ആലപ്പുഴ ജില്ലയിലെ വലിയഴിക്കല്‍ മുതല്‍ തോട്ടപ്പള്ളി വരെയുള്ള കടല്‍ തീരത്ത് ധാതുമണല്‍ ഘനനം തുടങ്ങുന്നതിനെതിരെ 2003 ല്‍ വി.എം സുധീരന്‍ തീരവാസികളെ മുഴുവന്‍ മുന്‍നിര്‍ത്തി ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മനുഷ്യചങ്ങലയുണ്ടാക്കി. യു.ഡി.എഫ് സര്‍ക്കാരിനെക്കൊണ്ടു തീരുമാനം പിന്‍വലിപ്പിക്കാനും സാധിച്ചു.
2020 ആയപ്പോള്‍ സമരം തോട്ടപ്പള്ളിയിലായി, സമരത്തിനു നേതൃത്വം വഹിക്കുന്നത് തോട്ടപ്പള്ളി അടങ്ങുന്ന പുറക്കാട് പഞ്ചായത്തും. ഇപ്പോഴത്തെ സമരം തോട്ടപ്പള്ളി സ്പില്‍വേക്കു പടിഞ്ഞാറു ഭാഗത്ത് വീതിയും, ആഴവും കൂട്ടുന്ന മണ്ണ് സര്‍ക്കാറിന്റെ അധീനതയിലുള്ള കെ.എം .എം.എല്‍ നീക്കം ചെയ്തു കൊണ്ടു പോകുന്നതിനെതിരെ ആണന്നു മാത്രം.
ഈ മണലിലും ധാതുവുണ്ട്. ധാതു വേര്‍തിരിക്കുന്നത്, ചവറയിലുള്ള, കെ.എം.എം.എല്ലും, രണ്ടു സമരവും ധാതുമണലിനെ സംബന്ധിച്ചു തന്നെ,
എന്താണീ പ്രദേശത്തിന്റെ പ്രത്യേകത എന്നു മനസ്സിലാക്കിയെങ്കിലെ അതിലെ രാഷ്ട്രീയം മനസ്സിലാകു.
നീണ്ടകര മുതല്‍, തോട്ടപ്പള്ളി വരെയുള്ള കടല്‍ തീരത്തുള്ള മണലില്‍ അണുശക്തിയുള്ള പലവിധം അപൂര്‍വ്വ ധാതുക്കള്‍ ഉണ്ട്.
ഇല്‍മനൈറ്റ്, തോറിയം, ടൈറ്റാനിയം തുടങ്ങിയവ വേര്‍തിരിച്ച്, പെയിന്റ്, പെയിസ്റ്റ്, അണുശക്തി തുടങ്ങിയ വ്യവസായങ്ങള്‍ക്കായി 1922 മുതലേ വിദേശകമ്പനികള്‍കയറ്റി കൊണ്ടു പോകുമായിരുന്നു.
കയര്‍ മേഖലയായ ഇവിടെ നിന്ന് ജര്‍മ്മനി പോലുള്ള സ്ഥലങ്ങളിലെത്തിയ കയറുത്പന്നങ്ങളില്‍ മേല്‍പ്പറഞ്ഞ ധാതുക്കള്‍ കണ്ടെത്തിയ വിദേശകമ്പനികള്‍ തിരുവിതാംകൂര്‍ ഭരണകൂടത്തെ സ്വാധീനിച്ച് പുറംകടലില്‍ കപ്പലിട്ട്, ചെറുവഞ്ചികളില്‍ മണ്ണ് കയറ്റി കൊണ്ടുപോകുമായിരുന്നു.
മണ്ണുകയറ്റു തൊഴിലാളികളെ പിന്നീട് സംഘടിപ്പിച്ചാണ് ആര്‍.എസ്.പി പാര്‍ട്ടി വളര്‍ന്നത്. അവിടുത്തെ ഒരു തൊഴിലാളി കൂടിയായ ബേബി ജോണ്‍ തൊഴിലാളി നേതാവയതും ചരിത്രം.
