| Saturday, 5th June 2021, 7:35 pm

നെതന്യാഹുവിനെ പുറത്താക്കിയെത്തുന്ന ഇടതും വലതും ഇസ്‌ലാമിസ്റ്റുകളും ചേര്‍ന്ന പുതിയ സര്‍ക്കാര്‍

ഗോപിക

തീവ്രമതവാദികളും മതേതരവാദികളും വലതുപക്ഷവും ഇടതുപക്ഷവുമെല്ലാം ചേര്‍ന്ന, സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുകയും അതിശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് നെതന്യാഹുവിനെ പുറത്താക്കി ഇസ്രാഈലില്‍ അധികാരം പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നത്. എട്ട് പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് ഇസ്രാഈലില്‍ സര്‍ക്കാര്‍ രൂപീകരിക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് തെരഞ്ഞെടുപ്പുകള്‍ നടന്ന ഇസ്രാഈലില്‍, മാര്‍ച്ചില്‍ നടന്ന അവസാന പൊതുതെരഞ്ഞെടുപ്പോടെ വീണ്ടും അധികാരത്തിലെത്താന്‍ നെതന്യാഹുവിന് മുന്നിലുണ്ടായിരുന്ന വഴികള്‍ അടഞ്ഞുവെന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളും തുടര്‍ന്ന് നടന്ന രാഷ്ട്രീയ നീക്കങ്ങളുമെല്ലാം സൂചിപ്പിക്കുന്നത്.

പ്രതിപക്ഷ നേതാവും യെഷ് അതീദ് പാര്‍ട്ടി നേതാവുമായ യെര്‍ ലാപിഡാണ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. സഖ്യ സര്‍ക്കാര്‍ ആയതുകൊണ്ടു തന്നെ പ്രധാനമന്ത്രി പദവി പങ്കിടാനാണ് തീരുമാനം. തീവ്ര ജൂതമത വാദിയും വലതുപക്ഷ നേതാവുമായ നഫ്താലി ബെന്നറ്റും ബെന്നറ്റിന് ശേഷം രണ്ടാം ടേമില്‍ യെര്‍ ലാപിഡുമാണ് പ്രധാനമന്ത്രിയാവുക എന്നാണ് വിവരങ്ങള്‍.

ആരെല്ലാമാണ് നെതന്യാഹുവിനെ പുറത്താക്കി ഭരണം പിടിക്കാനിറങ്ങുന്ന എട്ട് പ്രതിപക്ഷ കക്ഷികള്‍, വ്യത്യസ്ത ചേരികളിലുള്ള ഇവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമെന്താണ് ഇവ ഒന്നിച്ചൊരു കക്ഷിയാകുമ്പോള്‍ ചര്‍ച്ചയാകുന്ന കാര്യങ്ങളെന്തൊക്കെ, ഡൂള്‍ എക്സ്പ്ലെയ്നര്‍ പരിശോധിക്കുന്നു

ഭരണം പിടിക്കാനിറങ്ങിയ എട്ട് പ്രതിപക്ഷ കക്ഷികള്‍ ആരെല്ലാം?

യെഷ് അതീദ് പാര്‍ട്ടി നേതാവ് യെര്‍ ലാപിഡ്, തീവ്ര വലതുപക്ഷ കക്ഷിയായ യമീനയുടെ നേതാവ് നഫ്താലി ബെന്നറ്റ്, അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ യുണൈറ്റഡ് അറബ് ലിസ്റ്റ് നേതാവ് മന്‍സൂര്‍ അബ്ബാസ്, ന്യൂ ഹോപ്പ് പാര്‍ട്ടി നേതാവ് ഗിഡിയോണ്‍ ഷോര്‍, ഇസ്രഈല്‍ ഔര്‍ ഹോം പാര്‍ട്ടി നേതാവ് എവിഗ്ദോര്‍ ലിബെര്‍മാന്‍, മെററ്റ്സ് പാര്‍ട്ടി നേതാവ് നിറ്റ്സാന്‍ ഹോറോവിറ്റ്സ്, ഇസ്രാഈല്‍ റെസിലിയന്‍സ് പാര്‍ട്ടി നേതാവ് ബെന്നി ഗാന്റസ്, ഇസ്രഈല്‍ ലേബര്‍ പാര്‍ട്ടി നേതാവ് മിറാവ് മിഷേലി എന്നിവരാണ് സഖ്യത്തെ നയിക്കുന്നത്.

1. യമീന

നെതന്യാഹു മന്ത്രിസഭയില്‍ മുമ്പ് ധനകാര്യം, വിദ്യാഭ്യാസം, പ്രതിരോധം എന്നിവ കൈകാര്യം ചെയ്തിരുന്ന തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റ് 2018 ഡിസംബറില്‍ ജ്യൂയിഷ് പാര്‍ട്ടിയില്‍ നിന്നും കൂറുമാറി രൂപീകരിച്ച പാര്‍ട്ടിയാണ് യമീന. ജൂതമതരാഷ്ട്രത്തിന്റെ ശക്തനായ വക്താവ് എന്നാണ് നഫ്താലി അറിയപ്പെടുന്നത്.

