| Saturday, 14th October 2023, 3:34 pm

'മിസ്റ്റര്‍ പ്രസിഡന്റ്... നിങ്ങള്‍ക്കീ കൂട്ടക്കുരുതി തടയാനാകും, വംശഹത്യക്ക് പച്ചക്കൊടി കാണിക്കരുത്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഫലസ്തീനെതിരായി ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങളില്‍ അമേരിക്കയുടെ നിരുപാധിക പിന്തുണയെ വിമര്‍ശിച്ച് അറബ്- അമേരിക്കന്‍ പൗരന്മാരുടെ കൂട്ടായ്മ. വംശഹത്യ, മനുഷ്യരാശിക്കെതിരായ അത്രിക്രമം എന്നിവക്ക് ഇസ്രഈലിന് അമേരിക്ക പച്ചക്കൊടി കാണിക്കുകയാണെന്നും അമേരിക്കയിലെ അറബ്, മുസ്‌ലിം, ഫലസ്തീന്‍ അവകാശ വക്താക്കള്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രസിഡന്റ് ജോ ബൈഡന് വിഷയത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നും സംഘടനാവക്താക്കള്‍ വിമര്‍ശിച്ചു. അമേരിക്കന്‍ പൗരന്മാരെന്ന നിലയിലും ഫലസ്തീനികള്‍ എന്ന നിലയിലും യു.എസ് തങ്ങളോട് അനീതി കാട്ടിയെന്നും ഇവര്‍ പറഞ്ഞു.

‘മനുഷ്യത്വം അംഗീകരിക്കുന്നതില്‍ യു.എസ് പരാജയപ്പെട്ടു. മിസ്റ്റര്‍ പ്രസിഡന്റേ, ഈ അക്രമം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. ഒരു കൂട്ട കുറ്റകൃത്യവും വംശഹത്യയും സംഭവിക്കുന്നത് തടയാനുള്ള കഴിവും ശക്തിയും നിങ്ങള്‍ക്കുണ്ട്,’ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവദ് പറഞ്ഞു.

അതേസമയം, ഇസ്രഈല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഇസ്രഈലിന് അനുകൂലമായ പ്രസ്താവനയുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഹമാസ് തീവ്രവാദികളാണെന്നും കലര്‍പ്പില്ലാത്ത പൈശാചികരാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഹമാസ് 27 അമേരിക്കക്കാരുള്‍പ്പെടെ ആയിരം നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അല്‍ഖ്വയ്ദയെ ഹമാസ് പരിശുദ്ധരാക്കുന്നു. ആക്രമണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുമ്പോഴാണ് എത്ര ഭയാനകമാണ് യുദ്ധമെന്ന് തിരിച്ചറിയുന്നത്.

ഇസ്രഈലുമായി സഹകരിച്ച് ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരെ മോചിപ്പിക്കുന്നതില്‍ തങ്ങള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്,’ ജോ ബൈഡന്‍ പറഞ്ഞു.

Content Highlight: Coalition of Arab-American Citizens Criticizes America’s Unconditional Support of Israel’s Violence Against Palestine

We use cookies to give you the best possible experience. Learn more