സ്വാതന്ത്ര്യാനന്തരം, ഹോമി ഭാഭയുടെ നേതൃത്വത്തില്‍ അണുശക്തി ഗവേഷണം ആരംഭിച്ചപ്പോള്‍ അതിനാവശ്യമായ ഇന്ധനം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. കേരള തീരത്ത് ധാരാളം അണു ഇന്ധനമുണ്ടെന്നു മനസ്സിലാക്കിയ അണുശക്തി കേന്ദ്രം സ്ഥലം പരിശോധിച്ച് ഖ നന സാധ്യതകള്‍ മനസ്സിലാക്കി, നെഹ്‌റുവിനെ അറിയിക്കുകയും, ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഖനനം ജനജീവിത്തതിന് ഹാനികരമല്ലന്നു മനസ്സിലാക്കാനും, ജനപിന്തുണ ലഭിക്കാനുമായാണ് നെഹ്‌റുവിനെ കൊല്ലം ജില്ലയിലെ ചെറിയഴിക്കല്‍ കടല്‍ തീരത്തു കൊണ്ടുവന്നതെന്ന് പലര്‍ക്കുമറിയില്ല.
അദ്ദേഹത്തിന്റെ സന്ദര്‍ശന സ്മാരകമായി ക്ഷേത്രത്തിനു മുന്നില്‍ ഒരു പ്രതിമയുണ്ട്. പല കരിമണല്‍ വിരുദ്ധ സമരങ്ങള്‍ നടക്കുന്നതും, നെഹ്‌റു പ്രതിമയ്ക്ക് പിന്നിലാണ്. ഭാഭാ അണുശക്തി കേന്ദ്രത്തിന്റെ കീഴില്‍ നീണ്ടകരയില്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് സ്ഥാപിക്കുകയും തീരത്തെ മണല്‍ ശുദ്ധീകരിക്കാനുള്ള അനുമതി ഭാഭാ അണുശക്തി കേന്ദ്രത്തിന് ലഭിക്കുകയും ചെയ്തു. 1962 ല്‍ അണുശക്തി നിയമം വന്നു.
നീണ്ടകരയ്ക്ക് വടക്കുള്ള കടല്‍ തീരവാസികളെ പുനരധിവസിപ്പിച്ചുകൊണ്ട് മണ്ണെടുത്ത്, ധാതുക്കള്‍ വേര്‍തിരിച്ച്, അണുശക്തി കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകാനും തുടങ്ങി, ഇവിടെ നിന്ന് കൊണ്ടു പോകുന്ന, യൂറേനിയത്തിന്റെ ഘടന മാറ്റി നൂക്ലിയാര്‍ പ്ലാന്റിനാവശ്യമായ ഇന്ധനമാക്കി മാറ്റിയെടുത്തു. വിദേശത്തേയ്ക്കു കരിമണല്‍ കയറ്റി കൊണ്ടു പോകുന്നതും നിരോധിച്ചു.
കേരള സര്‍ക്കാറിനു കീഴില്‍ വ്യവസായവകുപ്പ് ചവറയില്‍ പന്മന പഞ്ചായത്തില്‍ ടൈറ്റാനിയം കെ.എം.എം.എല്‍ -കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് സ്ഥാപിച്ചു, പഞ്ചായത്തിന്റെ കടല്‍ തീരത്തു താമസ്സിക്കുന്നവരില്‍ നിന്ന് സ്ഥലം വാങ്ങിയിട്ട് അവരെ പുനര്‍വിന്യസിപ്പിച്ചു കൊണ്ട് ഖനനം തുടങ്ങി, ധാതു വേര്‍തിരിച്ചതിനു ശേഷം വരുന്ന മണല്‍ കടല്‍ത്തീരത്തു തന്നെ പുനസ്ഥാപിച്ചു.
രണ്ടു ദശാബ്ദത്തെ ഖനനം കൊണ്ട് ഒരു ഗ്രാമത്തിന്റെ നല്ലയൊരു ഭാഗം വിജനമായി, കരിമണല്‍ ഖനനം കൊണ്ട് പ്രദേശവാസികള്‍ക്ക് ക്യാന്‍സര്‍ രോഗം വര്‍ദ്ധിച്ചു വരുന്നതായുള്ള പഠനങ്ങള്‍ വരാന്‍ തുടങ്ങി. ശാസ്ത്രജ്ഞനും പ്രകൃതി സംരക്ഷകനുമായ വി.ടി പത്മനാഭന്റെ പഠനങ്ങള്‍ ഖനന വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും, കെ.എം.എം.എല്‍ ഖനനവും, ഫാക്ടറി വികസനവുമായി മുന്നോട്ടു തന്നെ പോയി.