തീവ്ര വലതുപക്ഷ ആശയങ്ങളാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. ഇസ്രാഈലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഫലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാക്കുന്നതിനെ അതിശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് യമീന. വെസ്റ്റ് ബാങ്ക് അനക്സേഷന്‍ നടപ്പിലാക്കാന്‍ മുന്‍പന്തിയിലുള്ള പാര്‍ട്ടിയാണ് യമീന. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളാണ് ഇവര്‍ നേടിയത്.

2. യെഷ് അതീദ്

പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡ് നയിക്കുന്ന പാര്‍ട്ടിയാണ് യെഷ് അതീദ്. മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി 2012ലാണ് രൂപീകരിച്ചത്. സാമ്പത്തിക പുരോഗതിക്കും പൗരാവകാശത്തിനും ഊന്നല്‍ കൊടുക്കുന്ന യെഷ് അതീദ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് നേടിയത്.

3. ന്യൂ ഹോപ് പാര്‍ട്ടി

നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ക്യാബിനറ്റ് മന്ത്രിയായിരുന്ന ഗിഡിയോണ്‍ ഷോര്‍ രൂപീകരിച്ച പാര്‍ട്ടിയാണ് ന്യു ഹോപ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ് സീറ്റാണ് ന്യൂ ഹോപ് നേടിയത്. പ്രധാനമന്ത്രി പദത്തിന്റെ കാലാവധി എട്ട് വര്‍ഷമാക്കണമെന്നാവശ്യപ്പെടുന്ന ന്യൂ ഹോപ് മുതലാളിത്ത മിശ്ര സമ്പദ് വ്യവസ്ഥയുടെ വക്താക്കളാണ്.

4. ഇസ്രാഈല്‍ ഔര്‍ ഹോം

റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഇസ്രാഈലികളുടെ പാര്‍ട്ടിയാണിത്. മതേതര വലതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേടിയത് ഏഴ് സീറ്റുകളാണ്. റഷ്യന്‍ സയണിസ്റ്റ് നേതാവ് സേവ് ജാബോട്ടിന്‍സ്‌കിയുടെ ആശയമാണ് പാര്‍ട്ടിയുയര്‍ത്തിപ്പിടിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

5. മെററ്റ്സ്

സ്വതന്ത്ര ഫലസ്തീന്‍ വാദത്തെ പിന്തുണയ്ക്കുന്ന മതേതര പാര്‍ട്ടിയാണ് മെററ്റ്‌സ്. ഇടതുപക്ഷ ആശയങ്ങളും വംശീയ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണവും സാമൂഹിക സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം വെയ്ക്കുന്ന പാര്‍ട്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളാണ് നേടിയത്.

6. ഇസ്രാഈല്‍ ലേബര്‍ പാര്‍ട്ടി

സ്വതന്ത്ര ഫലസ്തീന്‍ വാദത്തെ പിന്തുണയ്ക്കുന്ന മറ്റൊരു പാര്‍ട്ടിയാണ് ഇസ്രാഈല്‍ ലേബര്‍ പാര്‍ട്ടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 7 സീറ്റ് നേടിയ ഇവര്‍ മിശ്രസമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നവരാണ്.

7. ഇസ്രാഈല്‍ റെസിലിയന്‍സ്

ഫലസ്തീനോട് കടുത്ത വിരോധം പുലര്‍ത്തുന്ന, ഇസ്രാഈല്‍ പ്രതിരോധ സേന മുന്‍ മേധാവി ബെന്നി ഗാന്‍സ് 2018ല്‍ രൂപീകരിച്ച പാര്‍ട്ടിയാണ് ഇസ്രാഈല്‍ റെസിലിയന്‍സ്. ജറുസലേം ഇസ്രാഈലിന്റെ തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെടുന്ന ബെന്നി ഗാന്‍സിന്റെ പാര്‍ട്ടി എട്ട് സീറ്റുകളാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേടിയത്.

