തമിഴകത്തിന്റെ ചിയാന്‍ വിക്രം നായകനായെത്തി ആര്‍.അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. വിക്രം 20 വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന സിനിമ എന്ന വിശേഷണം കോബ്രക്കുണ്ടായിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷം തീയേറ്ററിലെത്തുന്ന വിക്രം സിനിമയാണ് കോബ്ര. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസായ കടാരം കൊണ്ടെനാണ് അവസാനമായി തിയറ്ററില്‍ റിലീസ് ചെയ്ത് വിക്രം ചിത്രം.
ആദ്യ ഷോകള്‍ കഴിഞ്ഞപ്പോള്‍ മിക്‌സ്ഡ് റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എല്ലാവര്‍ക്കും ദഹിക്കുന്ന ചിത്രമല്ല എന്നാണ് പൊതുവിലുള്ള അഭിപ്രായം. ഫസ്റ്റ് ഹാഫ് നിലവാരം പുലര്‍ത്തിയപ്പോള്‍ സെക്കന്‍ഡ് ഹാഫില്‍ പ്രതീക്ഷിച്ച പോലെയൊന്നും ഇല്ലായിരുന്നു എന്നും ആരാധകരുടെ ഇടയില്‍ സംസാരമുണ്ട്.
ചിത്രത്തിന് കൊടുത്ത ഹൈപ്പിനോടും പ്രൊമോഷനോടും നീതി പുലര്‍ത്താന്‍ സിനിമക്ക് സാധിച്ചില്ല എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു. ഒരുപാട് പ്രതീക്ഷിക്കാതെ പോയാല്‍ സിനിമ ഇഷ്ടമാകുമെന്നും അല്ലാത്ത പക്ഷം നിരാശയായിരിക്കും ഫലമെന്നും പ്രമുഖ മൂവി റിവ്യൂവേഴ്സും പറയുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപാട് ആഘോഷത്തോടെയാണ് ആരാധകര്‍ സിനിമയെ വരവേറ്റത്. ചിയാന്റെ തിരിച്ചുവരവിനായിട്ട് ആരാധകരും സിനിമ പ്രേമികളും അത്രയേറെ കാത്തിരുന്നിരുന്നു. ഇതിന് മുമ്പ് ഒ.ടി.ടിയില്‍ റിലീസ് ചെയ്ത കാര്‍ത്തിക് സുബ്ബരാജ്-വിക്രം-ധ്രുവ് വിക്രം കൂട്ടുക്കെട്ടിലെത്തിയ ചിത്രമായ മഹാന്‍ മികച്ച അഭിപ്രായം നേടിയിരുന്നു.
അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ ഒരുപാട് പ്രതീക്ഷകളുള്ള ചിത്രമായിരുന്നു കോബ്ര. വിക്രത്തിന്റെ ബ്രഹ്മാണ്ഡ വേഷപ്പകര്‍ച്ചകളും അട്രാക്റ്റീവ് ഫസ്റ്റ് ലുക്കുമൊക്കെ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്തായാലും സിനിമയുടെ മുന്നോട്ടുള്ള കുതിപ്പ് വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും.
ശ്രീനിധി ഷെട്ടി നായികയായെത്തുന്ന ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ആന്റഗോണിസ്റ്റ് റോളില്‍ എത്തുന്നുണ്ട്. മലയാളി താരങ്ങളായ റോഷന്‍ മാത്യു, മിയാ ജോര്‍ജ്, സര്‍ജാനോ ഖാലിദ് എന്നിവര്‍ സിനിമയില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്. മൃണാളിനി രവിയാണ് മറ്റൊരു ലീഡ് റോള്‍ കൈകാര്യം ചെയ്യുന്നത്.
Content Highlight: Cobra Movie Gets Mixed Review in Twitter