകൊണ്ട് വിനീത് പായിച്ച ബുള്ളറ്റ് ഷോട്ട് സീസണിലെ മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടു


ഇന്ത്യ ടിവി, ദൈനിക് ജാഗരണ്‍, ഹിന്ദി ഖബര്‍, സബ് ടിവി, ഡി.എന്‍.എ, അമര്‍ ഉജാല, 9 എക്‌സ് തഷാന്‍, സമാചാര്‍ പ്ലസ്, എച്ച് എന്‍.എന്‍ 24*7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ്, ഇന്ത്യ വാച്ച്, സാധ്‌ന പ്രൈം ന്യൂസ് എന്നീ മാധ്യമസ്ഥാപനങ്ങളുമായാണ് പുഷ്പ ശര്‍മ്മ സംസാരിച്ചത്. ഇവരെല്ലാം ആര്‍.എസ്.എസ് ബി.ജെ.പി ചായ് വുള്ളവരാണെന്ന് തുറന്ന് സമ്മതിക്കുന്നു.

ഇന്ത്യയില്‍ മാധ്യമങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ ശക്തമായിരിക്കെയാണ് ചില മാധ്യമങ്ങള്‍ പരസ്യമായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിക്ക് അനൂകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മാത്രമല്ല, പരസ്യങ്ങള്‍ പ്രചരിപ്പിക്കാനും തയ്യാറാണെന്ന് ഇവര്‍ തന്നെ പറയുന്നു. പ്രചാരണം എങ്ങനെ ചെയ്യണമെന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും പുഷ്പ ശര്‍മ്മയ്ക്ക് നല്‍കിയതായി ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.