ധാതുമണല്‍ സമ്പത്ത് നഷ്ടപ്പെടാതെ വ്യവസായ വികസനത്തിനായി ഉപയോഗിക്കുക എന്ന നയം സര്‍ക്കാര്‍ തുടര്‍ന്നു. കൊല്ലം ജില്ലയിലെ പന്മന ഗ്രാമത്തിലെ ഖനനം തുടര്‍ന്നു കൊണ്ടിരിക്കേ ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റമായവലിയഴിക്കല്‍ കായങ്കുളം പൊഴി മുതല്‍ തോട്ടപ്പള്ളി വരെയുള്ള തീരത്ത് കനത്ത കരിമണല്‍ നിക്ഷേപമുള്ളതായി മനസ്സിലാക്കിയ സ്വകാര്യ കമ്പനികള്‍ അവിടെ നോട്ടമിട്ടു.
1998 ല്‍ സ്വകാര്യ സംരഭകര്‍ക്കും ഖനനനം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് 1962ലെയും 1991ലെയും നിയമം മാറ്റി എഴുതിപ്പിച്ചു. കായങ്കുളം മുതല്‍ തോട്ടപ്പള്ളി വരെയുള്ള 17 കിലോമീറ്റര്‍ തീരത്ത് 242 ദശലക്ഷം ടണ്‍ മണലില്‍ 17 ദശലക്ഷം ടണ്‍ ധാതുവും, 9 ദശലക്ഷം ഇല്‍മി നൈറ്റും ഉണ്ടന്നു മനസ്സിലാക്കിയ സ്വകാര്യ കമ്പനികള്‍ 1998 ലെ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഖനനം ചെയ്യാനുള്ള നയം പാസാക്കി.
ചിത്രീകരണം: സൂസന്‍ ബഹുല
ലോഹ മണലിന്റ മൂല്യം അറിയില്ലായിരുന്ന തീര ഭൂഉടമകളില്‍ നിന്ന് ആലുവയിലുള്ള കേരള എര്‍ത്ത്‌സ് ആന്‍ഡ് മിനെറല്‍സ് ലിമിറ്റഡ് [KREML]എന്ന കമ്പനിയും അവരുടെ അനുയായികളും സ്ഥലം വാങ്ങി. കടലിനും കായങ്കുളം കായലിനുമിടയില്‍ 200 മീറ്റര്‍ മുതല്‍ അഞ്ഞുറുമീറ്റര്‍ വരെ വീതിയേ ഉള്ളു.
മത്സ്യ ബന്ധനവും, കയര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണി ചെയ്യുന്ന 20,000 ഓളം പേര്‍ ഈ ദേശത്ത് തിങ്ങി പാര്‍ക്കുന്നുണ്ടെന്നാണ് കണക്ക്.
പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ഖനനം തുടങ്ങിയാല്‍ അവരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനോടൊപ്പം വീടുകള്‍ നഷ്ടപ്പെടുകയും, റേഡിയേഷന്‍ കാരണം ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുണ്ടാകുമെന്നുള്ള പ്രചരണം വ്യാപകമാവുകയും ചെയ്തതോടെ ജനങ്ങള്‍ സമരരംഗത്തേക്ക് വന്നു.
യു.ഡി.എഫ് ഭരണം നല്‍കിയ അനുമതിക്കെതിരെ സമരം ചെയ്യാന്‍ സ്ഥലം എം.പി കൂടിയായിരുന്ന വി.എം സുധീരന്‍ രംഗത്തു വരികയും, അന്നത്തെ പ്രതിപക്ഷ പാര്‍ട്ടിയായ എല്‍.ഡി.എഫ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങുകയും ചെയ്തു. ഭരണകക്ഷികളായ കോണ്‍ഗ്രസ്സും, മുസ്ലീം ലീഗും സമരം പരാജയപ്പെടുത്താന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
ചിത്രീകരണം: സൂസന്‍ ബഹുല
അവസാനം പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ആലുവയിലെ കമ്പനി പദ്ധതിക്കായി തീരദേശത്തും, പല്ലന കുമാരനാശാന്‍ സ്മാരകത്തിനു കിഴക്കുവശത്തും വാങ്ങിയ ഭൂമിയുമിപ്പോള്‍ ഉപയോഗമില്ലാതായിക്കിടക്കുകയാണ്. അന്ന് സുധീരന്റെ സമരത്തിനൊപ്പം നിന്ന പലരും, പിന്നീട് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി. ചിലര്‍ മുസ്ലീം ലീഗിലുമായി.