8. യുണൈറ്റഡ് അറബ് ലിസ്റ്റ്

മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണ് യുണൈറ്റഡ് അറബ് ലിസ്റ്റ്. സ്വതന്ത്ര ഫലസ്തീനായി വാദിക്കുന്ന യുണൈറ്റഡ് അറബ് ലിസ്റ്റിന് പാര്‍ലമെന്റില്‍ നാലു സീറ്റുകളാണ് ലഭിച്ചത്. ഇസ്രാഈലിലെ അറബ് വംശജരുടെ ഉന്നമനമാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

ചരിത്രത്തിലാദ്യമായി അറബ് ഇസ്ലാമിക് പാര്‍ട്ടി ഇസ്രാഈലില്‍ ഭരണമുന്നണിയുടെ ഭാഗമാകുന്നു, എതിര്‍പ്പുമായി ഫലസ്തീന്‍

സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ നാലു സീറ്റിന്റെ കുറവുണ്ടായതോടെയാണ് യെര്‍ ലാപിഡ്, മന്‍സൂര്‍ അബ്ബാസിനെ സമീപിച്ചത്. ഇസ്രാഈലിലെ 20 ശതമാനം വരുന്ന അറബ് വംശജരുടെ ഉന്നമനം ഉറപ്പുവരുത്താന്‍ സഖ്യത്തില്‍ ചേരാന്‍ തയ്യാറാണെന്നായിരുന്നു മന്‍സൂറിന്റെ നിലപാട്.

അറബ് ജനസംഖ്യയെ പ്രതിനിധാനം ചെയ്താണ് യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടി സഖ്യത്തിന്റെ ഭാഗമാകുന്നത്. ഇസ്രാഈലിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യത്തെ സംഭവമാണ്. നേരത്തെ പറഞ്ഞതുപോലെ, സ്വതന്ത്ര ഫലസ്തീനായി വാദിക്കുന്ന പാര്‍ട്ടി ഇസ്രാഈല്‍ ഭരണത്തില്‍ പങ്കാളികളാകുന്നു എന്നതു കൂടിയാണ് അറബ് ലിസ്റ്റിന്റെ കക്ഷി ചേരലിനെ ചര്‍ച്ചയാക്കുന്നത്.

നെതന്യാഹുവിനെ സ്ഥാനഭ്രഷ്ടനാക്കാനാണ് താന്‍ സഖ്യസര്‍ക്കാരിനെ പിന്തുണയ്ക്കുന്നതെന്ന മന്‍സൂറിന്റെ തീരുമാനത്തിനെതിരെ അറബ് വംശജരും ഫലസ്തീന്‍ ജനതയും രംഗത്തെത്തിയിട്ടുണ്ട്. മന്‍സൂര്‍ ഒരു അവസരവാദിയാണെന്നും സ്വന്തം നേട്ടങ്ങള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

എന്നാല്‍ സഖ്യസര്‍ക്കാരില്‍ ചേരാനുള്ള മന്‍സൂറിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. മന്‍സൂര്‍ സഖ്യ സര്‍ക്കാരില്‍ മന്ത്രിപദവിയൊന്നും സ്വീകരിക്കില്ലെന്നും അറബ് വംശജര്‍ക്കായുള്ള ബജറ്റ് മേല്‍നോട്ടവും പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവുമാകും അദ്ദേഹം സ്വീകരിക്കുക എന്നും ഇസ്രാഈലിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഫീഫ് അബു മച്ച് പറയുന്നു. അതോടൊപ്പം നിയമവിരുദ്ധ നിര്‍മ്മാണങ്ങളുടെ പേരില്‍ അറബ് വംശജര്‍ക്ക് മേല്‍ പിഴ ചുമത്തുന്ന നിയമത്തിനെതിരെയും മന്‍സൂര്‍ കാര്യമായി പ്രവര്‍ത്തിക്കുമെന്നും അഫീഫ് പറയുന്നു.

നെതന്യാഹുവിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ പുതുതായി രൂപീകരിച്ച സഖ്യത്തിന് കഴിയുമെന്ന് തന്നെയാണ് ഇസ്രാഈലിലെ മാധ്യമങ്ങളുടെ വിലയിരുത്തല്‍. എന്നിരുന്നാലും ഇപ്പോഴും അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ടൈംസ് ഓഫ് ഇസ്രാഈല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നിലവിലെ സഖ്യത്തിലെ പ്രതിനിധികള്‍ കൂറുമാറുകയോ പാര്‍ലമെന്റില്‍ ഹാജരാകാതിരിക്കുകയോ ചെയ്യാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. സഖ്യസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ ഈ അനിശ്ചിതത്വങ്ങള്‍ തുടരും.

120 സീറ്റുകളുള്ള ഇസ്രാഈല്‍ പാര്‍ലമെന്റായ നെസറ്റില്‍ പുതിയ പ്രതിപക്ഷ സഖ്യത്തിനുള്ളത് 61 അംഗങ്ങളുടെ പിന്തുണയാണ്. ഭൂരിപക്ഷം തെളിയിക്കേണ്ട ദിവസം ഇതില്‍ ഒരാളെങ്കിലും കൂറുമാറുകയോ, ഹാജരാകാതിരിക്കുകയോ ചെയ്താല്‍ സഖ്യ സര്‍ക്കാരിന് അധികാരം നഷ്ടമാകും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Coalition government challenging Benjamin Netanyahu in Israel

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more