സ്വകാര്യബാങ്കുകള്‍ക്ക് പുറമെ പൊതുമേഖലാ ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കുന്നതായി കോബ്രപോസ്റ്റ്
India
സ്വകാര്യബാങ്കുകള്‍ക്ക് പുറമെ പൊതുമേഖലാ ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കുന്നതായി കോബ്രപോസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2013, 12:30 pm

(സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്നെന്നാണ് സംഘപരിവാര്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ എസ്.ബി.ഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളും എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലുള്ള സ്വകാര്യ ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്ന കാര്യം 2013ല്‍ കോബ്ര പോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാസിക തെളിവുകള്‍ സഹിതം പുറത്തുവിട്ടിരുന്നു. കോബ്ര പോസ്റ്റു റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 2013 മെയ് ആറിന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത)

ന്യൂദല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കള്ളപ്പണനിക്ഷേപം നടത്തുന്നതിന്റെ തെളിവുകള്‍ പുറത്ത്. കോബ്ര പോസ്റ്റാണ് ഒളിക്യാമറാ ഓപ്പറേഷനിലൂടെ ഈ വിവരം പുറത്തെത്തിച്ചത്. എസ്.ബി.ഐ, കാനറ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, തുടങ്ങിയ 24 ഓളം സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കുന്നതായുള്ള വാര്‍ത്തയാണ് കോബ്ര പോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ ആറുമാസമായി യുപി, രാജസ്ഥാന്‍, ഹരിയാന, ദില്ലി, ആന്ധ്രപ്രദേശ്, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയതെന്നാണ് കോബ്രാ പോസ്റ്റ് പറയുന്നത്.

ബാങ്കിലെ മറ്റുകാര്യങ്ങള്‍ നടക്കുന്നതുപോലെ തന്നെയാണ് കള്ളപ്പണം നിക്ഷേപവും നടക്കുന്നത്. ഏതൊരാള്‍ക്കും ഏത് ബാങ്കിലും പോയി ഇത്തരത്തില്‍ കള്ളപ്പണ നിക്ഷേപം നടത്താമെന്ന് കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തലില്‍ വ്യക്തമാകുന്നു.

പണവുമായി ബാങ്കിലെത്തുന്ന ഏതൊരാള്‍ക്കും അത് ഏതെല്ലാം നിക്ഷേപങ്ങളിലേക്കാണ് പോകേണ്ടതെന്ന നിര്‍ദേശം ബാങ്ക് തന്നെ നല്‍കും. ഇന്‍ഷുറന്‍സ് വിഭാഗത്തിലേക്കും മറ്റും ബാങ്ക് അധികൃതര്‍ തന്നെ പണം നിക്ഷേപിച്ചുകൊള്ളും. നിക്ഷേപകരുടെ വിവരങ്ങള്‍ യാതൊരു കാരണവശാലും ബാങ്കുകള്‍ പുറത്ത് വിടുന്നില്ലെന്നതാണ് മറ്റൊരു കാര്യം.

സ്‌റ്റേറ്റ് ബാങ്ക് ഇന്ത്യ, എല്‍.ഐ.സി, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, യേസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്,.ബിര്‍ല സണ്‍ലൈഫ്, ഓറിയന്റല്‍ ബാങ്ക്, റിലയന്‍സ് കാപ്പിറ്റല്‍, ധേനാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഡി.സി.ബി ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ ബാങ്കുകളാണ് കള്ളപ്പണ നിക്ഷേപം നടത്തുന്നത്.

വിവിധ ബാങ്കുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തന്നെ കള്ളപ്പണം സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കോബ്രാപോസ്റ്റിന്റെ ഒളിക്യാമറ അന്വേഷണം.

കള്ളപ്പണനിക്ഷേപത്തിനായെത്തിയ ഇടപാടുകാരനെന്ന് പരിചയപ്പെടുത്തിയ റിപ്പോര്‍ട്ടറോട് എത്ര കോടി രൂപ വേണമെങ്കിലും ഇത്തരത്തില്‍ നിക്ഷേപിക്കാമെന്ന് ഇയാള്‍ വ്യക്തമാക്കുന്നു.

“നിങ്ങള്‍ പണം തന്നാല്‍ മാത്രം മതി അതിന്റെ ഡി.ഡി തരുന്ന കാര്യം ഞങ്ങള്‍ ഏറ്റെന്ന” ഉറപ്പും ഇദ്ദേഹം നല്‍കുന്നു. എത്ര പണം നിങ്ങള്‍ തന്നാലും അതെല്ലാം വൈറ്റ് മണിയാക്കി രേഖകള്‍ തരുന്ന കാര്യം ഏറ്റെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യബാങ്കുകളായ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സിഐ, ആക്‌സിസ് ബാങ്കുകള്‍ എന്നീ മൂന്ന് സ്വകാര്യ ബാങ്കുകള്‍ കള്ളപ്പണ നിക്ഷേപം നടത്തുന്നതിന്റെ തെളിവുകള്‍ കോബ്രാ പോസ്റ്റ് പുറത്ത് വിട്ടിരുന്നു.

മാര്‍ച്ച് പതിനാലിനാണ് സ്വകാര്യ ബാങ്കുകള്‍ കള്ളപ്പണം വെളിപ്പിക്കുന്നതായുള്ള വാര്‍ത്ത കോബ്ര പോസ്റ്റ് പുറത്തുവിട്ടിരുന്നത്. ഈ ബാങ്കുകള്‍ക്കെതിരെ ആര്‍.ബി.ഐ അന്വേഷണം തുടരുന്നതിനിടെയിലാണ് ഞെട്ടിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

 

എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ഏക്‌സിസ് ബാങ്കുകള്‍ കള്ളനിക്ഷേപം നടത്തുന്ന തെളിവുകള്‍ പുറത്ത്