കരിമണല്‍ ഖനനം നടക്കില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത്, കടലിലെ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാനുള്ള പദ്ധതികളുമായി വന്നെങ്കിലും ഉദ്യോഗസ്ഥതലത്തിലുള്ള എതിര്‍പ്പുകാരണം പദ്ധതി നടക്കാതെ പോയി. തുടര്‍ന്നു വന്ന ഈ സര്‍ക്കാറിന്റെ കാലത്തും കരിമണലുമായുള്ള സമരമുണ്ടാക്കാന്‍, പ്രകൃതിസംരക്ഷണ സമിതിയെ മുന്നില്‍ നിര്‍ത്തി കൊണ്ട് കൊല്ലം ജില്ലയിലെ സമരം തുടങ്ങി. തീരത്തിനടുത്തുള്ള മാതാ അമൃതാനന്ദമയിയുടെ ആശ്രമവും, അമൃതാ വിദ്യാപീഠവും നില്‍ക്കുന്ന, പഞ്ചായത്തിലാണ് സമരം തുടങ്ങിയത്.
കരിമണല്‍ ഖനനം കാരണം ഈ ഗ്രാമവും ഇല്ലാതാകാന്‍ പോകുന്നു എന്നു പ്രചാരണം നടത്തി, തീരത്തു താമസിക്കുന്ന ധീവരസമുദായക്കാരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. മണല്‍ഖനനം നടക്കുന്നത് മറ്റൊരു പഞ്ചായത്തിലാണന്നും, പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ വെച്ചു. അവിടെ നടന്ന സമരത്തിന് പിന്തുണയുമായി വന്ന കോണ്‍ഗ്രസ്സിനും പിന്‍മാറേണ്ടി വന്നു, ഈ തീരത്തൊന്നും തന്നെ സ്വകാര്യ കമ്പനികള്‍ക്ക് ഖനനം ചെയ്യാന്‍ അനുമതി നല്‍കില്ലെന്നും, കായങ്കുളം -തോട്ടപ്പള്ളി തീരത്തും ഖനനം ചെയ്യാനുദ്ദേശിക്കുന്നില്ലെന്ന് ഭരണകക്ഷികളുടെ ഭാഗത്തു നിന്ന് പ്രതികരണവും വന്നു.
നിരന്തരം കടല്‍ക്ഷോഭമുണ്ടാകുന്ന ഈ തീരത്ത്, പുലിമുട്ടുകളും, കടല്‍ഭിത്തികളും കെട്ടി കല്ലുണ്ടാകുന്നതല്ലാതെ വലിയ പ്രയോജനവുമുണ്ടാകുന്നില്ല. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ സ്ഥലം എം.എല്‍.എ ആയിരുന്ന ആര്‍. സുഗതന്റെ നിരന്തര സമ്മര്‍ദ്ദം കൊണ്ടാണ് തൃക്കുന്നപ്പുഴ മുതല്‍ കടല്‍ഭിത്തി നിര്‍മ്മാണം തുടങ്ങിയത്. തൃക്കുന്നപ്പുഴ പാലം വന്നതോടെയാണ് പതിനേഴ് കിലോ മീറ്റര്‍ തീരം ലോക ശ്രദ്ധ നേടിയതും.
ചിത്രീകരണം: സൂസന്‍ ബഹുല
കടല്‍ക്ഷോഭവും, കരിമണലും, തീരദേശ രാഷ്ട്രീയത്തിന് കരുക്കളുമായി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകള്‍, യു ഡി എഫിന്റെ കീഴിലാണ്. പ്രതി പക്ഷ നേതാവിന് സ്വാധീനമുള്ള, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തിനെ നിലനിര്‍ത്തുക എന്നതും, കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍, ഒരു സീറ്റുമാത്രം ലഭിക്കുകയും, പാര്‍ലമെന്റില്‍, എല്‍.ഡി.എഫിന് ആകെ ലഭിച്ച സീറ്റ് ആലപ്പുഴയിലും ആയതു കൊണ്ട്, ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ കൂടിയാവും ഇപ്പോള്‍ തോട്ടപ്പള്ളിയില്‍ നടക്കുന്ന ഈ ഖനന വിരുദ്ധ സമരം എന്നു കണക്കാക്കേണ്ടി വരും, ഈ സമര പശ്ചാത്തലം വിലയിരുത്തുമ്പോഴതു വ്യക്തമാകും.
തോട്ടപ്പള്ളിയിലിപ്പോള്‍ നടക്കുന്നത്
സ്പില്‍വേക്കു പടിഞ്ഞാറു വശത്തെ പൊഴി മുഖത്തിന്റെ വീതിയും ആഴവും കൂട്ടുന്നു. അങ്ങനെ ചെയ്തില്ലങ്കില്‍ അച്ചന്‍കോവിലാറില്‍ നിന്ന് വരുന്ന വെള്ളം കടലിലേക്കൊഴുകില്ലന്നും, 2018 ലെപ്പോലെ കുട്ടനാട്ടില്‍ വെള്ളം പൊങ്ങുമെന്നും പഠനങ്ങള്‍ പറയുന്നു. അതുപോലെ തന്നെ സ്പില്‍വേക്ക് കിഴക്കുള്ള ലീഡിങ്ങ് കനാലിന്റെ ആഴവും കൂട്ടുന്ന പണി നടക്കുകയാണ്.
പൊഴി മുഖത്തിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി, കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ പ്രകൃതിസംരക്ഷണ സമിതിയെ മുന്നില്‍ നിര്‍ത്തി സമരം നടത്തിയെങ്കിലും, സംസ്ഥാന സര്‍ക്കാറിന്റെ പിന്‍തുണയോടെ മരങ്ങള്‍ മുറിച്ചുമാറ്റി, ഖനനം തുടങ്ങി. ഖനനം നടത്തി ധാതുമണല്‍വേര്‍തിരിച്ചെടുക്കാനുള്ള അനുമതി കെ.എം.എംല്ലിനാണ് നല്‍കിയത്. വേര്‍തിരിക്കാനുള്ള യന്ത്രങ്ങള്‍ അവിടെ സ്ഥാപിക്കാനാരംഭിച്ചപ്പോഴവിടെ വീണ്ടും സമരമായി. അപ്പോള്‍ കെ.എം.എം.എല്‍ മണല് ചവറയിലേക്കു കയറ്റി കൊണ്ടു പോകാന്‍ തുടങ്ങി.അതു തടയാന്‍ ശ്രമമുണ്ടാകുകയും, പോലീസ് കാവലില്‍ കെ എം എം ലേക്കു മണല്‍ കൊണ്ടു പോയ്‌ക്കൊണ്ടിരിക്കുന്നു.
ചിത്രീകരണം: സൂസന്‍ ബഹുല
പൊഴിമുറിക്കുന്ന മണല്‍ മാത്രം കൊണ്ടുപോയി ധാതു വേര്‍തിരിച്ചെടുത്ത ശേഷം മണ്ണ് കടല്‍ക്ഷോഭമുള്ളിടത്ത് സ്ഥാപിക്കുമെന്നും, കടല്‍ തീരത്ത് മറ്റു ഖനന ഉദ്ദേശമില്ലന്നും വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസിനെ കൂടാതെ, സി.പി.ഐ, ആര്‍.എസ്.പി, ബി.ജെ.പി, ധീവര സഭ എന്നിവരും സമരരംഗത്തുണ്ട്. സി.പി.ഐ, ആര്‍.എസ്.പി എന്നിവരുടെ സംസ്ഥാന നേതൃത്വം സമരത്തിനു പിന്‍തുണ നല്‍കിയതായി അറിയിപ്പുകണ്ടില്ല. എന്താണങ്കിലും, വി.എം സുധീരനെ തോല്‍പിച്ച കക്ഷികള്‍ തന്നെയാണിപ്പോള്‍ അദ്ദേഹത്തെ സമരപ്പന്തലില്‍ കൊണ്ടിരുത്തിയത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍, തന്റെ പാര്‍ട്ടി ഭരണത്തില്‍ വരണമെന്ന് സുധീരന് ആഗ്രഹം കാണാതിരിക്കില്ലല്ലോ.
കോണ്‍ഗ്രസിസ്‌റെ പ്രധാന നേതാക്കളെല്ലാം ഇന്നലെ സമരത്തിലുണ്ടായിരുന്നു. പശ്ചാത്തലമൊരുക്കിയവര്‍, പശ്ചാത്തലത്തിലും. പ്രളയം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തേ പ്രഖ്യാപിച്ചിരുന്നല്ലോ? അപ്പോള്‍ പ്രളയം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാരു മേറ്റെടുക്കുന്നു. നടത്തിക്കിട്ടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കോവിഡ് 19 ഉണ്ടല്ലോ? അടിയന്തര കാലങ്ങളില്‍ ആദര്‍ശങ്ങള്‍ തല്‍ക്കാലം മറക്കാം
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